Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യശോഗോപുരം

C Unniraja

സി. ഉണ്ണിരാജ എന്ന പേരു കേൾക്കുമ്പോൾ ഇന്നത്തെ ചെറുപ്പക്കാരുടെ മനസ്സിലേക്ക് എന്താകും ഓടിയെത്തുക? രാജചിഹ്നങ്ങളാൽ അലങ്കരിക്കപ്പെട്ടു സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന ഒരു ദിവ്യരൂപം?!

എന്നാൽ ബന്ധുവായ ഉണ്ണിരാജയെക്കുറിച്ച് എം.ആർ.ഭട്ടതിരിപ്പാട് എന്ന എംആർബി ഇങ്ങനെയാണു വിവരിച്ചത്: ‘ചീന്താത്ത തലമുടി, ചുളിവോലുന്ന കുപ്പായം, ഉറക്കമൊഴിഞ്ഞു കനത്ത കണ്ണുകൾ, സന്തോഷമോ വ്യസനമോ കാണിക്കാത്ത മുഖഭാവം, കുറഞ്ഞൊരു ലജ്ജാശീലം, ഇങ്ങനെ വെളുത്തു നീണ്ടു മെലിഞ്ഞ ഒരു മനുഷ്യൻ!’

കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു സൈദ്ധാന്തിക വെളിച്ചം പകർന്നുകൊടുത്തവരിൽ അദ്വിതീയനായിരുന്നു മേൽവിവരിച്ച മനുഷ്യൻ. പൊന്നാനിക്കു സമീപം വന്നേരിനാട്ടിലെ ചിറ്റഞ്ഞൂർ കോവിലകത്തെ ഉണ്ണിയാണ് പിന്നീടു കമ്യൂണിസ്റ്റു പാർട്ടിയുടെ യശോഗോപുരങ്ങളിൽ ഒന്നായി മാറിയത്. തറവാടിന്റെ മാറാപ്പുകളെല്ലാം ഉപേക്ഷിച്ചു നിസ്വർക്കുവേണ്ടി ജീവിതം മാറ്റിവച്ച ആ യുഗപുരുഷൻ ഒപ്പമുണ്ടായിരുന്നുവെങ്കിൽ ഈ നൂറാം ജന്മദിനം, മുഴുവൻ രാഷ്ട്രീയക്കാരും ആരാധനാഭാവത്തോടെ ഇന്നു കൊണ്ടാടുമായിരുന്നു. 

ഉണ്ണിരാജയെന്നേ എല്ലാവർക്കും അറിയൂ. ശരിക്കുള്ള പേര് രവിശർമരാജ! ചാവക്കാടു മുല്ലമംഗലത്ത് കേരളൻ ഭട്ടതിരിപ്പാടിന്റെയും ചിറ്റഞ്ഞൂർ കോവിലകത്തെ അമ്മിണിത്തമ്പുരാട്ടിയുടെയും മകൻ. കേരളൻ ഭട്ടതിരിപ്പാടിനെ മറ്റൊരു തരത്തിൽ വിശേഷിപ്പിച്ചാൽ കേരളമറിയും. കുടുമയ്ക്കും പൂണൂലിനും തീകൊളുത്താൻ തുനിഞ്ഞ ഉൽപതിഷ്ണു വിഭാഗത്തെ നയിച്ച പ്രേംജിയുടെയും എംആർബിയുടെയും ജ്യേഷ്ഠൻ. ആ സമ്പർക്കത്തിൽ വളർന്ന ഉണ്ണിരാജ സ്വതന്ത്രവാദിയായതിൽ അദ്ഭുതപ്പെടാനൊന്നുമില്ലെന്നു കരുതുന്നവരാണേറെയും. 

