വലിയ ആഘാതമായിരുന്നു അഭിമന്യുവിന്റെ മരണവാർത്ത. മഹാരാജാസിൽനിന്ന് ഇന്നത്തെ കാലത്ത് ഇത്തരത്തിലൊരു വാർത്ത, അവിടത്തെ പൂർവവിദ്യാർഥിയായ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു സത്യം. സഹപാഠിയെ കുത്തിക്കൊല്ലുന്നത് എന്തു രാഷ്ട്രീയത്തിന്റെ പേരിലായാലും സിദ്ധാന്തത്തിന്റെ ആവേശത്തിലായാലും അംഗീകരിക്കാവുന്നതല്ല. ഞാൻ മഹാരാജാസിലെ വിദ്യാർഥിയായിരുന്ന കാലത്ത് ലക്ഷദ്വീപിൽ നിന്നെത്തിയ മുത്തുക്കോയ എന്നയാൾ കൊലചെയ്യപ്പെട്ടിരുന്നു. നാട്ടുകാരായ വിദ്യാർഥികളെ കാണാൻ കോളജ് ഹോസ്റ്റലിൽ എത്തിയതായിരുന്നു അയാൾ. ആളുമാറിയാണ് മുത്തുക്കോയയെ കൊന്നത്. ആ വാർത്തകേട്ട് ഞങ്ങൾ തളർന്നിരുന്നുപോയി.
അഭിമന്യു വളരെ ദൂരെനിന്നു മഹാരാജാസിൽ പഠിക്കാനെത്തിയ കുട്ടിയാണ്. ഇടുക്കിയിലെ വട്ടവടയിൽനിന്ന്, നമ്മുടെ നഗരജീവിതത്തിനു തീർത്തും അപരിചിതമായ സാഹചര്യങ്ങളിൽ നിന്നാണ് അവന്റെ വരവ്. ടിവി ദൃശ്യത്തിൽ അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ കണ്ടു. ഉള്ളുപൊള്ളി. ഞാനും ഒരമ്മയാണ്. നൊന്തുവളർത്തിയ മകൻ ഇങ്ങനെ അരുംകൊല ചെയ്യപ്പെട്ടു നിശ്ചലനായി കിടക്കുന്നതുകാണുമ്പോൾ ഏത് അമ്മയ്ക്കാണു നിസ്സംഗമായി ഇരിക്കാനാവുക.
നമ്മുടെ കുട്ടികൾ വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉയർന്നുനിൽക്കുന്നു എന്ന തോന്നൽ ഉണ്ടാക്കിയേക്കാമെങ്കിലും, അതല്ല അതിന്റെ യാഥാർഥ്യം. യഥാർഥ സംസ്കാരമോ രാഷ്ട്രീയ അവബോധമോ അവർക്കിനിയും നേടാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ക്യാംപസുകൾ കൊലക്കളങ്ങളായി മാറുന്നത്. അവരുടെ ചിന്താശക്തി രാഷ്ട്രീയ നേതാക്കൾക്കും മതനേതാക്കൾക്കും പണയപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് ക്യാംപസുകളിലെ അപകടകരമായ ഈ പ്രവണത അടുത്ത കാലത്തൊന്നും മാറുമെന്ന വിശ്വാസമില്ല.
ബൗദ്ധിക– സാംസ്കാരിക മണ്ഡലങ്ങളിൽ വലിയ സംഭാവന നൽകിയ മഹാരാജാസ് പോലൊരു കലാലയത്തിലാണ് നിർഭാഗ്യകരമായ ഈ സംഭവം ഉണ്ടായതെന്നോർക്കണം. ഞാൻ പഠിച്ച മഹാരാജാസിന്റെ സംസ്കാരം ഇതായിരുന്നില്ല. പരസ്പരവിരുദ്ധമായ ധാരകൾക്ക് ഇടംനൽകിയ ക്യാംപസ് ആയിരുന്നു അത്.
വിദ്യാർഥികളുടെ മനസ്സറിയുന്ന, അവരെ തിരുത്താൻ പോന്ന, മേധാശക്തിയുള്ള അധ്യാപകർ ഞങ്ങൾക്കുണ്ടായിരുന്നു. സാനുമാഷിനെയും ലീലാവതി ടീച്ചറെയും പോലെ പ്രാപ്തിയും പ്രതിബദ്ധതയുമുള്ള അധ്യാപകർ ഇന്നില്ല. ഞാനും അധ്യാപകവൃത്തി ചെയ്തയാളാണ്. അവരുടെ പ്രശ്നങ്ങൾ അറിയുന്നയാളാണ്. എന്നാൽ, മഹാരാജാസിലടക്കം ഇന്നത്തെ ക്യാംപസുകളിലെ അധ്യാപകരുടെ നില പരിതാപകരമാണെന്നേ പറയേണ്ടൂ. കക്ഷിരാഷ്ട്രീയത്തിന്റെയും ട്രേഡ് യൂണിയനിസത്തിന്റെയും പിടിയിലാണ് തലമുറകളെ നയിക്കേണ്ട അധ്യാപകർ. മഹാരാജാസിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവം മറക്കാറായിട്ടില്ല. അധ്യാപകർ വേണ്ടപോലെ പ്രതികരിച്ചിരുന്നെങ്കിൽ എന്നെന്നേക്കും അപമാനകരമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം ഉണ്ടാകുമായിരുന്നില്ല.
അടുത്തകാലത്ത് പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുക്കാൻ മഹാരാജാസിൽ പോയിരുന്നു. ആ ഓർമകൾ മാഞ്ഞിട്ടില്ല. ഇപ്പോൾ അവിടെ നിന്നുള്ള ചോര മണക്കുന്ന ഈ വാർത്തകേട്ട് അക്ഷരാർഥത്തിൽ മനസ്സു മരവിച്ചിരിക്കുകയാണ്. ശരിയുടെ രാഷ്ട്രീയവും നന്മയുടെ സംസ്കാരവും ഉണ്ടായിരുന്നെങ്കിൽ ഈ കത്തിരാഷ്ട്രീയം ഉണ്ടാകുമായിരുന്നില്ല. ദുഃഖമുണ്ട്, മഹാരാജാസ് ഇപ്പോഴും ഒരു വികാരമാണ്. ദയവുചെയ്ത് അതു മലിനമാക്കരുത്.