Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വഞ്ചി ആകാശത്തേക്ക് ഉയർന്നു, 110 ഡിഗ്രി; കലിമൂത്ത കടലിൽ വീഴാതിരിക്കാൻ പായ്മരത്തിൽ മുറുക്കെപ്പിടിച്ചു’

Abhilash-tomy-at-house കമാൻഡർ അഭിലാഷ് ടോമി ഗോവയിലെ വീട്ടിൽ.

സെപ്റ്റംബർ 21. അതുവരെ കണ്ട കടലായിരുന്നില്ല അത്. ഭ്രാന്തു പിടിച്ച് ഇരുവശത്തുനിന്നും ഉഗ്രശബ്ദത്തിൽ വഞ്ചിയെ തല്ലുന്നതു പോലെയാണ് എനിക്കു തോന്നിയത്. വഞ്ചിയുടെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഞാനപ്പോൾ. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയടിക്കുമെന്നും തിരകൾ 10 മീറ്റർ വരെ ഉയർന്നേക്കാമെന്നുമായിരുന്നു മുന്നറിയിപ്പ്. പക്ഷേ, കാറ്റിനപ്പോൾ 150 കിലോമീറ്റർ വേഗം. തിരകൾ ഉയർന്നത് 14 മീറ്റർ വരെ. ഓർക്കാപ്പുറത്താണ് ആ തിര വന്നത്. വലിയ ശബ്ദം മാത്രം ഓർമയുണ്ട്. വഞ്ചിയുടെ മുൻഭാഗം ആകാശത്തേക്കുയർന്നു. ഏതാണ്ടു 110 ഡിഗ്രി! തെറിച്ചു കടലിൽ വീഴാതിരിക്കാൻ ഞാൻ പിന്നിലെ പായ്മരത്തിൽ മുറക്കെപ്പിടിച്ചു. അടുത്ത നിമിഷം ഞാനിരിക്കുന്ന ഭാഗം കടലിലേക്കു താഴ്ത്തിക്കൊണ്ട് അടുത്ത തിര.

ഉപ്പുവെള്ളം കുടിച്ചതിന്റെ ബാക്കി തുപ്പിക്കളയാൻപോലും സമയം കിട്ടുംമുൻപ് വീണ്ടും തിര. കടലിനു നടുവിൽ കുത്തിനിർത്തിയ പോലെയാണപ്പോൾ വഞ്ചി. അതിനു മുകളിൽ കുടുങ്ങിയ ഞാൻ കലിമൂത്ത കടലിലേക്കു വീഴാതിരിക്കാൻ പായ്മരത്തിൽ മുറുക്കെപ്പിടിച്ചു. തൊട്ടുപിന്നാലെ വഞ്ചി നേരെയായി. ഞാൻ ആ പായ്മരത്തിൽ തൂങ്ങിക്കിടക്കുന്നു. താഴെ വഞ്ചിത്തട്ടിലേക്കു തിരിച്ചെത്താൻ പായ്മരത്തിലൂടെ പതിയെ താഴേക്കൂഴ്ന്നപ്പോഴാണ് വീണ്ടും തിര വന്നത്. രണ്ടു കയ്യും വിട്ടു കടലിൽ വീണെന്നുറപ്പിച്ച നിമിഷം. പക്ഷേ, ഞങ്ങൾ നാവികർ കാമുകിയായും ഭാര്യയായുമൊക്കെ വിശേഷിപ്പിക്കുന്ന എന്റെ പായ്‌വഞ്ചി – തുരീയ– എന്നെ കൈവിട്ടില്ല.