എകെജിയിൽനിന്നു കിട്ടിയ ഒരടിയാണ് ഉണ്ണിരാജയെ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചതെന്നു പറയുന്നവരുണ്ട്. വേദി ഗുരുവായൂർ സത്യഗ്രഹം. സമരം നീണ്ടുപോയപ്പോൾ കെ.കേളപ്പന്റെ ആരോഗ്യനില തീർത്തും മോശമായി. സഹായിയായി തൊട്ടരികെയുണ്ടായിരുന്ന ‘കൊച്ചുണ്ണി’ ആ ക്ലേശം കണ്ടു കരയാൻ തുടങ്ങി. സത്യഗ്രഹിയെ അധീരനാക്കാൻ നോക്കുന്നോ എന്ന രോഷത്തോടെ കൊടുത്തു എകെജി ഒരു പ്രഹരം. 

സമരഭൂവിൽ ഒരു ഭീരുവിനെപ്പോലെ കരയരുതെന്ന എകെജിയുടെ ഉപദേശം എന്നും ഉണ്ണിരാജ മനസ്സിൽ കൊണ്ടുനടന്നു. 

തോളോടു തോളായും പിളർന്നശേഷം ശത്രുപക്ഷത്തും നിൽക്കുമ്പോഴുള്ള ഇഎംഎസ്– ഉണ്ണിരാജ ബന്ധം ഇന്നും ഇടതുപക്ഷ രാഷ്ട്രീയവിദ്യാർഥികൾക്കു പഠനവിഷയമാണ്. ഭാരതപ്പുഴയിൽ കുളിച്ച് ഈറൻമാറിനിൽക്കെ, അതേ ഇഎംഎസാണു പ്രസ്ഥാനത്തിലേക്ക് ആ ഉണ്ണിയെ കൈക്കുപിടിച്ചു കൊണ്ടുപോയതെന്നറിയുക. ‘രാജൻ (അങ്ങനെയാണ് അന്നു വിളിച്ചിരുന്നത്) പാർട്ടിയിൽ ചേരാൻ തയാറുണ്ടോ?’ ഇഎംഎസിന്റെ ഈ ചോദ്യത്തിന് ഉത്തരം ഉടൻ വന്നു: ‘ഉണ്ട്’. എങ്കിൽ പോന്നോളൂവെന്നായി ഇഎംഎസ്. പകുതിയുണങ്ങിയ മുണ്ടും ഷർട്ടുമായി പാർട്ടിയിലേക്കിറങ്ങിയ ഉണ്ണിരാജ പിന്നീടെന്നും തന്റെ ഇളമുറക്കാർക്ക് ഈറൻ തുടച്ചുകൊടുക്കുന്ന പിതൃതുല്യനും ജ്യേഷ്ഠസഹോദരനുമായി. 

‘‘കയ്യിൽ സിഗരറ്റൊഴിഞ്ഞു കണ്ടിട്ടില്ല. അടുത്തുകൂടി നിൽക്കുമ്പോൾ, എന്നോടു പറയും, ഒന്നെടുത്തു വലിച്ചോളൂ.’’ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓർമിച്ചു. കെ.ദാമോദരൻ, എൻ.ഇ. ബലറാം, ഉണ്ണിരാജാ ത്രിമൂർത്തികളെക്കുറിച്ചോർക്കുമ്പോൾ ഒരാത്മഹർഷം, അഭിമാനം ഒക്കെ മനസ്സിലിരമ്പിവരുന്നുവെന്നു കാനം. ‘‘ജ്ഞാനത്തിന്റെയും സമർപ്പണത്തിന്റെയും കമ്യൂണിസ്റ്റ് മൂല്യബോധങ്ങളുടെയും ആൾരൂപങ്ങളായിരുന്നു അവർ. പരസ്പരം ബഹുമാനിക്കുകയും മറ്റൊരാളിൽനിന്നു പഠിക്കുകയും ചെയ്തവർ’. 

