കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം കുറിക്കാൻ കഴിയുന്ന ഒരു പുതിയ കാൽവയ്പാണ് കൃഷിമന്ത്രി അധ്യക്ഷനായി രൂപീകരിച്ച നാളികേര വികസന കൗൺസിൽ. പക്ഷേ, കാലിടറാതെ ലക്ഷ്യം കാണാൻ കഴിയുമോ? കേരളത്തിന്റെ കൽപവൃക്ഷമായ തെങ്ങിന് ഇവിടെ കുറേക്കാലമായി ശനിദശയാണ്. തമിഴ്നാടും മറ്റും ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും കേരളത്തെ കടത്തിവെട്ടി മുന്നേറിക്കഴിഞ്ഞു. നമ്മുടെ സ്ഥാനം നമുക്കു തിരിച്ചുപിടിക്കണം. പുതിയ കൗൺസിൽ ലക്ഷ്യം കാണുമോ? നാളികേര കൃഷി അഭിവൃദ്ധിപ്പെടുത്താൻ ഇക്കഴിഞ്ഞ കാലത്ത് പല പ്രത്യാശാഭരിതമായ നീക്കങ്ങൾ ഇവിടെ നാം പരീക്ഷിച്ചു. ഗ്രാമംതോറും നാളികേര കർഷകരുടെ നാളികേര ഉൽപാദക സംഘങ്ങൾ (Coconut Producers' Societies - CPS) സ്ഥാപിച്ചു. അതുകഴിഞ്ഞ് ‘നീര’ ഉൽപാദിപ്പിച്ച് നാളികേര കൃഷിയെ ലാഭകരമാക്കാനുള്ള ശക്തമായ നീക്കം നടത്തി. നല്ല വിജയ പ്രതീക്ഷയോടെ, അപ്രതീക്ഷിത പ്രശ്നങ്ങൾപോലും നേരിട്ടു ലക്ഷ്യം കാണാനുള്ള എല്ലാ സംവിധാനങ്ങളോടെയും തുടങ്ങിവച്ച ഈ മഹത്‌സംരംഭങ്ങൾ രണ്ടും ഫലസിദ്ധിയുളവാക്കാതെ മറഞ്ഞുപോയത് ഓർക്കുമ്പോൾ ശുഭാപ്തി വിശ്വാസം കുറയുന്നോ?
പക്ഷേ, പ്രത്യാശ കൈവിടാതെ ഈ പുതിയ കൗൺസിലിനെയും നമുക്കു സ്വാഗതം ചെയ്യാം. നാളികേര മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ ഏകോപനമാണ് ഈ കൗൺസിലിന്റെ പ്രധാന ലക്ഷ്യം. കേരഫെഡും കേര വികസന കോർപറേഷനും ഹോർട്ടികൾച്ചറൽ കോർപറേഷനും കൃഷി വകുപ്പും കാർഷിക സർവകലാശാലയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവും കയർ വികസന കോർപറേഷനും കയർ മാർക്കറ്റിങ് ഫെഡറേഷനും ഉൾപ്പെടെയുള്ള ഏജൻസികൾ ഈ കൗൺസിലിൽ സഹകരിച്ചു പ്രവർത്തിക്കും. കർഷകരുടെ യഥാർഥ പ്രശ്നങ്ങൾ മനസിലാക്കി കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് ഇവർക്കു ലക്ഷ്യം കാണാൻ സാധിക്കട്ടെ! കേരളത്തിൽ ഓരോ വീട്ടിലും തെങ്ങുണ്ട്. ഏറ്റവും ചെറിയ കുടിലിന്റെ മുറ്റത്തും കാണാം, ഒരു തെങ്ങിൻതൈ.
