എന്റെ കുഞ്ഞിനോട് എന്തു പറയും ? എച്ച്ഐവി ബാധിച്ച പെൺകുട്ടിയുടെ അച്ഛൻ ചോദിക്കുന്നു

‘‘കാൻസർ ചികിൽസയ്ക്കുപോയ എന്റെ കുഞ്ഞിന് അതിനെക്കാൾ മാരകരോഗമാണു തിരിച്ചുകിട്ടിയത്. അക്കാര്യം ഞങ്ങളെ അറിയിക്കാനുള്ള സൗമനസ്യം പോലും ആ ഡോക്ടർ കാട്ടിയില്ല. ഒട്ടേറെപ്പേർക്ക് ഇവിടെ വിദഗ്ധ ചികിൽസ ലഭിക്കുന്നുണ്ടെന്നറിയാം. പക്ഷേ, ചില ഡോക്ടർമാർ രോഗവിവരങ്ങൾ വിശദീകരിക്കാറില്ല. രേഖകൾ നൽകാറുമില്ല. നാലാം കീമോ തെറപ്പി കഴിഞ്ഞശേഷം രക്തപരിശോധനയുടെ ഫയൽ അബദ്ധവശാൽ ഭാര്യയുടെ കയ്യിൽ കിട്ടി. ഓടിച്ചുനോക്കിയപ്പോൾ എച്ച്ഐവി എന്ന ഭാഗത്ത് ഒന്നും എഴുതിയിട്ടില്ലെന്നു കണ്ടു.

അടുത്തദിവസം ഡ്രിപ് കൊടുക്കുന്ന കാനുലയിൽനിന്നു രണ്ടു തുള്ളി രക്തം കിടക്കയിൽ വീണു. ആ സമയം നഴ്സ് വന്നു ബെഡ്ഷീറ്റ് കഴുകിത്തരണമെന്നും നിങ്ങൾ പ്രത്യേക ബക്കറ്റ് ഉപയോഗിക്കണമെന്നും നിർദേശിച്ചു. എന്തോ അപകടമുണ്ടല്ലോ എന്നു കരുതി ഡോക്ടറെ സമീപിച്ചെങ്കിലും ചില പരിശോധനകൾ നടത്താനുണ്ടെന്നു മാത്രമായിരുന്നു മറുപടി. അതും വ്യക്തതയില്ലാതെ. തുടർന്നാണു മന്ത്രിക്കു പരാതി നൽകിയത്. അതുകഴിഞ്ഞു കാര്യങ്ങൾ സംസാരിക്കാൻ വിളിച്ച ഡോക്ടറുടെ ആദ്യചോദ്യം എന്റെ വിദ്യാഭ്യാസ യോഗ്യതയാണ്. തികച്ചും ലാഘവത്തോടെയാണു മറ്റൊരാളുടെ ജീവനെക്കുറിച്ചു സംസാരിച്ചത്.

അങ്ങനെ പറ്റിപ്പോയി, പരിശോധിക്കാൻ‌ വേണ്ട സൗകര്യമില്ല, ഞങ്ങളുടെ കുറ്റമല്ല എന്നൊക്കെയാണു വിശദീകരണം. ഒരാൾക്കും ഈ ഗതി വരരുതെന്നാണ് എന്റെ ആഗ്രഹം. കീമോ കഴിയുന്നതു കാത്തിരിക്കുകയാണ് എന്റെ കുഞ്ഞ്. അവളോടു ഞാനെന്തു പറയും?’’ എന്തു വിശ്വസിച്ച് ആശുപത്രിയിൽ പോകും, രക്തം സ്വീകരിക്കും എന്നത് ഈ പിതാവിന്റെ മാത്രമല്ല, നമ്മുടെയെല്ലാം ചോദ്യമാണ്. അതു വിരൽചൂണ്ടുന്നതു രക്തദാനത്തിനു മുൻപുള്ള പരിശോധനകളുടെ അപര്യാപ്തതകളിലേക്കാണ്.