Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ഫുട്ബോളിന്റെ സന്തോഷാരവം

kerala-team-with-cup

കേരള ഫുട്ബോളിന്റെ മഹനീയ പ്രതാപകാലം കളിപ്രേമികളുടെ ഓർമകളിൽ ഒതുങ്ങിത്തുടങ്ങിയ നേരത്താണു കൊൽക്കത്തയിലെ സന്തോഷ് ട്രോഫി കളിക്കളത്തിൽനിന്നു വിജയാരവം ഉയരുന്നത്. ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ചെറുപ്പക്കാർ കിരീടമുത്തമണിയിച്ചിരിക്കുന്നു. നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണീ നേട്ടം; കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ടീം സ്പിരിറ്റിന്റെയും സുന്ദരവിജയം! രാഹുൽ വി. രാജ് നയിച്ച കേരള ടീമിനും പരിശീലകൻ സതീവൻ ബാലനും മാനേജർ പി.സി. ആസിഫിനും ഇവർക്കു പിന്തുണ നൽകിയ കേരള ഫുട്ബോൾ അസോസിയേഷനും അഭിനന്ദനങ്ങൾ. ഈ വിജയം കേരള ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപിനു തുടക്കം കുറിക്കട്ടെ.

അപരാജിതമായ കുതിപ്പായിരുന്നു കേരളത്തിന്റേത്. തോൽപ്പിച്ചതു നിസ്സാരക്കാരെയുമല്ല. ബംഗാൾ, മിസോറം, മണിപ്പുർ, മഹാരാഷ്ട്ര എന്നീ ഇന്ത്യൻ ഫുട്ബോൾ പവർഹൗസുകളെ തോൽപ്പിച്ചാണു കേരളം ഫൈനലിലെത്തിയത്. അവിടെ, ആതിഥേയരായ ബംഗാളിനെ ചാംപ്യന്മാർക്കു ചേർന്ന മട്ടിൽ കീഴടക്കുകയും ചെയ്തു.

ഇന്ത്യൻ ഫുട്ബോളിലെ പരമ്പരാഗത ശക്തികളായിരുന്നു ഒരുകാലത്തു കേരളം. 1973ൽ കൊച്ചിയിലെ മഹാരാജാസ് കോളജ് മൈതാനത്താണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി ചാംപ്യന്മാരാകുന്നത്. ഇന്നലത്തേത് ഉൾപ്പെടെ ആറു കിരീടങ്ങൾ ഇതിനിടെ നമുക്കു സ്വന്തമായി. ഈ വിജയങ്ങളിലെല്ലാം വ്യക്തിമുദ്ര ചാർത്തിയ ഒരുപറ്റം കളിക്കാർ നമുക്കുണ്ടായിരുന്നു. ഒരു പതിറ്റാണ്ടു മുൻപുവരെ ഇന്ത്യയിലെമ്പാടുമുള്ള ക്ലബ്ബുകളിൽ നിറഞ്ഞുകളിച്ചതും ഈ മലയാളി താരങ്ങൾതന്നെ. അപ്പോളോ ടയേഴ്സും കേരള പൊലീസും ടൈറ്റാനിയവും കെഎസ്ഇബിയും എസ്ബിടിയും ഉൾപ്പെടെയുള്ള കേരള ടീമുകൾ ഇന്ത്യയിലെ വമ്പൻ ക്ലബ്ബുകൾക്കു താരങ്ങളെ സമ്മാനിച്ച ‘ഫുട്ബോൾ നഴ്സറി’കളായിരുന്നു അന്ന്. പക്ഷേ, ഇടക്കാലത്ത് ഈ ക്ലബ്ബുകളിൽ ചിലതു വിസ്മൃതിയിലായി. മറ്റുള്ളവയുടെ പ്രതാപം അസ്തമിച്ചു. പ്രഫഷനൽ ഫുട്ബോളിന്റെ വരവോടെ കേരളത്തിലെ ഡിപ്പാർട്മെന്റ് ടീമുകൾ തകർച്ചയിലായി. ആ തകർച്ചയിൽ കേരളത്തിലെ താരങ്ങൾക്കും കാലിടറി. ഇടക്കാലത്ത് ഇന്ത്യൻ ഫുട്ബോളിൽ കേരളത്തിന്റെ സാന്നിധ്യം മങ്ങിപ്പോകാനുള്ള കാരണം ഇതുമാത്രമായിരുന്നു.