പായ്മരത്തിൽ ശേഷിച്ചിരുന്ന ഒരു കയറിൽ എന്റെ വാച്ച് ഉടക്കിക്കിടന്നു. കൈ മുറിഞ്ഞുപോകുന്ന വേദന. അടുത്ത കൈയുയർത്തി ആ കുടുക്ക് ഊരാൻ എനിക്കാവില്ലായിരുന്നു. ഏതാനും സെക്കൻഡ‍ുകൾ അങ്ങനെ തൂങ്ങിക്കിടന്നു. ഇനി കൈ ഒടിഞ്ഞെങ്കിൽ മാത്രമേ ആ കുടുക്ക് വിടുവിച്ച് എനിക്കു താഴെയെത്താൻ പറ്റൂ എന്നാണു കരുതിയത്. പക്ഷേ, അവിടെയും അദ്ഭുതം സംഭവിച്ചു. വാച്ചിന്റെ സ്ട്രാപ്പ് അടർന്ന് നടുവിടിച്ചു ഞാൻ താഴേക്കു വീണു. ആഞ്ഞടിച്ച തിരയിൽ മൂന്നോ നാലോ വട്ടം എന്റെ നടുവ് വഞ്ചിപ്പലകയിൽ ആഞ്ഞടിച്ചു. അപ്പോഴൊന്നും വരാൻ പോകുന്ന 71 മണിക്കൂറുകളിൽ അനുഭവിക്കേണ്ട വെല്ലുവിളികളെക്കുറിച്ച് എനിക്കൊരു ബോധ്യവുമില്ലായിരുന്നു!

Abhilash-Tomy-being-rescued തുരീയ വഞ്ചിയിൽനിന്ന് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയപ്പോൾ (ഫയൽ)

ഗോൾഡൻ ഗ്ലോബ് റേസ്

ഇപ്പോൾ ഗോവയിലെ വീട്ടിൽ, നടുവിനു ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമകാലത്ത് ഇതെഴുതുമ്പോൾ ഇത്രയുമാണ് ആദ്യം ഓർമ വന്നത്. ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ, ഒരാളുടെയും സഹായമില്ലാതെ പായ്‌വഞ്ചിയിൽ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ ഞാനാണെന്ന ആത്മവിശ്വാസത്തോടെയാണ് വെറും 32 അടി നീളവും 11.5 അടി വീതിയുമുള്ള ‘തുരീയ’ എന്ന പായ്‌വഞ്ചിയിൽ ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്തുനിന്ന് കഴിഞ്ഞ ജൂലൈ ഒന്നിനു യാത്ര തുടങ്ങിയത്. 50 വർഷം മുൻപത്തെ സമുദ്രസഞ്ചാരികൾ ഉപയോഗിച്ച അതേ സംവിധാനങ്ങൾ മാത്രമായിരുന്നു, ഗോൾഡൻ ഗ്ലോബ് റേസ് എന്നു പേരിട്ട, ഞാനടക്കം 18 പേരുടെ വഞ്ചികൾ പങ്കെടുത്ത പ്രയാണത്തിന് അനുവദിച്ചിരുന്നത്.

ഇതിനു മുൻപ്, ഇന്ത്യൻ നാവികസേനയുടെ പ്രശസ്തമായ ‘സാഗർ പരിക്രമ 2’ എന്നു പേരിട്ട ദൗത്യത്തിലാണ് ഞാൻ 151 ദിവസം കൊണ്ട് കടലിലൂടെ ഭൂമിയെ ചുറ്റിവന്നത്. ഐഎൻഎസ്‌വി മാദേയി എന്ന ആ പായ്‌വഞ്ചിയുടെ പകുതിയിൽ താഴെ മാത്രമായിരുന്നു ‘തുരീയ’യുടെ വലുപ്പം. മാദേയിയിൽ ആധുനിക സംവിധാനങ്ങളായ ജിപിഎസും ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡും 16 ദിവസത്തെ കാലാവസ്ഥാ പ്രവചനവുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ, തുരീയയിൽ ഒരു വടക്കുനോക്കി യന്ത്രവും മാപ്പും മാത്രം. നക്ഷത്രങ്ങളെ മനസ്സിലാക്കി കടലിനെ അറിയണം. ദിശ തീരുമാനിക്കണം. റേഡിയോ ഓൺ ചെയ്തു വച്ച് കടന്നുപോകുന്ന മേഖലയിലെ സ്റ്റേഷനിൽനിന്നു പറയുന്ന കാലാവസ്ഥാ മുന്നറിയിപ്പു കേട്ട് വഞ്ചിയുടെ വഴിതിരിച്ചുവിടുകയും വേണം!  തലയ്ക്കുള്ളിൽ കടലും കടൽക്കാറ്റും മാത്രം നിറഞ്ഞ നാളുകൾ. ഓരോ ദിവസവും കടലുമായുള്ള ആത്മബന്ധം വർധിച്ചുവരുന്നതിനിടെ ആയിരുന്നു ആ തിരകൾ എന്നെ മുറിവേൽപിച്ചത്.

