പാലക്കാട്∙ ആന്ധ്രയിൽ നിന്ന് ഒരു ലോഡ് സിമന്റ് കൊച്ചിയലേക്കു വരുന്നതിനുള്ള നടപടിക്രമം ഇങ്ങനെ. 50 കിലോഗ്രാം ചാക്ക് സിമന്റിന്റെ വില 280– 300 രൂപ വരെ. 10 ടൺ ഭാരം വഹിക്കാവുന്ന ഒരു ലോറിയിൽ ഇത്തരത്തിലുള്ള 200 ചാക്ക് കാണും. 20 ചാക്ക് ആണ് ഒരു ടൺ. ഉൽപന്നവുമായി ഒരു ചരക്കു ലോറി കൊച്ചിയിലേക്കു യാത്ര ആരംഭിക്കുന്നു  സിമന്റ് കൊച്ചിയിലേക്കു കൊണ്ടുവരുന്ന വ്യാപാരി ഇതിനു മുന്നോടിയായി ഇ ഡിക്ലറേഷൻ ഫയൽ ചെയ്യണം. ഇതിനു പ്രത്യേക ഫോമുണ്ട്. വ്യാപാരിക്ക് കേരള വാണിജ്യ നികുതി വകുപ്പ് നൽകിയിട്ടുള്ള ടിൻ നമ്പർ (ടാക്സ് പേയർ ഐഡന്റിഫിക്കേഷൻ നമ്പർ) രേഖപ്പെടുത്തി കൊണ്ടുവരുന്ന ചരക്കിന്റെ വിശദാംശങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. 

വാണിജ്യ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ഇദ്ദേഹത്തിനുള്ള അക്കൗണ്ടിൽ രഹസ്യപാസ്‌വേഡ് ഉപയോഗിച്ച് വിവരങ്ങൾ എൻട്രി ചെയ്യുന്നു. തുടർന്ന് ഒരു ടോക്കൺ നമ്പർ ലഭിക്കും. ഇത് വ്യാപാരി സിമന്റ് കൊണ്ടുവരുന്ന ഡ്രൈവർക്കു കൈമാറും. ഈ ടോക്കൺ നമ്പർ വാളയാർ ചെക്പോസ്റ്റിൽ നൽകുമ്പോൾ ഓൺലൈനായി വിവരങ്ങൾ പരിശോധിച്ചു വാഹനം കടത്തിവിടും. പിന്നീട് പ്രതിമാസ ഇ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കൊണ്ടുവന്ന സിമന്റിനുള്ള മൂല്യവർധിത നികുതി (വാറ്റ്) ഓൺലൈനായി ബാങ്ക് അക്കൗണ്ട് മുഖേന കൈമാറും റിട്ടേൺ ഫയൽ ചെയ്യുന്ന വ്യാപാരികൾക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. 

കൊണ്ടുവരുന്ന സിമന്റിലെ തൂക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ അതു ചെക്പോസ്റ്റിൽ പരിശോധിക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്. തൂക്കത്തിൽ വ്യത്യാസമുണ്ടെങ്കിൽ പിഴയായുള്ള അധികതുക ചെക്പോസ്റ്റിൽ അടയ്ക്കണം. ഈ മാസം 30നു ശേഷം ഇതും ഇല്ലാതാകും. സാധാരണഗതിയിൽ ഇപ്രകാരം വരുന്ന സിമന്റ് ചാക്കൊന്നിന് 380– 410 രൂപ വരെ നൽകി കേരളത്തിൽ വിൽക്കുന്നു. (ഇപ്പോഴത്തെ ഏകദേശ വില) സിമന്റിന് 14.5% ആണ് കേരളത്തിലെ വാറ്റ്. പുതിയ സംവിധാനത്തിൽ സിമന്റിന് ജിഎസ്ടി നികുതി 28%. കേരളത്തിനും കേന്ദ്രത്തിനും പകുതി വീതം. ഇപ്രകാരമാണു ചരക്കുനീക്കമെങ്കിലും അനധികൃത പിരിവും ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥർക്കുള്ള പടിയും നിൽനിൽക്കുന്നു. ആന്ധയ്രിൽ നിന്നു ചരക്കു വരുന്ന വഴിയുള്ള ചെക്പോസ്റ്റുകളിലെ സ്ഥിതി ഇപ്രകാരമാണെന്നു ലോറി ഡ്രൈവർമാർ പറയുന്നു.