ന്യൂഡൽഹി∙ കഠ്‌വയിൽ ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിൽ പുതിയ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസന്വേഷണം സ്വതന്ത്ര ഏജൻസിയെ ഏൽപിക്കണമെന്നതുൾപ്പെടെ പ്രതികൾ സമർപ്പിച്ച രണ്ടു ഹർജികളാണു തള്ളിയത്.
ജമ്മു കശ്മീർ പൊലീസിലെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരമാണെന്നും പുനരന്വേഷണം വേണമെന്നും പ്രതികളിലൊരാൾ വാദിച്ചു. സ്വതന്ത്രഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു മറ്റു രണ്ടു പ്രതികളും. അപേക്ഷ പഠാൻകോട്ടിലെ വിചാരണക്കോടതി മുൻപാകെ സമർപ്പിക്കാമെന്നു ജസ്റ്റിസുമാരായ യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.