ശ്രീനഗർ∙ കഠ്‌വ പീഡന കേസിൽ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് ഈയാഴ്ച പഠാൻകോട്ട് കോടതിയിൽ സമർപ്പിക്കും. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തി പൊലീസ് അറസ്റ്റു ചെയ്ത എട്ടു പേർക്കെതിരെയുള്ള കുറ്റപത്രമാണു സമർപ്പിക്കുന്നത്. ഈ മാസമാദ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ്മാരായ ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിന് എട്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.
പ്രതികൾക്കെതിരെയുള്ള ഗൂഡാലോചന കുറ്റം സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാൻ സമയം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ തുടർന്നാണിത്. കഴിഞ്ഞ ജനുവരിയിൽ കഠ്‌വയിൽ എട്ടുവയസ്സുകാരിയെ കൂട്ടമാനഭംഗത്തിനു ഇരയാക്കി കൊന്ന കേസില്‍ നാലു പൊലീസുകാരുൾപ്പെടെ എട്ടു പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇവരിപ്പോൾ പഞ്ചാബിലെ ഗുരുദാസ്പുരിൽ ജയിലിലാണ്.
കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. സംഭവത്തിൽ തെളിവു നശിപ്പിക്കാൻ സഹായിച്ചതിനാണ് മൂന്ന് പൊലീസ് ഉദ്യോസ്ഥരെ പ്രതിചേർത്തത്.