അപ്പോൾ ഇ‌എംഎസോ? പിളർപ്പിനും ഉലയ്ക്കാൻ കഴിയാഞ്ഞതായിരുന്നുവത്രെ ആ ഗുരുശിഷ്യബന്ധം. ‘‘മുമ്പ് വിലയേറിയ സഹപ്രവർത്തകനായിരുന്നതുപോലെ ഇപ്പോൾ ശക്തനായ എതിരാളിയുമായി ഉണ്ണിരാജയെ ഞാൻ കണ്ടു’’ – പിളർപ്പിനുശേഷം ഇഎംഎസ് വാത്സല്യത്തോടെ കുറിച്ചു. പൊതുചടങ്ങുകൾക്കും മറ്റും ഇഎംഎസ് കയറിവരുമ്പോൾ അദ്ദേഹത്തിനു കാണാനാകാത്ത അകലത്താണെങ്കിലും സ്നേഹാദരപൂർവം എഴുന്നേറ്റുനിൽക്കുന്ന ഉണ്ണിരാജയെ പി.ഗോവിന്ദപ്പിള്ള അനുസ്മരിച്ചിട്ടുണ്ട്. ‘ഇഎംഎസ് വരുമ്പോൾ എനിക്ക് എഴുന്നേറ്റു നിൽക്കാതിരിക്കാനാവില്ല’ എന്നു മറുപടി നൽകുന്ന അതേ ഉണ്ണിരാജ അവിടെനിന്നു പോയി ആദ്യമെഴുതുന്ന ലേഖനം ഇഎംഎസിനെ നിശിതമായി വിമർശിച്ചുകൊണ്ടായിരിക്കും! 

കമ്യൂണിസ്റ്റ് പാർട്ടി നിയമവിധേയമായശേഷം 1943 ൽ കോഴിക്കോടു നടന്ന ആദ്യ സംസ്ഥാന സമ്മേളനം പി.കൃഷ്ണപിള്ളയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോൾ ഏഴംഗ സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം മറ്റാരുമായിരുന്നില്ല, 26 വയസ്സുള്ള ഉണ്ണിരാജ. വൈകാതെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. പിളർപ്പു പക്ഷേ, വലിയ വ്യസനമായി. ‘ഏറ്റവും തിരിച്ചടിയുണ്ടാക്കിയതു കേരളത്തിലാണ്. കേരളത്തിലെ ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെ (50 ശതമാനത്തിലധികം വോട്ട്) നേടുന്നതിനുള്ള സാധ്യതയാണു പിളർപ്പ് തകർത്തത്’ – പ്രവചനസ്വഭാവത്തോടെ അദ്ദേഹം കുറിച്ചു. 

41–ാം വയസ്സിൽ സിപിഐയുടെ ദേശീയ കൗൺസിൽ അംഗമായ ഉണ്ണിരാജ പിളർപ്പിന്റെ അടിസ്ഥാനകാരണങ്ങൾ മനസ്സിലാക്കിയും സഖാക്കളെ അതു ബോധ്യപ്പെടുത്തിയും പാർട്ടിയുടെ കെട്ടുറപ്പു നിലനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചു. ആശയസമരങ്ങളിൽ  സൗമ്യത അദ്ദേഹം ആഭരണമാക്കിയിരുന്നില്ല. എംആർബിയുടെതന്നെ വാക്കുകളാണു സാക്ഷ്യം: ‘കാഴ്ചയിൽ സൗമ്യനും ലജ്ജാശീലനും സംസാരവിമുഖനുമാണു രാജൻ. വല്ല പ്രധാന പ്രശ്നങ്ങളും ചർച്ചയ്ക്കുവരട്ടെ, അപ്പോൾ കേൾക്കാം, ആ കൃശശരീരത്തിൽനിന്നു ചില സടകുടച്ചിലിന്റെ ശബ്ദങ്ങൾ’. 

