കോൺഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യം ഉയർത്തിയ നരേന്ദ്ര മോദി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു തൊട്ടുമുൻപു നേരിടുന്ന യാഥാർഥ്യം, ആ സ്വപ്നത്തിൽ നിഴൽവീഴുന്നു എന്നതുതന്നെ. കോൺഗ്രസ് അതിശക്തമായ തിരിച്ചുവരവു നടത്തുന്നതാണ് ഇപ്പോൾ നടന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിടത്തെയും ഫലങ്ങളിൽ തെളിയുന്നത്. അതേസമയം, മിസോറമിലെ ഫലം വന്നതോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പൂർണമായും‘കോൺഗ്രസ്മുക്തം’ ആവുകയും ചെയ്തു.
അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യക്തമായ ചില സൂചനകൾ നൽകിയിരിക്കുകയാണ്. അതിൽ ഏറ്റവും പ്രധാനം കേന്ദ്രത്തിലെയും ചില സംസ്ഥാനങ്ങളിലെയും ബിജെപി ഭരണത്തിനെതിരെ ശക്തമായ അടിയൊഴുക്കുണ്ട് എന്നതാണ്.
നോട്ട് നിരോധനം, ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ പിഴവുകൾ, ഇന്ധനവിലവർധന, അതുകൊണ്ടു കൂടിയുണ്ടാകുന്ന വിലക്കയറ്റം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായെന്നു വ്യക്തം. കൃഷിമേഖലയിൽ വ്യാപകമായി നിലനിൽക്കുന്ന അസംതൃപ്തി ഈ ഫലങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. കൃഷിവായ്പകൾ എഴുതിത്തള്ളുമെന്ന കോൺഗ്രസിന്റെ പ്രഖ്യാപനത്തെ പ്രത്യാശയോടെയാണു ജനങ്ങൾ വരവേറ്റതെന്നത് ഇതോടു ചേർത്തുവായിക്കുകയും വേണം. അതേസമയം, മധ്യപ്രദേശിൽ അവസാനനിമിഷം വരെ നിലനിന്ന ശക്തമായ മൽസരം കോൺഗ്രസിനു വ്യക്തമായ സൂചനയുമാണ്.
മധ്യപ്രദേശിൽ കോൺഗ്രസ് ഇഞ്ചോടിഞ്ചു മൽസരത്തിൽ ബിഎസ്പി, എസ്പി പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിക്കുമെന്നാണു സൂചന. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജനകീയ പരിവേഷമാണു ബിജെപിക്ക് ഇവിടെ പിടിച്ചു നിൽക്കാൻ തുണയായത്. നിരീക്ഷകരും എക്സിറ്റ് പോൾ ഫലങ്ങളും ഒരുപോലെ അനുകൂലമെന്നു വിധിയെഴുതിയ രാജസ്ഥാനിലാകട്ടെ, ആശിച്ച പ്രകടനം പുറത്തെടുക്കാനാകാതെ പോയതിന്റെ നിരാശ വിജയത്തിളക്കത്തിലും കോൺഗ്രസിനൊപ്പമുണ്ട്. പാർട്ടിക്കകത്തും ജനമധ്യത്തിലും മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കുള്ള അപ്രീതി കോൺഗ്രസിനു ഗുണകരമാവുകയും ചെയ്തു. ഇരുനൂറിൽ 163 സീറ്റും നേടി 2013ൽ അധികാരത്തിലെത്തിയ വസുന്ധരയുടെ ദയനീയമായ പടിയിറക്കമാണിത്.
ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന ബിജെപി മുഖ്യമന്ത്രിയെന്ന ഖ്യാതിയോടെയാണു രമൺസിങ് ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും കോൺഗ്രസ് ആ അപ്രമാദിത്തത്തെ തകർത്തു. ബിഎസ്പി – അജിത് ജോഗി സഖ്യം നേടുന്ന വോട്ടുകൾ കോൺഗ്രസിനെ വീഴ്ത്തുമെന്ന ബിജെപി കണക്കുകൂട്ടലും പാളി. മിസോറമിന്റെ ചരിത്രത്തിൽ മിസോ നാഷനൽ ഫ്രണ്ടിന് (എംഎൻഎഫ്) ലഭിച്ച ഏറ്റവും തിളക്കമുള്ള വിജയമാണ് ഇത്തവണത്തേത്. 10 വർഷത്തെ ഇടവേള അവസാനിപ്പിച്ചുള്ള വമ്പൻ തിരിച്ചുവരവ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അവസാനത്തെ ഇടത്തുനിന്നും കോൺഗ്രസിനെ തുടച്ചുനീക്കുന്നതുകൂടിയായിത്തീർന്നു.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു നൽകിയതാവട്ടെ, മോദിവിരുദ്ധ വിശാലസഖ്യത്തിനു ചുക്കാൻപിടിക്കുന്ന ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനുള്ള തിരിച്ചടിയും. കാലാവധി അവസാനിക്കാൻ ഒൻപതു മാസം കൂടി ശേഷിക്കെ നിയമസഭ പിരിച്ചുവിട്ടു തിരഞ്ഞെടുപ്പിനെ നേരിടാൻ ചന്ദ്രശേഖർ റാവുവിനെ പ്രേരിപ്പിച്ച ആത്മവിശ്വാസത്തിന്റെ വിജയംതന്നെയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നടത്തിയ പോരാട്ടം പലയിടത്തും കോൺഗ്രസിന്റെ വോട്ടായി മാറിയിട്ടുണ്ടെന്നു പറയാം. അതേസമയം, വിവിധ കക്ഷികളുടെ പ്രചാരണം പലപ്പോഴും വ്യക്തിപരവും കുടുംബപരവുമായ അധിക്ഷേപങ്ങളുടെ നിലയിലേക്കു തരംതാഴുന്നതും കണ്ടു. ബിജെപിക്കെതിരെ കോൺഗ്രസ് തന്നെയാണ് ഏറ്റവും ശക്തിയുള്ള എതിരാളിയെന്ന് ഈ തിരഞ്ഞെടുപ്പു ഫലങ്ങൾ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.
പ്രധാനമന്ത്രിക്കും ബിജെപിക്കും ശക്തമായ താക്കീതാകുന്നു ഈ ഫലങ്ങൾ. പ്രസംഗങ്ങളിലൂടെയും വാക്ധോരണികളിലൂടെയും ജനസഞ്ചയങ്ങളെ ഇളക്കിമറിക്കുന്നതു കൊണ്ടുമാത്രം ഭരണം തൃപ്തികരമാവുന്നില്ല; പ്രഖ്യാപനങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിൽ എത്രത്തോളം വിജയിക്കാൻ കഴിഞ്ഞു എന്നു സ്വയം വിലയിരുത്താൻകൂടി തയാറാകേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനങ്ങൾക്കു മറുപടി നൽകാനുള്ള ഏക ആയുധം വോട്ട് ആണെന്ന് സദാ ഓർക്കുന്നതു നന്നായിരിക്കും; ബിജെപി മാത്രമല്ല, എല്ലാ രാഷ്ട്രീയകക്ഷികളും.