വിശാഖപട്ടണം ∙ അപകടത്തിരകളിൽനിന്ന് കമാൻഡർ അഭിലാഷ് ടോമി തിരികെ കരയിലെത്തി. ഗോൾഡൻ ഗ്ലോബ് രാജ്യാന്തര പായ്‌വഞ്ചി മൽസരത്തിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽക്ഷോഭത്തിൽപെട്ടു പരുക്കേറ്റ കമാൻഡർ അഭിലാഷ് ടോമി ഇന്ത്യൻ നാവികസേനക്കപ്പൽ ഐഎൻഎസ് സത്പുരയിലാണ് ഇന്നലെ വൈകിട്ട് വിശാഖപട്ടണത്ത് എത്തിയത്.
ക്രച്ചസിന്റെ സഹായമില്ലാതെ അഭിലാഷ് കപ്പലിൽനിന്നു നടന്ന് കരയിലിറങ്ങുന്നതിന്റെ വിഡിയോയും നാവികസേന അധികൃതർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ന്യൂ ആംസ്റ്റർഡാം ദ്വീപിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് അഭിലാഷുമായി ഐഎൻഎസ് സത്പുര യാത്ര പുറപ്പെട്ടത്. അഭിലാഷിനെ തുടർചികിൽസകൾക്കായി നാവികസേനയുടെ ആശുപത്രിയായ ഐഎൻഎച്ച്എസ് കല്യാണിയിലേക്കു മാറ്റി. നാവികസേനയുടെ കിഴക്കൻ മേഖലാ കമാൻഡ് മേധാവി വൈസ് അഡ്മിറൽ കരംബിർ സിങ്, അഭിലാഷിന്റെ പിതാവ് റിട്ട. ലഫ്. കമാൻഡർ വി.സി. ടോമി എന്നിവർ സത്പുരയിലെത്തി അഭിലാഷിനെ സന്ദർശിച്ചു.
അഭിലാഷിന്റെ ആരോഗ്യവിവരം തിരക്കിയ വൈസ് അഡ്മിറൽ, ഐഎൻഎസ് സത്പുരയുടെ ക്യാപ്റ്റൻ അലോക് ആനന്ദയെയും അഭിനന്ദിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ തീരത്തായിരുന്ന കപ്പൽ അഭിലാഷിന്റെ അപകടവിവരം അറിഞ്ഞ് ഓസ്ട്രേലിയയ്ക്ക് തിരിക്കുകയായിരുന്നു. ഇതേസമയം തന്നെ ക്യാപ്റ്റൻ അലോകിന്റെ പിതാവ് മരിച്ചെങ്കിലും ‘ഓപറേഷൻ രക്ഷം’ എന്നു നാവികസേന പേരിട്ട രക്ഷാദൗത്യത്തിന് അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു.
അഭിലാഷിന്റെ പായ്‌വഞ്ചി ‘തുരീയ’ വീണ്ടെടുക്കാനുള്ള ശ്രമം നടക്കുന്നതായും നാവികസേന അറിയിച്ചു. സെപ്റ്റംബർ 24ന് ഫ്രഞ്ച് മീൻപിടിത്ത കപ്പലാണ് അഭിലാഷ് ടോമിയെയും മറ്റൊരു മൽസരാർഥിയായ ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും രക്ഷിച്ച് ന്യൂ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചത്.