ഓരോ കേരളീയനും സ്നേഹിക്കുന്ന വൃക്ഷമാണത്. കൈ കഴുകിയും പാത്രം കഴുകിയും ഒഴുക്കുന്ന വെള്ളമാണ് അതിന്റെ ജലസേചനം. പ്രത്യേകിച്ച് വളപ്രയോഗം ഒന്നുമില്ല. പണ്ട് മലയപ്പുലയൻ വാഴനട്ട് വളർത്തിയതു പോലെ നാം തെങ്ങ് വയ്ക്കുന്നു, വളർത്തുന്നു. അഞ്ചു കൊല്ലം കഴിയുമ്പോഴേക്കും അതു കായ്ക്കും. ഒന്നോ രണ്ടോ കുല മൂത്ത് വെട്ടിയെടുത്തു കഴിയുമ്പോളിതാ, പെട്ടെന്നൊരുനാൾ ഓല പഴുത്തു തുടങ്ങും. കായ്ച്ച് തുടങ്ങിയ മരത്തിനു മരണ വാറണ്ട് എത്തിയിരിക്കുന്നു! ഇനി ദിവസങ്ങൾ മാത്രം, ആ പാവം മരത്തിന് ആയുസ്. ഇത് ഒരു കർഷകന്റെ ഒറ്റപ്പെട്ട അനുഭവമല്ല.
വീട്ടുമുറ്റത്തും പറമ്പിലും ഏതാനും നാളികേരം അഭിമാനപൂർവം വളർത്തുന്നവരും വലിയ നാളികേര കർഷകരും ഒരു പോലെ നേരിടുന്ന ദുരന്തമാണിത്. എന്താണു രോഗമെന്നു നമുക്കറിഞ്ഞുകൂടാ. കാറ്റുവീഴ്ച, ചെമ്പൻ ചെല്ലി, റൈനോസറസ് ബീറ്റിൽ, വേരുചീയൽ ഇങ്ങനെ പല വാക്കുകൾ ഉപയോഗിക്കും വിദഗ്ധർ. ഫലപ്രദമായ ചികിൽസ മാത്രമില്ല. പുതിയ നാളികേര വികസന കൗൺസിലിന്റെ ആദ്യ ലക്ഷ്യം ആ ദുരന്തത്തിൽ നിന്നു കർഷകനെ കരകയറ്റുക എന്നതാകണം.
ഈ ദൗത്യം നിർവഹിക്കേണ്ടതു കൃഷിവകുപ്പും കേരള കാർഷിക സർവകലാശാലയും തോട്ടവിള ഗവേഷണ കേന്ദ്രവും കൂടിച്ചേർന്നാണ്. രോഗവിവരം കിട്ടിയ ഉടൻ വിദഗ്ധർ സ്ഥലത്തെത്തണം, വിശദമായ പരിശോധന നടത്തണം, പ്രതിവിധി കണ്ടെത്തണം. കർഷകരുമായി അടുത്ത ബന്ധം പുലർത്തുന്ന കൃഷിഭവന്റെ ഉദ്യോഗസ്ഥരും സർവകലാശാലയിലെയും തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും വിദഗ്ധരും ഉൾപ്പെടുന്ന സമിതിയെ ഇക്കാര്യത്തിന് നിയോഗിക്കണം. ഉൽപാദനക്ഷമത കൂടുതലുള്ളതും 3–4 കൊല്ലത്തിൽ കായ്ഫലം തരുന്നതും വരൾച്ച തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിവുള്ളതും രോഗപ്രതിരോധ ശക്തിയുള്ളതും (സാധിക്കുമെങ്കിൽ ഉയരം കുറഞ്ഞതും) മറ്റുമായ പുതിയ ജനുസ്സുകൾ വികസിപ്പിച്ചെടുക്കണം.
ഇക്കാര്യത്തിൽ ഗവേഷണ കേന്ദ്രവും കാർഷിക സർവകലാശാലയും സഹകരിച്ചു പ്രവർത്തിക്കണം. മറ്റൊന്നു വിളവെടുപ്പിന്റെ പ്രശ്നം. മരത്തിൽ കയറാൻ പരിശീലന ക്ലാസ് നടത്തിയ രാമദാസ് വൈദ്യരെ ഓർമിക്കുന്നു. പുതിയ മരംകയറ്റ് യന്ത്രം വികസിപ്പിച്ചെടുത്തവരെയും അഭിനന്ദിക്കുന്നു. (ഇന്തൊനീഷ്യയിൽ കുരങ്ങുകളെ തെങ്ങിൽ കയറ്റിവിട്ട് തേങ്ങയിടാൻ അവർക്കു കഴിയുന്നു. ഈ ടെക്നോളജി, നമുക്ക് നേടിയെടുക്കേണ്ടേ?)
