ഉർജിത് പട്ടേൽ: വിവാദച്ചൂടിലും തളരാത്ത ഊർജം

പദവികളുടെ പടവുകൾ കയറിയപ്പോഴൊക്കെ ഡോ. ഉർജിത് രവീന്ദ്ര പട്ടേലിനൊപ്പം വിവാദങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പടിയിറങ്ങിയിരിക്കുന്നതും വിവാദത്തിന്റെ തുടർച്ചയായി.

1963ൽ നയ്റോബിയിൽ ജനിച്ച്  2013 വരെ കെനിയൻ പൗരനായി ജീവിച്ച പട്ടേലിനെ മോദി സർക്കാർ ആർബിഐ ഗവർണറായി അവരോധിച്ചപ്പോൾത്തന്നെ ദേശസ്നേഹത്തിന്റെ വക്താക്കൾക്ക് അത്ര രസിച്ചില്ല. കുടുംബ വേരുകൾ ഗുജറാത്തിലാണെന്നതായിരുന്നു വിമർശകർ കണ്ടെത്തിയ മറ്റൊരപരാധം. അതുകൊണ്ടാണു ഗവർണർ സ്ഥാനവും ഗുജറാത്തിനു തീറെഴുതുകയാണെന്ന ആരോപണം ഉയർന്നത്.

എതിർപ്പുകൾക്കു മൂർച്ച പോരെന്നു കണ്ടപ്പോൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ ഇളക്കിവിട്ടതാണ്, മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയുടെ സഹോദരിയാണു പട്ടേലിന്റെ ഭാര്യ എന്ന വ്യാജ പ്രചാരണം. വർഷങ്ങൾക്കു മുൻപ് റിലയൻസ് ഗ്രൂപ്പിൽ ഇത്തിരി കാലം പട്ടേൽ പ്രവർത്തിച്ചിരുന്നു എന്നതു മാത്രമാണു സത്യം.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നു ബിരുദവും ഓക്സ്ഫഡ്, യേൽ സർവകലാശാലകളിൽ നിന്നു ബിരുദാനന്തര യോഗ്യതകളും നേടിയ പട്ടേൽ 1991 – ’94 ൽ ഐഎംഎഫിന്റെ ഇന്ത്യ ഡെസ്കിലാണു പ്രവർത്തിച്ചത്. 1996 – ’97 ൽ ഡപ്യൂട്ടേഷനിൽ ഇന്ത്യയിലെത്തി, പിന്നീടു ധന മന്ത്രാലയത്തിന്റെ കൺസൽറ്റന്റായും പ്രവർത്തിച്ചു. 2013 ൽ ആർബിഐയുടെ ഡപ്യൂട്ടി ഗവർണർ സ്ഥാനത്തേക്കു പട്ടേലിനെ നിയോഗിച്ചതു മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെയാണ്. ഗവർണർ സ്ഥാനത്തു നിന്നു രഘുറാം രാജൻ പോയപ്പോൾ പട്ടേൽ പിൻഗാമിയായി.

ഡപ്യൂട്ടി ഗവർണറായിരിക്കെ പല മേഖലകളിലും അസാധാരണമായ പ്രാഗത്ഭ്യം തെളിയിച്ച പട്ടേലിന് മോദിയുടെ നോട്ട് റദ്ദാക്കൽ കുറച്ചൊന്നുമല്ല പേരുദോഷമുണ്ടാക്കിയത്. കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ടവന്റെ ധർമസങ്കടത്തിലകപ്പെട്ട അദ്ദേഹത്തിനു നിസ്സഹായനായി തുടരാനേ കഴിഞ്ഞുള്ളൂ.

നീരവ് മോദിയും മറ്റും ശതകോടികളുമായി മുങ്ങിയപ്പോൾ ബാങ്കുകൾ കിട്ടാക്കടത്തിൽ കഴുത്തറ്റം മുങ്ങി. വർഷങ്ങളായി ആർബിഐയും സർക്കാരും കണ്ണടച്ചതുകൊണ്ടാണ് ഇതു സംഭവിച്ചത്. ദൗർഭാഗ്യമെന്നു പറയട്ടെ, ഇതൊക്കെ പട്ടേലിന്റെ മേൽ വച്ചുകെട്ടാൻ ആളുണ്ടായി.ഈയിടെ രൂപ വളരെ ദുർബലമായപ്പോൾ ആർബിഐ വേണ്ടവിധം ഇടപെട്ടില്ലെന്ന് ആരോപണം ഉയർന്നു. എന്നാൽ കറന്റ് അക്കൗണ്ട് കമ്മിയുടെ നില മോശമാകാതിരുന്നതു പട്ടേലിന്റെ നിലപാടുകൊണ്ടായിരുന്നുവെന്നതാണു സത്യം.

ആർബിഐയുടെ കരുതൽ ധനത്തിൽ കണ്ണുവച്ചു മോദി സർക്കാർ കരുനീക്കങ്ങൾ നടത്തിയപ്പോൾ നോട്ട് റദ്ദാക്കൽ കാലത്തെ നിസ്സഹായനായ അവസ്ഥയിൽ നിന്നു പട്ടേൽ വളരെ മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണു സർക്കാരുമായി ബലാബലത്തിന് അദ്ദേഹം തയാറായത്. കരുതൽ ധനം വിട്ടുകൊടുക്കാൻ പട്ടേൽ തയാറായില്ലെന്നു കാലം എന്നും ഓർക്കും.

മാധ്യമങ്ങളുടെ പ്രിയപ്പെട്ട താരമാകാൻ പട്ടേൽ ആഗ്രഹിച്ചില്ലെന്നതാണു നേര്. നിയന്ത്രണാധികാരി എന്ന നിലയിൽ ആർബിഐ കൈക്കൊണ്ട പല കർക്കശ നടപടികളുടെയും സൂത്രധാരനായതുകൊണ്ട് അദ്ദേഹത്തെ ബാങ്കർമാരും കൊണ്ടാടിയില്ല. എന്നാൽ ആ നടപടികളുടെ ഫലമായാണ് ഇപ്പോൾ കിട്ടാക്കടത്തിന്റെ തോതു വേഗം കുറഞ്ഞുവരുന്നത്.

പട്ടേൽ പടിയിറങ്ങിയതു പരാജിതനായല്ല, വിജയിയായിത്തന്നെയാണ്. ആർബിഐയെ ചൊൽപടിയിൽ നിർത്താൻ സമ്മർദം ഉൾപ്പെടെ പല തന്ത്രങ്ങളും പ്രയോഗിച്ച മോദി സർക്കാരിന് അടിയറവു വയ്ക്കാനുള്ളതല്ല കേന്ദ്ര ബാങ്കിന്റെ സ്വയംഭരണാവകാശം എന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ രാജി.