Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറാഠ മനഃപ്രയാസം അകലുന്നു, ഫഡ്നാവിസിന് മനപ്പായസം

Author Details
devendra-fadnavis

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ഇപ്പോൾ ആശ്വാസമുണ്ട്. പ്രത്യേക സംവരണവിഭാഗമായി അംഗീകരിക്കണമെന്ന, സംസ്ഥാനത്തെ പ്രബല സമുദായമായ മറാഠകളുടെ ആവശ്യം നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ സർക്കാരിനു കഴിഞ്ഞിരിക്കുന്നു. ദലിതരുടെയും ആദിവാസികളുടെയും പിന്നാക്കവിഭാഗങ്ങളുടെയും സംവരണാവകാശങ്ങളെ തൊടാതെതന്നെ, മറാഠകളെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പ്രത്യേക പിന്നാക്കവിഭാഗമായി സൃഷ്ടിച്ചുള്ള സന്തുലനാവസ്ഥയ്ക്കാണു ഫഡ്‌നാവിസ് ശ്രമിച്ചത്. 

സംസ്ഥാന ജനസംഖ്യയുടെ 30% വരുന്ന മറാഠകളിലെ മൂന്നിലൊന്നും ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്ന സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷന്റെ കണ്ടെത്തൽ അടിസ്ഥാനമാക്കിയാണു സർക്കാർ തീരുമാനം. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളിലും 16% സംവരണമാണു മറാഠകൾ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ കാബിനറ്റ് ഉപസമിതിയാണ് അന്തിമതീരുമാനമെടുക്കുക. നിലവിൽ സംസ്ഥാനത്ത് ആകെ സംവരണം 52% ആണ്. സംസ്ഥാനങ്ങളിലെ പിന്നാക്കസംവരണം 50% കവിയരുതെന്നാണു സുപ്രീം കോടതിയുടെ ഉത്തരവെങ്കിലും, തമിഴ്‌നാട്ടിൽ നിലവിൽ 69% സംവരണമുണ്ട്. 

ഫഡ്നാവിസിനെ കുഴപ്പിച്ചത് 

ഫഡ്‌നാവിസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി കുറെക്കൂടി തീവ്രമാകാനുള്ള മറ്റൊരു കാരണം അദ്ദേഹം മറാഠ സമുദായക്കാരനല്ലാത്ത മുഖ്യമന്ത്രിയാണ് എന്നതാണ്. ശരദ് പവാർ, വൈ.ബി. ചവാൻ, വിലാസ്‌റാവു ദേശ്‌മുഖ്, എസ്.ബി. ചവാൻ, അദ്ദേഹത്തിന്റെ മകൻ അശോക് ചവാൻ തുടങ്ങി, മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിമാരായ മറാഠ സമുദായക്കാരുടെ നീണ്ടനിരയാണുള്ളത്. കോൺഗ്രസിലെ പൃഥ്വിരാജ് ചവാൻ ആണ് അവസാനത്തെ മറാഠ മുഖ്യമന്ത്രി. ഫഡ്‌നാവിസിന്റേത് മറാഠ ഇതര മുന്നണിയും. 

വിശേഷിച്ചും, കേന്ദ്രത്തിൽപോലും ബിജെപി ബ്രാഹ്മണർക്കും (നിതിൻ ഗഡ്‌കരിയും പ്രകാശ് ജാവഡേക്കറും) ബനിയകൾക്കും (പിയൂഷ് ഗോയൽ) വലിയതോതിൽ പ്രാതിനിധ്യം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. മറാഠകളും ദലിതരും തമ്മിൽ രാഷ്ട്രീയമേധാവിത്തതിനായി ശക്തമായ വടംവലി നടന്നിട്ടുള്ള സംസ്ഥാനമാണു മഹാരാഷ്ട്ര. സുശീൽകുമാർ ഷിൻഡെയായിരുന്നു മഹാരാഷ്ട്രയിലെ അവസാന ദലിത് മുഖ്യമന്ത്രി.

വരുന്ന വർഷം നവംബറിലാണു മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഫഡ്‌നാവിസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ വർഷം. മേയിൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ശിവസേന – ബിജെപി സഖ്യത്തിനു പരമാവധി 48 സീറ്റുകളെങ്കിലും നേടിയേതീരൂ.മറാഠകൾക്കു സംവരണം നൽകാനുള്ള കാബിനറ്റ് തീരുമാനത്തെ കോൺഗ്രസ്, ശിവസേന, എൻസിപി എന്നീ സംസ്ഥാനത്തെ വലിയ കക്ഷികളും പിന്തുണച്ചതു ഫഡ്‌നാവിസിനു വലിയ ആശ്വസം പകരുന്നു. സംവരണത്തിന്റെ രാഷ്ട്രീയ ലാഭം മുഴുവനായും ബിജെപി കൊണ്ടുപോകണമെന്ന് മറ്റു കക്ഷികളും ആഗ്രഹിക്കുന്നില്ല. 

സംവരണപ്രക്ഷോഭം എന്ന ആയുധം

സംവരണപ്രക്ഷോഭങ്ങൾ ഇരുതലമൂർച്ചയുള്ള ആയുധങ്ങളാണ്. രാജസ്ഥാനിൽ മാറിമാറിവരുന്ന മുഖ്യമന്ത്രിമാർ ഇതു കണ്ടതാണ്. അവിടത്തെ പ്രമുഖ ജാതിവിഭാഗങ്ങളായ ജാട്ടുകളും ഗുജ്ജറുകളും സംവരണമാവശ്യപ്പെട്ടു തുടർച്ചയായ പ്രക്ഷോഭങ്ങളാണു നടത്തിയത്. ജാട്ടുകൾക്കു സംവരണം ആവശ്യപ്പെട്ടു മൽസരിക്കുന്ന ഒരു സംഘടനയും ഇത്തവണ രാജസ്ഥാൻ തിരഞ്ഞെടുപ്പിലുണ്ട്. ഡിസംബർ ഏഴിനാണു രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്.

മഹാരാഷ്ട്രയുടെ അയൽസംസ്ഥാനമായ കർണാടകയിൽ സിദ്ധരാമയ്യയുടെ കഴിഞ്ഞ സർക്കാർ പ്രബലരായ ലിംഗായത്ത് സമുദായത്തിനു ന്യൂനപക്ഷപദവി നൽകി അവരെ സ്വാധീനത്തിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അത് ലിംഗായത്തുകൾക്കിടയിൽ കടുത്ത വിഭജനമുണ്ടാക്കുകയും അവരിൽ ഭൂരിപക്ഷവും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം നിൽക്കുകയും ചെയ്തു. രണ്ടു ഡസൻ സീറ്റുകളെങ്കിലും ഇതുമൂലം കോൺഗ്രസിനു നഷ്ടമായി. ഈയിടെ നടന്ന ബെള്ളാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ, മുതിർന്ന കോൺഗ്രസ് മന്ത്രിയായ ഡി.കെ.ശിവകുമാർ ലിംഗായത്തുകളോടു മാപ്പപേക്ഷ നടത്തി. ബെള്ളാരി സീറ്റ് ബിജെപിയിൽനിന്നു കോൺഗ്രസ് പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും ലിംഗായത്തുകൾക്കിടയിൽ അതൃപ്തി പുകയുന്നുണ്ട്. കാരണം, ജെഡിഎസ് – കോൺഗ്രസ് സർക്കാരിൽ ലിംഗായത്ത്ഇതര വിഭാഗങ്ങൾക്കാണ് ആധിപത്യം.