അപകടം, രക്ഷപ്പെടൽ

വഞ്ചിപ്പലകയിൽ നടുവടിച്ചു വീണ ഞാൻ ഒന്നും സംഭവിക്കാത്തതുപോലെ എഴുന്നേറ്റ് ബോട്ടിനുള്ളിലേക്കു നടന്നു. നടുവിനു ചെറിയൊരു മരവിപ്പു തോന്നിയെങ്കിലും കാര്യമായെടുത്തില്ല. ബോട്ടിന്റെ അകമെല്ലാം തിരയടിയിൽ അലങ്കോലമായിരുന്നു. വിൻഡ് ജനറേറ്റർ കേടായി. ഡീസൽ ടാങ്ക് ലീക്കായി വഞ്ചിയിലെ കുടിവെള്ള ടാങ്കിൽ കലർന്നു. അടുക്കളയിലെ വസ്തുക്കളെല്ലാം എടുത്ത് പലവഴിക്കും എറിഞ്ഞതുപോലെ. നാവിഗേഷൻ ബോർഡ് ഇളകി നിലത്തുവീണു കിടക്കുന്നു. നിലത്തിരുന്ന് ഇതെല്ലാം അടുക്കിവച്ച ശേഷം എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് നെഞ്ചിൽ ഇടിവെട്ടിയത്. അനങ്ങാൻ പറ്റുന്നില്ല! നടുവ് ഉണ്ടെന്നു പോലും അനുഭവപ്പെടുന്നില്ല. മുൻപത്തെ വീഴ്ച എന്റെ നടുവിനു കാര്യമായ ക്ഷതമേൽപിച്ചു കഴിഞ്ഞിരുന്നു.

എങ്ങനെയെങ്കിലും കിടക്കയിലേക്കു പോകാനായി ശ്രമം. ഇഴയുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. എങ്ങനെയൊക്കെയോ ഇഴഞ്ഞും നിരങ്ങിയും ഞാൻ അടിയന്തര ആശയവിനിമയ ഉപാധിയുടെ അടുക്കലെത്തി. സംഘാടകർക്ക് അപായസന്ദേശം അയച്ചു. പിന്നെ വീണു. കണ്ണടച്ചു കിടന്നാലും കടൽ വെറുതെ വിടാൻ ഉദ്ദേശ്യമില്ലായിരുന്നു. ഒടിഞ്ഞ പായ്മരം ഓരോ തിരയിലും വഞ്ചിയിൽ വന്നിടിച്ച് വലിയ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.

കടലിലെ ഏകാന്തത

ഇന്ത്യൻ മഹാസമുദ്രത്തിലെ തികച്ചും ഏകാന്തമായ ഭാഗത്തായിരുന്നു ഞാനപ്പോൾ. നമ്മുടെ കന്യാകുമാരിക്കു നേരെ താഴെ, 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5020 കിലോമീറ്റർ) അകലെ. മൽസ്യബന്ധന കപ്പലുകൾ പോലും തിരഞ്ഞെടുക്കാത്ത വഴി. പക്ഷേ, രക്ഷപ്പെടുത്താൻ ആരെങ്കിലും വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതു ചിലപ്പോൾ ആഴ്ചകൾ കഴിഞ്ഞാവാം. കണ്ണടച്ച് മനസ്സു ശൂന്യമാക്കി കിടക്കുക മാത്രമായിരുന്നു വഴി. ഇത്തരമൊരു അവസ്ഥയിൽ മനസ്സു ശാന്തമാക്കാൻ കഴിയുമോയെന്ന് എല്ലാവർക്കും സംശയം തോന്നാം. സാധിക്കും എന്നു തന്നെയാണു മറുപടി.
കാരണം, ഞാനൊരു നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയാണ്. സേനയുടെ നിരീക്ഷണ വിമാനമായ ഡോണിയറിന്റെ പൈലറ്റ്. ഏതു പ്രതിസന്ധിഘട്ടത്തെയും നേരിടാൻ നാവികസേനയിൽ ഞങ്ങൾക്ക് ആറു മാസം കൂടുമ്പോൾ പരിശീലനമുണ്ട്. അതിലൊന്നു മാത്രം പറയാം.