എം. കെ. സാനു ഇങ്ങനെ സ്മരിച്ചു: ‘‘വാദം വാദത്തിനുവേണ്ടി എന്ന മനോഭാവം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. സത്യാന്വേഷണങ്ങളുടെ ഭാഗമായി മാത്രമേ വാദങ്ങളെ അദ്ദേഹം അവലംബിച്ചിട്ടുള്ളൂ’’. രാഷ്ട്രീയമെന്നു പറഞ്ഞാൽ തന്നെ ഇന്നു തിരഞ്ഞെടുപ്പു മോഹമാണെങ്കിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരങ്ങളെല്ലാം ഉണ്ണിരാജ തള്ളി. ‘‘അതുമാത്രം എന്നോടു പറയരുത്’’ എന്നായിരുന്നു ആവർത്തിച്ചുള്ള മറുപടി. 

ഉണ്ണിരാജയുടെ സ്റ്റഡി ക്ലാസിലെ പഴയ വിദ്യാർഥികൂടിയായ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ സ്നേഹാദരങ്ങളോടെ ഇങ്ങനെ സ്മരിച്ചു:

‘‘സമകാലീന സംഭവങ്ങളോടു ബന്ധപ്പെടുത്തി മാർക്സിസം–ലെനിനിസം വിശദീകരിക്കാനും വിശകലനം ചെയ്തു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും അസാമാന്യമായ പ്രാവീണ്യമുണ്ടായിരുന്നു ഉണ്ണിരാജയ്ക്ക്.’’ 

ജനയുഗത്തിന്റെ പത്രാധിപരെന്നനിലയിൽ പത്രത്തെ പാർട്ടിയുടെ രാഷ്ട്രീയവുമായി വിളക്കിച്ചേർക്കുന്നതിലും നേതൃപരമായ പങ്കാണ് ഉണ്ണിരാജ വഹിച്ചത്. മറ്റുള്ളവരെക്കൊണ്ടു ജോലിചെയ്യിക്കുമ്പോൾത്തന്നെ പത്രാധിപസമിതിയിലുള്ള മറ്റാരെയുംകാൾ കൂടുതൽ സ്വയം ജോലി ചെയ്തു. തറയിലോ കസേരയിലോ ചമ്രം പടഞ്ഞിരുന്നു വലതുകാലിലെ മുട്ടിന്മേൽ ഒരു നോട്ട് ബുക്ക് വച്ച് അതിൽ ചെറിയ അക്ഷരത്തിൽ അതിവേഗം സ്ഫുടമായുള്ള ആ എഴുത്ത് ഓർമിക്കുന്നു, സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലെ സി.ഉണ്ണിരാജ സ്മാരക ലൈബ്രറിക്കു തൊട്ടരികെയിരുന്നു മകൻ യു.വിക്രമൻ. അച്ഛൻ പത്രാധിപരായിരുന്ന ‘നവയുഗ’ത്തിന്റെ പത്രാധിപസമിതി അംഗമാണ് ഇന്നു മകൻ. അനുജൻ ബാബുരാജ് ചലച്ചിത്ര പ്രവർത്തകൻ, സഹോദരി ശാരദ അമേരിക്കയിലും.  

1954 ലായിരുന്നു ആ വിവാഹം. ഉറ്റ സഖാവും കേരളനിയമസഭയിലെ ആദ്യസ്പീക്കറുമായിരുന്ന ആർ. ശങ്കരനാരായണൻ തമ്പിയുടെ സഹോദരി രാധമ്മയെ വിവാഹം ചെയ്യുമ്പോൾ ഉണ്ണിരാജയ്ക്കു പ്രായം 37. അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കിയും സ്നേഹിച്ചും ത്യജിച്ചും മാതൃകാപരമായിരുന്നു ആ കുടുംബജീവിതമെന്ന് അടുപ്പമുള്ളവർ പറയും. 1976 ഒക്ടോബറിൽ അസുഖത്തെത്തുടർന്നുള്ള രാധമ്മയുടെ വിടവാങ്ങൽ 1995 ജനുവരിയിൽ മരിക്കുംവരെ അദ്ദേഹത്തിനു തീരാവേദനയായി.