അല്ല, മരണമല്ല സമാധി

അടിസ്ഥാനപരമായി ഗുരുവായിരുന്ന ശ്രീനാരായണഗുരു സ്വതപസ്സിലൂടെ കണ്ടെത്തിയ സത്യമെന്താണ്? പ്രപഞ്ചത്തിനും ജീവിതത്തിനും മനുഷ്യനും അവന്റെ തീരുമാനങ്ങൾക്കും പ്രശ്നങ്ങൾക്കുമെല്ലാം അടിസ്ഥാനമായിരിക്കുന്ന ഒരൊറ്റ സത്യമുണ്ട്. മേൽപറഞ്ഞ സകലതുമായി രൂപംമാറുന്ന ആ സത്യത്തെ അടിസ്ഥാനമാക്കിയാണു മനുഷ്യൻ ജീവിക്കേണ്ടത്. ആ സത്യത്തെ കണ്ടെത്താൻ തന്നെത്തന്നെ അറിഞ്ഞാൽ മതി. ‘ഞാൻ ആര്’ എന്ന് അറിയുന്നതു തന്നെയാണ് ആത്മജ്ഞാനം.

ഞാൻ ആര് എന്നറിയുമ്പോൾ മനസ്സിലാകും, പേരോ ജാതിയോ മതമോ നാടോ അച്ഛനമ്മമാരോ ബന്ധുബലമോ ഒന്നുമല്ല യഥാർഥ ഞാൻ. അതിനെയെല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബോധം മാത്രമാണ്. ഈ ബോധം നമ്മുടെ അറിവിന്റെ വ്യാപ്തിക്കുള്ളിൽ പെട്ടതിലേക്കെല്ലാം വ്യാപിച്ചിരിക്കുന്നു. പ്രപഞ്ചത്തിലെ ഒരു ചെറുകണികയാണല്ലോ ഞാൻ. അപ്പോൾ എന്നിൽ സത്യമായിരിക്കുന്നതും പ്രപഞ്ചത്തിൽ സത്യമായിരിക്കുന്നതും ഒന്നുതന്നെ.
സകലതിലും വ്യാപിച്ചിരിക്കുന്നത് എന്ന അർഥത്തിൽ ആ സത്യത്തെ ആത്മാവ് എന്ന് പണ്ടുമുതലേ ഋഷിമാർ വിളിച്ചു പോരുന്നു. നാരായണഗുരുവും അങ്ങനെതന്നെ വിളിച്ചു. ഞാൻ എന്നോ പ്രപഞ്ചമെന്നോ ഉള്ള ഭേദകൽപനയ്ക്കു സ്ഥാനമില്ലാത്ത സത്യമാണ് ആത്മാവ്.

ഗുരുവിന്റെ സാമൂഹിക പ്രതിബദ്ധതയല്ല, സഹജീവികളെ ആത്മസഹോദരരായിക്കാണുന്ന കാരുണ്യമാണ് സാമൂഹികരംഗത്തു പ്രതിഫലിച്ചത്. ഒരാളിന്റെ അന്തരംഗവ്യാപാരത്തിന്റെ സ്വഭാവം മറ്റൊരാളിന് അറിയാനാവില്ല എന്നതു സ്വാഭാവികം. ആ സ്ഥിതിക്ക്, ഒരു മഹാഗുരുവിന്റെ മനസ്സിന്റെ ഉള്ളറകൾ കണ്ടെത്തി പരിശോധിക്കാൻ ചരിത്രകാരൻമാർക്ക് എങ്ങനെ സാധിക്കും! അവർ പുറത്തുകാണുന്ന ചരിത്രസംഭവങ്ങൾ വച്ച് ഗുരുക്കൻമാരെ വിലയിരുത്തും. അങ്ങനെ അവരുടെ ദൃഷ്ടിയിൽ ഗുരുക്കൻമാർ സാമൂഹിക പരിഷ്കർത്താക്കളും നവോഥാന നായകൻമാരുമാകും. അപ്പോഴൊന്നും ഗുരുവിലെ ഗുരുത്വത്തിനു കോട്ടം സംഭവിക്കുന്നില്ല.

ഗുരുവിന്റെ മഹാസമാധിദിനം ആഘോഷിക്കാനുള്ളതാണോ, ദുഃഖാചരണത്തിനുള്ളതാണോ? അതിനുള്ള ഉത്തരം സമാധിയെ എങ്ങനെ മനസ്സിലാക്കുന്നു എന്നതനുസരിച്ചിരിക്കും. ‘സമ്യക്കായ ആധി’ ആണ് സമാധി. സമ്യക്ക് എന്നാൽ വേണ്ടരീതിയിലുള്ളത്. ആധി എന്നാൽ ഇരിപ്പിടം. സ്വന്തം ഇരിപ്പിടം എവിടെയാണെന്നു കണ്ടെത്തി അതിൽ വേണ്ടവണ്ണം ഉറച്ചിരിക്കുന്ന അവസ്ഥയാണു സമാധി. ഗുരുവിന്റെ തന്നെ ഒരു ഉപമ വച്ചു പറഞ്ഞാൽ ഒരു തിര സ്വന്തം ഇരിപ്പിടം സമുദ്രത്തിൽ കണ്ടെത്തി, താൻ സമുദ്രം തന്നെയാണെന്നറിഞ്ഞു വർത്തിക്കുന്നതു തിരയുടെ സമാധിയാണ്.

നാരായണഗുരു എന്ന തിര പരമമായ പൊരുളാകുന്ന, ബ്രഹ്മമാകുന്ന കടലിൽ സ്വന്തം ഉണ്മ കണ്ടെത്തി, അതുതന്നെയായി വർത്തിക്കുന്ന അവസ്ഥയാണത്. അത് മരണമല്ല.

(വർക്കല നാരായണഗുരുകുല പ്രസ്ഥാനം അധ്യക്ഷനാണ് ലേഖകൻ)