കൊച്ചി∙ നിയമം കൃത്യമായി നടപ്പാക്കിയാൽ മാത്രമേ രാജ്യത്തു വനിതകൾക്കു സംരക്ഷണം ലഭിക്കുകയുള്ളൂവെന്ന് അഡ്വ. ദീപിക സിങ് രജാവത്ത്. അതിനുള്ള ഇച്ഛാശക്തി ഭരണകൂടത്തിന് ഉണ്ടായിരിക്കണം. രാജ്യത്തു സ്ത്രീസുരക്ഷ വളരെ മോശമെന്നാണ് അടുത്തിടെ ഒരു സർവേ പറഞ്ഞത്. ഈ സാഹചര്യത്തിൽ നിയമം ഇല്ലാത്തതല്ല, അതു കർശനമായി നടപ്പാക്കാത്തതാണു സ്ത്രീസുരക്ഷയ്ക്കു തടസ്സം നിൽക്കുന്നതെന്നും ദീപിക പറഞ്ഞു. കഠ്‌വ പീഡനക്കേസിൽ പീഡനത്തിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കാനായി പോരാടുന്ന അഭിഭാഷകയാണ് ദീപിക.
LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്
എല്ലാ ദിവസവും തനിക്കു നേരെ വ്യക്തിഹത്യയുണ്ടാകുന്നുണ്ട്. കുടുംബത്തിനു നേരെയും ആക്രമണം തുടരുകയാണ്. എന്നാൽ കഠ്‌വ കേസ് ഏറ്റെടുത്തതിൽ ഒരു ഭയവുമില്ല. തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. സമാനമനസ്കരായ ഒട്ടേറെ പേർ ഈ രാജ്യത്ത് തനിക്കൊപ്പമുണ്ട്. തന്നെ ദേശവിരുദ്ധ എന്നു വിളിക്കുന്നതിലൂടെ അവരുടെ സംസ്കാരമാണ് കാണിക്കുന്നത്.
നിങ്ങൾ സ്ത്രീകൾക്കു വേണ്ടി മാത്രമാണോ ഹാജരാകുന്നത് എന്നു വരെ ചോദിച്ച ഓഫിസർമാർ വരെയുണ്ട്. ഇവരെക്കുറിച്ചൊന്നും പറയാനില്ല. എന്തു സംഭവിച്ചാലും കഠ്‌വ പെൺകുട്ടിക്കു വേണ്ടി പോരാട്ടം തുടരും. ഈ പോരാട്ടത്തിൽ ആരും നിശബ്ദരായി മാറി നിൽക്കാതെ മുന്നോട്ടു വരണമെന്നും ദീപിക പറഞ്ഞു. ‘പോരാളികളുടെ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ദീപിക.