പഠാൻകോട്ട്∙ ജമ്മുവിലെ കഠ്‌വയിൽ എട്ടുവയസ്സുകാരിയെ സംഘംചേർന്നു പീഡിപ്പിച്ചു കൊന്ന കേസിൽ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ മാറ്റി പെൺകുട്ടിയുടെ കുടുംബം. അഭിഭാഷകയെ മാറ്റുന്നതിനായി പിതാവ് പഞ്ചാബിലെ പഠാൻകോട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചതായി കുടുംബത്തിന്റെ അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു. കേസിൽ നിരവധി തവണ കോടതിയിൽ വാദം േകട്ടിട്ടും രണ്ടു തവണ മാത്രമാണ് ദീപിക ഹാജരായതെന്നു പിതാവ് പറഞ്ഞു. ഇതാണ് അഭിഭാഷകയെ മാറ്റാൻ കാരണമെന്നാണ് സൂചന.
കഠ്‌വ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്നതിനായി ദീപിക സിങ് രജാവത്ത് സ്വമേധയ മുൻപോട്ടു വരുകയായിരുന്നു. ഇതിനെ തുടർന്നു തന്റെ ജീവനു ഭീഷണിയുണ്ടെന്നു ദീപിക വെളിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിനും അഭിഭാഷയ്ക്കും സാക്ഷികൾക്കും സർക്കാർ തലത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചിരുന്നു. കേസിന്റെ വിചാരണ കശ്മീരിനു പുറത്തേയ്ക്കു മാറ്റിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
ജനുവരി 10നാണ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട എട്ടുവയസുകാരിയെ ജമ്മുവിലെ കഠ്‍വയ്ക്കു സമീപത്തു നിന്നു കാണാതായത്. ഒരാഴ്ചയ്ക്കു ശേഷം പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നു അന്വേഷണത്തിൽ തെളിഞ്ഞു. ഒരു പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ എട്ടു പേരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇവരിപ്പോൾ പഞ്ചാബിലെ ഗുരുദാസ്പുരിൽ ജയിലിലാണ്.