sand-clock

കടലിൽ ഏകാന്തമായ ഒരിടത്ത്, പൈലറ്റിന്റെ വേഷങ്ങളോടുകൂടി കൊണ്ടുപോയി ഉപേക്ഷിക്കും. തിരയടിക്കുന്ന കടലിൽ ഒരു ഹെലികോപ്റ്റർ രക്ഷപ്പെടുത്താൻ വരുംവരെ കാത്തുകിടക്കണം. അതു ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞാകാം. ഹെലികോപ്റ്ററിൽ ഇരിക്കുന്നവർക്ക് താഴെ കടലിൽ കിടക്കുന്നയാളെ കണ്ടെത്താൻ കഴിയുംവരെ വെള്ളത്തിൽക്കിടന്നു ശീലിച്ചയാളാണു ഞാൻ. തിരിച്ച്, ഇതുപോലെ വെള്ളത്തിൽ കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ഉദ്യമങ്ങളിലും ഞങ്ങൾക്കു പരിശീലനം കിട്ടിയിട്ടുണ്ട്. അതായിരുന്നു എന്റെ ആത്മവിശ്വാസം. ഒരു നാവികനായിരുന്നതു കൊണ്ടു മാത്രം, കടലിനെ പല രീതിയിൽ അടുത്തറിയുന്ന ഒരാളായിരുന്നതു കൊണ്ടുമാത്രമാണ് ഞാൻ തിരികെ കരയിലെത്തിയത്. തുരീയയിൽ പാതിബോധത്തിൽ, കൈനീട്ടി ഏന്തിവലിഞ്ഞെടുത്ത ഐസ് ടീ കുടിച്ചത് അതേപടി ഛർദിച്ച് അർധപ്രാണനായി കിടന്ന എന്നെത്തേടി അവർ വന്നതു ഞാനറിഞ്ഞില്ല. അപ്പോഴേക്കും അപകടത്തിൽപെട്ട ഞാൻ ആ കിടപ്പു തുടങ്ങിയിട്ട് 71 മണിക്കൂർ പിന്നിട്ടിരുന്നു.

വഞ്ചിയുടെ പുറത്തുനിന്ന് അവർ അകത്തേക്ക് ഉറക്കെ വിളിച്ചു ചോദിച്ചു: ‘ഞങ്ങൾക്ക് അകത്തേക്കു വരാമോ? എന്നെ രക്ഷിക്കാൻ വന്ന ഫ്രഞ്ച് കപ്പൽ ഒസിരിസ് അയച്ച 3 പേരായിരുന്നു അത്. ആ ഉറച്ച വിളി, നീണ്ട നാളുകൾക്കു ശേഷം ഞാനാദ്യം കേൾക്കുന്ന മനുഷ്യശബ്ദമായിരുന്നു, അവർ എന്നെ കരയിലേക്കും പിന്നെ ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുവന്നു.  നാളെ നാവികസേനാ ദിനമാണ്. എന്റെ പിതാവ് റിട്ട. ലഫ്റ്റനന്റ് കമാൻഡർ വി.സി. ടോമിയുടെ വഴി പിന്തുടർന്നാണ് ഞാൻ നാവികസേനയിലെത്തിയത്. ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക വേഷമണിയുമ്പോൾ, ഉള്ളിലേക്ക് അറിയാതെ ഇരച്ചെത്തുന്ന ദേശസ്നേഹത്തിന്റെ കടലുണ്ട്! ആ കടൽത്തിരകൾ എന്നെ വീണ്ടും വിളിക്കുന്നുണ്ട്, ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞ് വീണ്ടുമൊരു പായ്‌വഞ്ചി പ്രയാണത്തിനായി!