ഏറ്റവും വലിയ പ്രശ്നമാണു വിപണനം. വിളവെടുപ്പുകാലത്ത് ഉൽപന്നവുമായി കർഷകൻ എത്തുമ്പോൾ വിപണി തകർക്കുന്നു, തൽപര കക്ഷികൾ. വിലനിലവാര റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്ന വില നേടിയെടുക്കാൻ നാളികേര കർഷകനു ഭാഗ്യമില്ല. ഇളനീരായിരിക്കുന്ന ഘട്ടത്തിൽ തന്നെ വിളവെടുത്തു വിപണിയിൽ കരിക്ക് എത്തിച്ചു വിപണനം നടത്തിയാൽ കൂടുതൽ ലാഭം; അതോടൊപ്പം ഉൽപാദന വർധനയും. പക്ഷേ, ഇതെല്ലാം പ്രായോഗികമാക്കാൻ കേരഫെഡ്, കേര വികസന കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഒത്തൊരുമിക്കണം. വിപണന ശൃംഖല സജ്ജമാക്കണം.
അതുപോലെ, മൂല്യവർധിത ഉൽപന്നത്തിന്റെ കാര്യത്തിലും ഇവർ ഒരുമിച്ച് ഭാവനാസമ്പന്നമായ പദ്ധതികളും ലാഭകരമായ പ്രോജക്ട് റിപ്പോർട്ടുകളും തയാറാക്കണം. കർഷകനെ സംരംഭകനാക്കാൻ സഹായിക്കുന്ന നയങ്ങൾ സർക്കാർ തലത്തിലുണ്ടാകണം. ഇക്കാര്യങ്ങളെല്ലാം പറയാൻ എളുപ്പമാണെങ്കിലും നടത്തിയെടുക്കുക പ്രയാസകരമാണ്.
ഓരോ ഏജൻസിയും ഓരോ വകുപ്പും അവരുടെ പുൽത്തകിടി സംരക്ഷിക്കാനായി പൊരുതും. ഈ ശ്രമത്തെ തകർത്ത് ഏകോപനം സാധ്യമാക്കാൻ കൗൺസിൽ ചെയർമാനായ മന്ത്രിക്കു കഴിഞ്ഞാൽ നാം ജയിച്ചു.കേരളത്തിലെ വിഷമംപിടിച്ച സാഹചര്യത്തിലും കൃഷി വിജയകരമാക്കിയ ഒരു സ്ഥാപനം ഇവിടെ ഉണ്ടായിരുന്നു– റബർ ബോർഡ്. അവരുടെ വിജയ രഹസ്യം ഒന്നു മാത്രം: കർഷകന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള ദൗത്യം അവർ ഏറ്റെടുത്തു. പ്രശ്നം, ന്യായവിലയോ രോഗപ്രതിരോധമോ തൊഴിൽപ്രശ്നമോ വിപണനമോ സാമ്പത്തിക സഹായമോ കൃഷി മെച്ചപ്പെടുത്താനുള്ള വിദഗ്ധ ഉപദേശമോ എന്തായാലും, കർഷകന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഇതാ ഇവിടെ, എന്നവർ പ്രഖ്യാപിച്ചു.
കേര കൃഷിയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഇതേ ദൗത്യം നമ്മുടെ കേര വികസന കൗൺസിലിന് ഏറ്റെടുക്കാൻ കഴിഞ്ഞാൽ നമ്മുടെ കേര കർഷകനും കേര കൃഷിയും രക്ഷപ്പെട്ടു. ശുഭാപ്തി വിശ്വാസമുണ്ടെങ്കിലും കേന്ദ്ര സർക്കാർ ഏജൻസിയായ കേന്ദ്ര നാളികേര വികസന ബോർഡിനെ ഈ കൗൺസിൽ അംഗങ്ങളുടെ ലിസ്റ്റിൽ കാണാൻ സാധിക്കാത്തത് നമുക്ക് ആശങ്ക ഉണ്ടാക്കുന്നില്ലേ?
(റബർ ബോർഡ് മുൻ ചെയർമാനും തമിഴ്നാടിന്റെ മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമാണു ലേഖകൻ)