കാലത്തിന്റെ അനിവാര്യതയായിരുന്നു ഗുരുവിന്റെ ജനനം. 164–ാം ഗുരുദേവ ജയന്തി ആഘോഷിക്കുമ്പോൾ നാം ചിന്തിക്കേണ്ടതു മനുഷ്യന്റെ അന്നത്തെയും ഇന്നത്തെയും മാനസികാവസ്ഥയെക്കുറിച്ചാണ്. മനുഷ്യന്റെ ബാഹ്യമായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. ഇന്നു ബാഹ്യമായ സ്വാതന്ത്ര്യം നാം അനുഭവിക്കുമ്പോൾ ആന്തരിക സ്വാതന്ത്ര്യം ഇല്ലാതെപോകുന്നു. ഗുരു ജനിച്ച കാലവും അപ്രകാരമായിരുന്നു. മതത്തിന്റെയും ജാതിയുടെയും വർണത്തിന്റെയും പേരിൽ പ്രത്യക്ഷത്തിൽ അകറ്റി നിർത്തിയിരുന്ന ഒരു വലിയ ജനവിഭാഗം. വികലമായ ആ കാലഘട്ടത്തിന്റെ നവനിർമാണത്തിനു വേണ്ടുന്ന ചേരുവകളെല്ലാം അസാധാരണമായ തപസ്സിലൂടെയും പാണ്ഡിത്യത്തിലൂടെയും ഗുരു കരസ്ഥമാക്കി. മമതാരഹിതനായതുകൊണ്ടു മനുഷ്യനന്മയും പ്രകൃതിയുടെ സംരക്ഷണവും ലക്ഷ്യമാക്കിക്കൊണ്ടു ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയും ജീവിച്ചു കാണിക്കുകയും ചെയ്തു.
ഗുരു നീട്ടിയ വെളിച്ചം
വിഭാഗീയതകളില്ലാത്ത ഒരു ലോകത്തിന്റെ പുനഃസൃഷ്ടിയായിരുന്നു ഗുരുദേവന്റെ സ്വപ്നം. ഗുരുദേവൻ ജീവിച്ചിരുന്ന കാലം കർമനിരതനായ ഒരാളെ പ്രേരിപ്പിക്കുന്നത് അത്തരമൊരു സ്വപ്നത്തിനായിരുന്നു. ഗുരുദേവൻ പക്ഷേ സ്വപ്നം കാണുക മാത്രമല്ല, അതു പ്രാവർത്തികമാക്കുകയും ചെയ്തു. ജാതി – മത – വർഗീയതകൾ കേരളത്തെ പല കളങ്ങളിലേക്കു തിരിച്ചിട്ടിരുന്ന കാലത്ത് അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം എങ്ങനെ നേടിയെടുക്കണമെന്നു പോരാടി കാണിച്ചു തന്നയാളാണു ഗുരുദേവൻ. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണെന്ന മറുപടി കേരള ജനതയ്ക്ക് ഇരുട്ടിലേക്കു നീട്ടിയ വെളിച്ചമായിരുന്നു. അവനിലും ഇവനിലും ഉള്ളത് ഒരേ ഈശ്വരചൈതന്യമെന്നായിരുന്നു ഗുരുവിന്റെ പക്ഷം.
അധികാരവും വിദ്യാഭ്യാസവുമുള്ളവൻ അതില്ലാത്തവനെ അടിച്ചമർത്താൻ ശ്രമിക്കുന്നതു നമ്മൾ ഇന്നും കാണുന്നുണ്ട്. ‘വിദ്യകൊണ്ടു സ്വതന്ത്രരാവൂ’ എന്ന് ഗുരു ഉദ്ബോധിപ്പിച്ചതിന്റെ മൂല്യം യഥാർഥത്തിൽ കൂടുന്നതേയുള്ളൂ. വിദ്യാഭ്യാസം യഥാവിധി അല്ലാത്തതിന്റെ പരിണതഫലമാണു നമ്മൾ നേരിടേണ്ടിവരുന്ന ദുരന്തങ്ങളൊക്കെ.
എക്കാലത്തെയും മാതൃക
ഭൗതികവാദത്തിനു മേൽക്കൈ കൊടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണു നമ്മുടേത്. എങ്ങനെ നല്ല മനുഷ്യരായി ജീവിക്കണമെന്ന് അതു പഠിപ്പിക്കുന്നില്ല.പക്ഷേ, കാലത്തിനു മുൻപേ നടന്ന ഗുരു ഒരു നൂറ്റാണ്ടു മുൻപു ചിന്തിച്ചിരുന്നു അത്. ജനനം തൊട്ട് മരണംവരെ ഒരാൾ ജീവിക്കേണ്ടത് എങ്ങനെയെന്നു ഗുരുദേവന്റെ പുസ്തകത്തിലുണ്ട്. ആധ്യാത്മികതയെക്കുറിച്ചു മാത്രമുള്ള പാഠങ്ങളല്ല അത്. ഗുരു മുന്നോട്ടുവച്ച വിദ്യാഭ്യാസ രീതി എല്ലാ വൈകാരികതകളെയും അംഗീകരിച്ച് അവ നിയന്ത്രണ വിധേയമായി കൈപ്പിടിയിലൊതുക്കാൻ പഠിപ്പിക്കുന്നതായിരുന്നു.
ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ഗുരു പ്രവർത്തിച്ചതും ഉപദേശം നൽകിയതും എല്ലാവർക്കുമായാണ്. കേരള സമൂഹത്തിന്റെ മുഴുവൻ നവോത്ഥാന നായകനാണ് ഗുരു; ഈഴവ സമൂഹത്തിന്റേതു മാത്രമല്ല. അങ്ങനെ ചുരുക്കിക്കളയുന്ന പ്രവൃത്തികളാണ് ഗുരുദർശനത്തോടു ചെയ്യുന്ന വലിയ തെറ്റ്. ഗുരു കാണിച്ചുതന്ന മാർഗവും ജീവിതവും പിൻതുടരുന്നതിൽ പിൻഗാമികൾ പരാജയപ്പെട്ടിട്ടുണ്ടാവാം. അതു പക്ഷേ, ഗുരുവിനെ ഒരിക്കലും ചെറുതാക്കില്ല. ഗുരുദർശനങ്ങൾ ആഴത്തിൽ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
ഒരു കവിയെന്ന നിലയിലോ ദാർശനികനെന്ന നിലയിലോ യോഗിയെന്ന നിലയിലോ വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിലോ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിലോ ഭിഷഗ്വരനെന്ന നിലയിലോ സിദ്ധനെന്ന നിലയിലോ മുൻവിധികളില്ലാതെ കേരള സമൂഹത്തിന് എന്നും ഗുരുവിനെ കാണാൻ സാധിക്കും. ഗുരുവിന്റെ ദർശനം ലോകത്തിനാകമാനം ആവശ്യമാണ്. നമുക്ക് എന്തുകൊണ്ടും മാതൃകയാകേണ്ട മഹത് വ്യക്തിത്വത്തിനുടമയാണ് ശ്രീനാരായണ ഗുരുദേവൻ.
(ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയാണു ലേഖകൻ).