സുരക്ഷിതരായ രക്തദാതാക്കളെ കണ്ടെത്താനും രക്തദാനത്തിലൂടെയുള്ള അണുബാധ തടയാനും അമേരിക്കയിലുള്ളതു പഴുതടച്ച സംവിധാനങ്ങൾ. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) കീഴിലുള്ള സിജിഎംപിക്കാണു (കറന്റ് ഗുഡ് മാനുഫാക്ചറിങ് പ്രാക്ടീസസ്) മേൽനോട്ടച്ചുമതല. രക്തദാനത്തിനുള്ള ചട്ടങ്ങൾ തീരുമാനിക്കുക മാത്രമല്ല, എല്ലായിടത്തും ഈ രീതികൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
യുഎസിൽ രക്തദാനത്തിലൂടെ എച്ച്ഐവി പകരാനുള്ള സാധ്യത 15 ലക്ഷത്തിൽ ഒരാൾക്ക് മുതൽ 20 ലക്ഷത്തിൽ ഒരാൾക്കു വരെ എന്ന ഏറ്റവും കുറഞ്ഞ തോതിലാണ്.
പരിശോധന ഇവയ്ക്കെല്ലാം
∙ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ബി, സിക വൈറസ്, സിഫിലിസ് (ഒരു ലൈംഗിക രോഗം), വെസ്റ്റ് നൈൽ വൈറസ് (കൊതുകു പരത്തുന്ന വെസ്റ്റ് നൈൽ പനിക്കു കാരണമായ വൈറസ്), ഹ്യൂമൻ ടി ലിംഫോട്രോപിക് വൈറസ് (ചിലതരം അർബുദങ്ങൾക്കും നാഡീവ്യൂഹത്തിന്റെ തകരാറിനും കാരണമാകുന്ന വൈറസ്), ട്രിപനസോമ ക്രൂസി (പരാദബാധ) എന്നിവ ഇല്ലെന്നുറപ്പുവരുത്തിയ രക്തമാണു സ്വീകരിക്കുക.
∙ ഇതിനു പുറമെ, മലേറിയ, ഭ്രാന്തിപ്പശു രോഗം എന്നിവ പകരാൻ സാധ്യതയുള്ള ഇടങ്ങളിൽ ദാതാക്കൾ ഈയിടെ പോയിട്ടുണ്ടെങ്കിൽ നിശ്ചിത കാലയളവിലേക്കു രക്തം ദാനം ചെയ്യരുതെന്നു നിർദേശിക്കുകയും ചെയ്യും.
∙ രക്തത്തിലെ അണുബാധ കണ്ടെത്താൻ ഏറ്റവും നൂതനപരിശോധനാരീതികൾ കർശനമായി പാലിക്കുന്നു. രക്തത്തിൽ എച്ച്ഐവി അണുക്കൾ പ്രവേശിച്ചാൽ ഒൻപതുദിവസത്തിനകം ഇതു കണ്ടെത്താൻ സഹായിക്കുന്ന ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (NAT) ആണ് 1999 മുതൽ പിന്തുടരുന്നത്. വൈറസ് സജീവമാകാനെടുക്കുന്ന വിൻഡോ പിരീഡ് ആണ് ഒൻപതു ദിവസം. അതിനു മുൻപാണെങ്കിൽ അവയുടെ സാന്നിധ്യം കണ്ടുപിടിക്കാനുള്ള പരിശോധനകൾ നിലവിൽ ഇല്ല.
സുരക്ഷിത ദാതാക്കൾ
∙ രക്തദാനത്തിനു സന്നദ്ധരായി വരുന്നവരെയാണ് (വൊളന്റിയർ) ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെക്കാൾ ഇവിടെ സുരക്ഷിത ദാതാക്കളായി കണക്കാക്കുന്നത്. വിവിധ രോഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ, അണുബാധയുണ്ടാകാനുള്ള സാഹചര്യത്തിൽ ഇടപഴകിയിട്ടുണ്ടോ എന്ന അന്വേഷണം തുടങ്ങിയവയ്ക്കു ചിലപ്പോൾ കൃത്യമായ മറുപടി നൽകാൻ ബന്ധുക്കൾക്കും മറ്റും മടിയുണ്ടാകാം എന്നതിനാലാണിത്.
∙ വിവിധ പരിശോധനകൾക്കു പുറമെ, അണുബാധയുള്ള രക്തം നൽകിയാലുള്ള പ്രശ്നങ്ങളെക്കുറിച്ചു ദാതാക്കളെ ബോധവൽക്കരിക്കുകയും ചെയ്യുന്നു.
∙ ഇങ്ങനെ മികച്ച ദാതാക്കളാണെന്നു തെളിഞ്ഞവരുടെ പട്ടിക എല്ലാ രക്തബാങ്കുകളിലും ഉണ്ടാകും. പരിശോധനകൾ പൂർത്തിയാക്കിയതിനുശേഷം രക്തം ദാനം ചെയ്തവർ വീണ്ടും രക്തം നൽകുന്നതു (റിപ്പീറ്റ് ഡോണേഴ്സ്) കൂടുതൽ സുരക്ഷിതമായി കണക്കാക്കുന്നു.
∙ എഫ്ഡിഎ, അമേരിക്കൻ അസോസിയേഷൻ ഓഫ് ബ്ലഡ് ബാങ്ക്സ് (എഎബിബി) എന്നിവയാണു പഴുതടച്ച രക്തദാനം ഉറപ്പാക്കുന്നത്.
∙ എല്ലാ രക്തബാങ്കുകൾക്കും ലൈസൻസ്/റജിസ്ട്രേഷൻ/അക്രഡിറ്റേഷൻ നിർബന്ധമാണ്.
നിരോധിതരുടെ പട്ടിക
∙ ദാതാക്കൾക്കുള്ള പരിശോധനയിൽ പരാജയപ്പെടുന്നവരുടെ പട്ടിക എല്ലാ ബ്ലഡ് ബാങ്കുകളിലും ഉണ്ട്.
∙ ചില യുഎസ് സ്റ്റേറ്റുകളിൽ ഇവയുടെ കേന്ദ്രീകൃത പട്ടികയും സൂക്ഷിക്കുന്നു. യോഗ്യമല്ലാത്ത രക്തം ഒരുകാരണവശാലും മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള മുൻകരുതലുകളാണിവ.
(യുഎസിലെ ററ്റ്ഗേഴ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് ആൻഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, പാതോളജി ആൻഡ് ലബോറട്ടറി മെഡിസിൻ ഡയറക്ടറും ന്യൂ ജഴ്സി യൂണിവേഴ്സിറ്റിയിൽ അസോഷ്യേറ്റ് പ്രഫസറുമാണ് ലേഖിക)