ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ നിർണായക ദിനങ്ങളാണ് ഇന്നും നാളെയും. യൂറോപ്യൻ യൂണിയനിൽനിന്നു പിന്മാറാനുള്ള കരാറുമായി (ബ്രെക്സിറ്റ്) മുന്നോട്ടുപോകണോ വേണ്ടയോ എന്നതു സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളുടെ ദിനങ്ങൾ. ഇതു ബ്രിട്ടനിലെ നേതൃമാറ്റത്തിലേക്കോ ഭരണമാറ്റത്തിലേക്കുതന്നെയോ നയിച്ചേക്കാം.
പ്രധാനമന്ത്രി തെരേസ മേ തയാറാക്കിയ ബ്രെക്സിറ്റ് കരാർ നാളെ പാർലമെന്റിൽ വോട്ടിനിടുകയാണ്. കരാറിനോട് സ്വന്തം പാർട്ടിയിൽ പോലും അതൃപ്തി വ്യാപകം. കരാർ തയാറാക്കിയ ബ്രെക്സിറ്റ് മന്ത്രി ഡൊമിനിക് റാബ് തന്നെ വ്യവസ്ഥകളോടു യോജിക്കാനാകാതെ കഴിഞ്ഞ മാസം രാജിവച്ചു; പിന്നാലെ 6 മന്ത്രിമാരും. റാബിനു മുൻപ് ബ്രെക്സിറ്റ് മന്ത്രിയായിരുന്ന ഡേവിഡ് ഡേവിസും രാജിവച്ചൊഴിയുകയായിരുന്നു.
ബ്രിട്ടിഷ് ജനതയും നേതാക്കളും ഇത്രയധികം വിഭജിക്കപ്പെട്ട മറ്റൊരു സംഭവവും സമീപകാലത്തില്ല. 2016 ജൂൺ 23ലെ ഹിതപരിശോധനയിൽ നേരിയ ഭൂരിപക്ഷത്തിനാണ് ബ്രെക്സിറ്റ് അംഗീകരിക്കപ്പെട്ടത്. യൂറോപ്യൻ യൂണിയൻ വിടണമെന്നു പറഞ്ഞവർ 52 %. വേണ്ടിയിരുന്നില്ലെന്ന് അവരിൽ തന്നെ പലർക്കും പിന്നീട് തോന്നി. വീണ്ടും ഹിതപരിശോധന നടന്നാൽ ഫലം മറിച്ചാകുമെന്നു സർവേ റിപ്പോർട്ടുകൾ വന്നു.
ബ്രെക്സിറ്റിന്റെ ആവേശത്തിൽ കഴിഞ്ഞ വർഷം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരേസ മേയ്ക്കും തിരിച്ചടിയാണു ലഭിച്ചത്. ഒറ്റയ്ക്കുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ട് സ്കോട്ടിഷ് നാഷനൽ പാർട്ടി ഉൾപ്പെടെയുള്ളവയുടെ കാരുണ്യത്തിലായി ഭരണം. പാർട്ടിക്കുള്ളിൽതന്നെ എംപിമാർ രൂക്ഷമായി എതിർക്കുന്നതിനാൽ ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ വൻ പരാജയം നേരിടുമെന്നാണു സൂചന.
650 അംഗ സഭയിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കു (ടോറി) 315 അംഗങ്ങളും പ്രതിപക്ഷത്തെ ലേബർ പാർട്ടിക്ക് 257 അംഗങ്ങളുമാണുള്ളത്. കരാർ പരാജയപ്പെട്ടാൽ സർക്കാർ രാജിവയ്ക്കണമെന്നും മറ്റന്നാൾ രാവിലെതന്നെ പുതിയ സർക്കാർ രൂപീകരിക്കാൻ തങ്ങൾ സജ്ജമാണെന്നും ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പ്രഖ്യാപിച്ചുകഴിഞ്ഞു. മേയ്ക്കു പകരം ഗ്രഹാം ബ്രാഡിയെ പ്രധാനമന്ത്രിയാക്കി ഭരണം നിലനിർത്താനുള്ള നീക്കം ടോറികൾക്കിടയിലും സജീവം.
അതേസമയം, പാർലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് നടത്തുമെന്നാണു മേയുടെ ഭീഷണി. നാളത്തെ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള സാധ്യതയും തേടുന്നു. ബ്രെക്സിറ്റ് നടപ്പാക്കാനുള്ള നടപടികൾക്ക് (ആർട്ടിക്കിൾ 50) 2017 മാർച്ച് 29നു തുടക്കം കുറിച്ചുകഴിഞ്ഞു. ഇതു പ്രകാരം 2019 മാർച്ച് 29നു ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടണം. ഇതിൽനിന്ന് ഇനി ബ്രിട്ടന് ഏകപക്ഷീയമായി പിന്മാറാൻ കഴിയുമോ (ഞങ്ങൾക്ക് യൂറോപ്യൻ യൂണിയനിൽ തന്നെ തുടരണം എന്ന് പറയാൻ നിയമപരമായി കഴിയുമോ) എന്നതു സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ കോടതിയുടെ വിധി ഇന്നു വരാനിരിക്കുകയാണ്. പിന്മാറാൻ കഴിയില്ലെന്നാണ് ഇതുവരെ പല നിയമവിദഗ്ധരും പറഞ്ഞിരുന്നത്. എന്നാൽ, ഇനിയും പിന്മാറാമെന്ന വാദം ഈയിടെ ചിലർ മുന്നോട്ടുവച്ചു. ഇന്നത്തെ കോടതിവിധിയും അങ്ങനെയാണെങ്കിൽ നാളെ കരാർ പരാജയപ്പെടുന്നതിന് അത് ആക്കം കൂട്ടും; പറ്റില്ല എന്നാണു വിധിയെങ്കിൽ ആശയക്കുഴപ്പം കൂടുതൽ രൂക്ഷമാകുകയും ചെയ്യും.
‘ഒരു ആവേശത്തിന് കിണറ്റിൽ ചാടാം; ആയിരം തവണ ആവേശം കൊണ്ടാലും തിരിച്ചിറങ്ങാൻ കഴിയില്ല’ എന്ന ചൊല്ലു പോലെയായി ബ്രിട്ടനു ബ്രെക്സിറ്റ്.