നമ്മൾ കെടുത്തിയ പ്രകാശം

ആ കൊച്ചുകണ്ണുകളിലെ പ്രകാശം നിങ്ങൾ കണ്ടിരുന്നോ? രണ്ടു കയ്യും കെട്ടി തോൾ ചെരിച്ചു നിൽക്കുന്ന ആ പുഞ്ചിരിയിലെ പ്രതീക്ഷകളെന്തായിരുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തൊരു ചിരിയാണത്! വാട്സാപ്പിൽ തൊട്ടടുത്ത നിമിഷം ലഭിച്ച ചിത്രം അവളുടെ ചേതനയറ്റ ശരീരമായിരുന്നു. ഒന്നേ നോക്കിയുള്ളൂ, അതേ കഴിയുമായിരുന്നുള്ളൂ. ഈ അവസ്ഥയെക്കുറിച്ചു വിവരിക്കാൻ വാക്കുകൾ കണ്ടെത്തുകതന്നെ അർഥശൂന്യമാണ്. 

പിന്നീടു കണ്ടത് ഫെയ്സ്ബുക്കിലെ ആയിരക്കണക്കിനു പ്രതിഷേധ പോസ്റ്റുകളും മെഴുകുതിരി ജാഥകളും. എത്ര വലിയ പ്രതിഷേധക്കടലുകൾ ഉയർന്നാലും സമൂഹത്തിന് ഒരു തരി മാപ്പിനുള്ള അർഹത പോലുമില്ല. 

ഏറെ ഭയപ്പെടുത്തുന്നത് അധികാരികളുടെ നിശ്ശബ്ദതയാണ്. അവരായിരുന്നില്ലേ പ്രതികരിക്കേണ്ടിയിരുന്നത്? അവരായിരുന്നില്ലേ സംരക്ഷിക്കേണ്ടിയിരുന്നത്? പ്രതികളിലൊരാൾ ദൂരെ നിന്നൊരു സുഹൃത്തിനെ വിളിച്ചുവരുത്തിയത്രേ. ചെറുപ്പകാലത്തൊക്കെ നാടുമുഴുവൻ കളിച്ചുനടന്നപ്പോൾ ഞങ്ങൾ‌ക്കോ മാതാപിതാക്കൾക്കോ ഇത്തരമൊരു വേവലാതിയുണ്ടായിരുന്നില്ല, ഇനി മുന്നോട്ടെങ്ങനെ എന്നു ചിന്തിക്കാൻ പോലും വയ്യ.

സ്വയം ശാക്തീകരിക്കപ്പെടുന്നത് ശക്തരല്ലാത്തവരുടെ മേൽ കുതിരകയറാനുള്ള ലൈസൻസല്ല. ശക്തിയില്ലായ്മയെ മുതലെടുക്കുന്നതിന്റെ അവസാന ഇരയായിരുന്നു അവൾ. അല്ലെങ്കിലും, സ്ത്രീകളെയും ദലിതരെയും എന്നും അശക്തരായി കാണുന്നതാണല്ലോ സമൂഹത്തിന്റെ നടപ്പുരീതി. മതവും ജാതിയുമൊക്കെ ഉൾപ്പെട്ട അധികാര സമവാക്യങ്ങൾ അക്രമത്തിലേക്കു വഴിമാറുകയല്ലേ? 

കുട്ടീ, മാപ്പു ചോദിക്കുന്നില്ല, കാരണം മാപ്പ് എന്ന വാക്കിനപ്പുറമാണിത്.

(ഫിലിം എഡിറ്ററും ചലച്ചിത്രഅക്കാദമി വൈസ് ചെയർപഴ്സനുമാണ് ലേഖിക)