എന്നാൽ, ആവേശഭരിതമായിരുന്ന പഴയകാലത്തിന്റെ വീര്യമുൾക്കൊണ്ട് ഒരിക്കൽക്കൂടി കേരളത്തിന്റെ ഫുട്ബോൾ വിപ്ലവത്തിനു സമയമായെന്നു വിളിച്ചു പറയുന്നു, സന്തോഷ് ട്രോഫിയിലെ ഈ ഉജ്വല വിജയം. ഒരുപിടി യുവതാരങ്ങളെയാണ് ഈ വിജയത്തോടെ നമുക്കു ലഭിച്ചിരിക്കുന്നത്. എം.എസ്. ജിതിൻ, കെ.പി. രാഹുൽ, വി.കെ. അഫ്ദൽ, വി.എസ്. ശ്രീക്കുട്ടൻ, ജസ്റ്റിൻ ജോർജ്, ജിതിൻ ഗോപാലൻ എന്നിവർ കോളജ് വിദ്യാർഥികളാണ്. രാഹുൽ വി. രാജ്, എസ്. സീസൻ, ഗോൾ കീപ്പർ വി. മിഥുൻ, എസ്. ലിജോ, വിബിൻ തോമസ് തുടങ്ങിയവരും ചെറുപ്പക്കാർ. 24 വയസ്സാണു ടീമിന്റെ ശരാശരി പ്രായം. രാജ്യത്തു തരംഗമായി മാറിക്കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഉൾപ്പെടെ ഈ ചെറുപ്പക്കാർക്ക് അവസരം ലഭിക്കുന്നത് അവരുടെ വളർച്ചയിൽ നിർണായകമാവും.

സമാനതകളില്ലാത്ത ഫുട്ബോൾ വിപ്ലവമാണ് ഇപ്പോൾ ഇന്ത്യയിലും കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്. ഐ ലീഗിലും ഐഎസ്എല്ലിലും കേരളത്തിന്റെ ക്ലബ്ബുകൾ കളിക്കുന്നു. ഒട്ടേറെ മലയാളി താരങ്ങൾക്ക് അവസരങ്ങളും ലഭിക്കുന്നുണ്ട്. ഈ ഉണർവ് കാത്തുസൂക്ഷിച്ചു കൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവർത്തനം നമുക്കു വേണം. അതിന്, കേരളത്തിലെ ഫുട്ബോൾ ആസൂത്രണം ‘പ്രഫഷനൽ’ ആകേണ്ടതുണ്ട്. പുതിയ കളിക്കാരെ കണ്ടെത്താനും അവർക്കു വളർന്നുവരാനുള്ള അവസരമൊരുക്കാനും ഫുട്ബോൾ സംഘാടകർ അർപ്പണബുദ്ധിയോടെ പ്രവർത്തിക്കണം. 

കളിക്കാർക്കു ജോലി അടക്കമുള്ള ജീവിതസൗകര്യങ്ങളും കളിച്ചുവളരാൻ ക്ലബ്ബുകളും ടൂർണമെന്റുകളും ഉറപ്പായാൽ വരുംതലമുറകളും ഫുട്‌ബോളിനോട് അടുക്കും. പ്രതിസന്ധികളിൽ അതു ഫുട്‌ബോളിനു താങ്ങാവുമെന്നു തീർച്ച. അതിനു കളിസംഘടനയും സർക്കാരും കൈകോർത്തു നീങ്ങണം. ഈ വിജയത്തിന്റെ ആവേശം കെട്ടടങ്ങുംമുൻപ് ആ വഴിക്കു ചിന്തിക്കാൻ ഫുട്‌ബോളുമായി ബന്ധപ്പെട്ടവർക്കു കഴിയുകയും വേണം.