തിരുവനന്തപുരം ∙ രാജ്യം നാളെ ചരക്ക്, സേവന നികുതിയിലേക്കു മാറുന്നതോടെ സംസ്ഥാനത്ത് ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി മരുന്നുകൾക്കു വില കുറയും. കെട്ടിട നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ, വയറിങ് കേബിൾ തുടങ്ങിയവയ്ക്കു വില ഉയരും. സംസ്ഥാന നികുതി വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിലാണ്, ജിഎസ്ടി കാരണം നാളെ മുതൽ സംസ്ഥാനത്ത് ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുമെന്ന വിലയിരുത്തൽ. രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്കാരത്തിന്റെ പേരിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ വഞ്ചിക്കാതിരിക്കാൻ പരമാവധി ഉൽപന്നങ്ങളുടെ വിലമാറ്റം പ്രസിദ്ധീകരിക്കുമെന്നു വാണിജ്യ നികുതി കമ്മിഷണർ രാജൻ എൻ. ഖോബ്രഗഡെ പറഞ്ഞു.
രാജ്യത്ത് ഒറ്റ നികുതി നിരക്കാണ് നാളെ മുതൽ പ്രാബല്യത്തിലാകുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വില കൂടുന്നതും കുറയുന്നതുമായ ഇനങ്ങൾക്ക് വ്യത്യാസമുണ്ട്. സംസ്ഥാനങ്ങൾ ഇപ്പോൾ ചുമത്തുന്ന വാറ്റ് നികുതിയിലെ ഏറ്റക്കുറച്ചിലുകളാണ് കാരണം. കേന്ദ്ര എക്സൈസ് നികുതി, സേവന നികുതി, ആഡംബര നികുതി, മൂല്യവർധിത നികുതി തുടങ്ങി ഒട്ടേറെ നികുതികളാണ് ഉൽപന്നങ്ങളുടെ വിലയ്ക്കു മേൽ ഇപ്പോൾ ഇൗടാക്കുന്നത്. ഇത് ജിഎസ്ടി എന്ന ഒറ്റ നികുതിയിലേക്കു മാറുന്നതോടെ വില കൂടുകയും കുറയുകയും ചെയ്യുമെങ്കിലും ഇത് ജനങ്ങളിലേക്കെത്താൻ സർക്കാരിന്റെ കർശന ഇടപെടൽ വേണ്ടി വരും.
കുപ്പിയിലുള്ള കുടിവെള്ളം, അച്ചാർ, ഇൻസ്റ്റന്റ് കോഫി, ആയുർവേദ മരുന്നുകൾ, മാർബിൾ, സിമന്റ് കല്ല്, ഇന്റർലോക്ക് ഇഷ്ടിക, പ്ലാസ്റ്റിക് കസേര എന്നിവയ്ക്കു നേരിയ വിലക്കുറവാണുണ്ടാവുക. ശർക്കരയ്ക്കും തയ്യൽ മെഷീനും കാര്യമായി വില കുറയും. 6000 രൂപ വിലയുള്ള തയ്യൽ മെഷീന് 350 രൂപയിലേറെയാണ് വിലക്കുറവിനു സാധ്യത.
ഗ്രാനൈറ്റ് സ്ലാബിന് വൻ വിലക്കയറ്റമാണു കേരളത്തിലുണ്ടാകുക. ചതുരശ്രയടിക്ക് 200 രൂപ വിലയുള്ള ഗ്രാനൈറ്റ് സ്ലാബിന് ഇനി 218 രൂപ വരെയാകും വില. 1000 രൂപ വിലയുള്ള ഒരു റോൾ വയറിങ് കേബിളിന് 75 രൂപ വരെ വില വർധിക്കുമെന്നാണു കണക്കുകൂട്ടൽ.
അതേസമയം, വിലക്കുറവ് ജനങ്ങളിലെത്തിക്കാതെ ലാഭമാക്കി മാറ്റാൻ വ്യാപാരികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇത്തരം പരാതികൾ കേൾക്കാനും പരിഹരിക്കാനും ജിഎസ്ടി കൗൺസിൽ സമിതിയെ നിശ്ചിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഒന്നുമില്ല. നികുതി മാറ്റം പട്ടികയായി പുറത്തിറക്കി നേരിടാനാണു ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.