Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രസർക്കാരും ആർബിഐയും സമവായത്തിന്; ഊർജിത് പട്ടേൽ രാജിവയ്ക്കില്ലെന്നു സൂചന

Urjit Patel ഊർജിത് പട്ടേൽ

ന്യൂഡൽഹി∙ പ്രവർത്തന സ്വാതന്ത്ര്യത്തെചൊല്ലി കേന്ദ്ര സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന റിസർവ് ബാങ്ക്(ആർബിഐ) ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചേക്കില്ലെന്നു സൂചന. തിങ്കളാഴ്ച നടക്കാൻ പോകുന്ന ബോർഡ് യോഗത്തിനു മുൻപായി ആർബിഐയും സർക്കാരും തമ്മില്‍ സമവായത്തിനു ശ്രമം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊർജിത് പട്ടേലും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സമവായ ശ്രമങ്ങൾ ആരംഭിച്ചതെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ ആർബിഐ ബോർഡ് യോഗത്തിൽ ഊർജിത് പട്ടേൽ രാജി പ്രഖ്യാപിക്കുന്നമെന്ന തരത്തില്‍ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ആർബിഐയുടെ കരുതൽ ധനശേഖരത്തിന്റെ മൂന്നിലൊന്നും കൈമാറുന്നതിനു പുറമെ, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചതാണ് കേന്ദ്രസർക്കാരും ആർബിഐയും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ആർബിഐ ആക്ടിലെ 7–ാം വകുപ്പ് സർക്കാർ പ്രയോഗിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. ധനക്കമ്മി പരിഹരിക്കുന്നതിനും തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായി ആർബിഐയിൽ നിന്നു സർക്കാർ ഒരു ലക്ഷം കോടി ആവശ്യപ്പെട്ടന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

നേരത്തെ, പൊതുവിപണിയിലേക്കു 40,000 കോടി രൂപ ഈ മാസം നിക്ഷേപിക്കുമെന്നു പറഞ്ഞ ആർബിഐ, ആദ്യ ഘട്ടമായി 12,000 കോടി രൂപ വ്യാഴാഴ്ച നിക്ഷേപിക്കും. സർക്കാരിന്റെ കടപ്പത്രങ്ങൾ തുറന്ന വിപണിയിലെ പ്രവർത്തനങ്ങളിലൂടെ വാങ്ങിക്കാൻ തീരുമാനിച്ചതായും ആർബിഐ വൃത്തങ്ങൾ അറിയിച്ചു.
 

related stories