Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥാനമൊഴിയാൻ സന്നദ്ധരായി ആർസിസി ഡയറക്ടറും അഡീഷനൽ ഡയറക്ടറും

RCC

തിരുവനന്തപുരം∙ ആർസിസി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യനും അഡീഷനൽ ഡയറക്ടർ (അക്കാദമിക്) ഡോ. ജയശ്രീയും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചു. മന്ത്രി കെ.കെ.ശൈലജയ്ക്കും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും പോൾ സെബാസ്റ്റ്യൻ കത്ത് നൽകി. സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്നു കാണിച്ചു ജയശ്രീ കത്ത് നൽകിയതു പോൾ സെബാസ്റ്റ്യനും. ഡയറക്ടറോടു തുടരാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നിലപാട് മാറ്റിയില്ലെങ്കിൽ പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള നടപടി ഉടൻ ആരംഭിക്കും. 

രക്താർബുദ ചികിൽസയ്ക്കിടെ രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിയായ പെൺകുട്ടിക്ക് എച്ച്ഐവി ബാധിച്ചതിനെത്തുടർന്ന് ആർസിസിയിലെ പ്രശ്നങ്ങൾ ചർച്ചയായിരുന്നു. തുടർന്നു സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരുടെ ഭിന്നതയും പുറത്തുവന്നു. 

ഈ സാഹചര്യത്തിലാണു സ്ഥാനമൊഴിയാൻ തയാറാണെന്നു പോൾ സെബാസ്റ്റ്യൻ സർക്കാരിനെ അറിയിച്ചത്. സർവീസ് അനുസരിച്ചു 2022 വരെ അദ്ദേഹത്തിനു തുടരാം. എന്നാൽ, സമ്മർദങ്ങളെ അതിജീവിക്കാനാണു സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചതെന്നും സൂചനയുണ്ട്.

വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിയുന്നതെന്നു ജയശ്രീയുടെ കത്തിൽ പറയുന്നു. ഇതിനിടെ, മെഡിക്കൽ സൂപ്രണ്ട് ഡോ. ബീല സാറ മാത്യുവും തുടരാൻ തയാറല്ലെന്നു വ്യക്തമാക്കിയതായി അറിയുന്നു. 

സൂപ്രണ്ടായി ഒരു വർഷത്തേക്കാണു നിയമനമെങ്കിലും സ്ഥാനക്കയറ്റമോ വിരമിക്കലോ വരെ ഈ തസ്തികയിൽ തുടരാം. ഇപ്പോഴത്തെ ഭരണവിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. രാമദാസ് ഏഴുവർഷം മെഡിക്കൽ സൂപ്രണ്ടായിരുന്നു.