Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവച്ചു; വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

Urjith patel

ന്യൂഡൽഹി ∙ അപ്രതീക്ഷിത നീക്കത്തിലൂടെ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവച്ചു. ബാങ്കിന്റെ സ്വയംഭരണാവകാശത്തെച്ചൊല്ലി കേന്ദ്രസർക്കാരുമായി ഭിന്നതയിലായിരുന്ന പട്ടേൽ രാജിക്ക് ഒരുങ്ങുന്നതായി നേരത്തേ സൂചനയുണ്ടായിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി പിന്നീട് വിലയിരുത്തപ്പെട്ടിരുന്നു. രാജിക്കു കാരണം വ്യക്തിപരമെന്നാണു കത്തിൽ പറയുന്നത്. 

‌ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും രാജിവച്ചതായി പ്രചരിച്ചെങ്കിലും ആചാര്യ തന്നെ നിഷേധിച്ചു. ഉർജിതിന്റെ പിൻ‌ഗാമിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും മുൻ ധനകാര്യ സെക്രട്ടറിയുമായ ഹസ്‌മുഖ് ആധിയ നിയമിതനാകുമെന്ന് സൂചനയുണ്ട്. നോട്ട് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്കു നേതൃത്വം നൽകിയത് ആധിയയാണ്. 

റിസർവ് ബാങ്കിന്റെ 9.6 ലക്ഷം കോടി രൂപ കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് കിട്ടണമെന്ന സർക്കാരിന്റെ ആവശ്യം ബാങ്ക് സ്വീകരിക്കാത്തതാണ് പ്രശ്നങ്ങൾക്കു തുടക്കം. നയരൂപീകരണം, ദുർബല ബാങ്കുകൾക്കു മൂലധനം അനുവദിക്കൽ, രാഷ്ട്രീയ താൽപര്യമുള്ളവരെ ഭരണസമിതിയിൽ നിയമിക്കൽ തുടങ്ങിയവ തർക്കം രൂക്ഷമാക്കി. ഇതോടെ റിസർവ് ബാങ്കിനു നിർദേശങ്ങൾ നൽകാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ആർബിഐ നിയമത്തിലെ 7(1) വകുപ്പ് ചരിത്രത്തിലാദ്യമായി പ്രയോഗിക്കുമെന്ന് സൂചനയുണ്ടായി. ഇതു സംഭവിച്ചാൽ ഉർജിത് രാജി വയ്ക്കുമെന്ന് അഭ്യൂഹം ഉയർന്നു. കഴിഞ്ഞമാസം 19ന് ചേർന്ന ബാങ്ക് ഭരണസമിതി യോഗത്തിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്നും രാജി ഉണ്ടാകില്ലെന്നുമായിരുന്നു സൂചന. 

ബാങ്കിങ് മേഖലയെ ചിട്ടയിൽ ക്രമപ്പെടുത്തിയ മിടുക്കനാണ് പട്ടേൽ എന്നും രാജി കനത്ത നഷ്ടമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. അമിതാധികാര പ്രയോഗത്തിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഇരയാണു പട്ടേലെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി. രാജി എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠയോടെയാണു കാണുന്നതെന്നു മുൻ ഗവർണർ രഘുറാം രാജൻ പറഞ്ഞു. 

പടിയിറക്കം ഒരു വർഷം ബാക്കിയുള്ളപ്പോൾ

കാലാവധി പൂർത്തിയാക്കാൻ ഒരു വർഷത്തോളം ബാക്കിയുള്ളപ്പോഴാണ് ഉർജിത് പട്ടേൽ (55) പടിയിറങ്ങുന്നത്. റിസർവ് ബാങ്കിന്റെ 24–ാം ഗവർണറായി 2016 സെപ്റ്റംബർ 4നാണ് അദ്ദേഹം ചുമതലയേറ്റത്. 3 വർഷമായിരുന്നു കാലാവധി. ഗവർണറാകും മുൻപ് ഡപ്യൂട്ടി ഗവർണറായിരുന്നു.

related stories