വാജ്‌പേയി തന്റെ കവിതകളുടെ സമാഹാരം പ്രകാശനംചെയ്യാൻ ക്ഷണിച്ചത് അന്നു പ്രധാനമന്ത്രിയായിരുന്ന പി. വി. നരസിംഹറാവുവിനെയാണ്. ‘എന്റെ അഭിപ്രായത്തിൽ വാജ്പേയിയുടെ ഏറ്റവും വലിയ സവിശേഷത ഇതാണ്: അദ്ദേഹത്തിന്റെ വ്യക്‌തിത്വത്തിൽ നമുക്ക് ഇഷ്‌ടപ്പെടാത്തതായി ഒന്നുമില്ല.’ റാവു പ്രസംഗത്തിനിടെ പറഞ്ഞു. വാജ്‌പേയിയെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വേറിട്ടു നിർത്തിയതും ഇതുതന്നെയാണ്. ബിജെപിയോടു കടുത്ത എതിർപ്പുള്ളവർപോലും വാജ്‌പേയിയെ ഇഷ്‌ടപ്പെട്ടു. ബിജെപിക്ക് ആറു വർഷം കേന്ദ്രത്തിൽ ഒരു മുന്നണി ഭരണം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞത് വാജ്‌പേയി ഇങ്ങനെ സർവസമ്മതനായിരുന്നതുകൊണ്ടു കൂടിയാണ്.
അയോധ്യാ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്താണു വാജ്‌പേയി വിദിശയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഡൽഹിയിൽനിന്ന് ഒരു ചെറിയ വിമാനത്തിൽ വാജ്‌പേയിയോടൊപ്പം വിദിശയിലേക്കു പോകാൻ ഞാനും ഫൊട്ടോഗ്രഫർ പി. മുസ്‌തഫയും കൂടി. യാത്രയിലുടനീളം വാജ്‌പേയി രസകരമായി പലതും സംസാരിച്ചു. ആ സംഭാഷണത്തിൽനിന്നാണ് എനിക്കു മനസ്സിലായത് അയോധ്യാ പ്രക്ഷോഭം ഇത്രയേറെ മുന്നേറിയെങ്കിലും വാജ്‌പേയി ഇതുവരെ അയോധ്യയിലേക്കു പോയില്ല എന്നത്. എന്തുകൊണ്ടായിരുന്നു അത് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. ചില കാരണങ്ങളുണ്ട് എന്നു പറഞ്ഞൊഴിഞ്ഞു.
അലഹാബാദിൽ എച്ച്.എൻ. ബഹുഗുണയ്‌ക്കെതിരെ കോൺഗ്രസ് അമിതാഭ് ബച്ചനെ സ്‌ഥാനാർഥിയാക്കിയതിനെക്കുറിച്ചും പരാമർശം വന്നു. ഏതു കക്ഷിയായാലും ഇങ്ങനെ താരങ്ങളെ പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ നിർത്തരുത് എന്നാണു തന്റെ അഭിപ്രായമെന്നു വാജ്‌പേയി പറഞ്ഞു. കാരണം, ബഹുഗുണയെപ്പോലെ ഒരു നേതാവ് പാർലമെന്റിൽ വരേണ്ടയാളാണ്. അമിതാഭിന് എവിടെനിന്നാലും ജയിക്കാം.
ഇന്നു വന്നു, നാളെ പോകുന്നു
1999 ഫെബ്രുവരിയിൽ പാക്കിസ്‌ഥാനിലെ ലഹോറിലേക്കു വാജ്‌പേയി ബസിൽ പോകുമ്പോൾ അതു റിപ്പോർട്ട് ചെയ്യാൻ പോയിരുന്നു. അന്നു വൈകുന്നേരം ലഹോറിൽ പഞ്ചാബ് ഗവർണറുടെ വസതിയോടു ചേർന്ന സ്‌ഥലത്തെ പൊതുയോഗത്തിൽ വാജ്‌പേയി പ്രസംഗിക്കാനെത്തുന്നു. നിറഞ്ഞ സദസ്സ്. വാജ്‌പേയിയുടെ ആദ്യത്തെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘‘ഇന്നു വന്നു, നാളെ പോകുന്നു. ജീവിതവും അതുപോലെ തന്നെയാണ്.’’ അങ്ങനെയൊരു തുടക്കം സദസ്സ് പ്രതീക്ഷിച്ചിരുന്നില്ല. ആ തുടക്കത്തിലൂടെ വാജ്‌പേയി സദസ്സിനെ കൈയിലെടുത്തു. ഒരു നല്ല സഹൃദയനേ അങ്ങനെ സംസാരിക്കാനാകൂ.
ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വാജ്‌പേയിയെപ്പോലെ ഉജ്വലരായ വാഗ്മികൾ ഏറെയില്ല. പാർലമെന്റിലായാലും പൊതുസമ്മേളനത്തിലായാലും പത്രസമ്മേളനത്തിലായാലും സാഹിത്യവേദികളിലായാലും അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രോതാക്കളെ പിടിച്ചിരുത്തുന്നതായിരുന്നു. ഇടയ്‌ക്കിടെ അതിൽ വേണ്ടുവോളം നർമവുമുണ്ടാകും. 13 ദിവസം പ്രധാനമന്ത്രിയായിരുന്നശേഷം വിശ്വാസപ്രമേയം വോട്ടിനിടുംമുൻപ് ലോക്‌സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം മറക്കാനാവാത്ത അനുഭവമായിരുന്നു.
വിഷയങ്ങൾ പഠിക്കാൻ ഏകനായി
വിഷയങ്ങൾ പഠിക്കാൻ വാജ്‌പേയിയെപ്പോലെ ശ്രദ്ധിച്ചിരുന്ന നേതാക്കൾ കുറവാണ്. 13 മാസത്തെ പ്രധാനമന്ത്രിപദത്തിനു ശേഷം അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുൻപുള്ള ഇടവേളയിലെ ഒരു സംഭവമാണിത്. കശ്‌മീരിൽനിന്ന് ഓടിപ്പോരേണ്ടി വന്ന ഹിന്ദുക്കളുടെ ഒരു യോഗം ഭാരതീയ വിദ്യാഭവനിൽ നടക്കുന്നു. യോഗം ആരംഭിച്ച് കുറെ കഴിഞ്ഞപ്പോഴാണ് ഏറ്റവും പിന്നിൽ ആരുമാരും ശ്രദ്ധിക്കപ്പെടാതെ വാജ്‌പേയി ഇരിക്കുന്നതു കണ്ടത്. സെക്യൂരിറ്റി ഉദ്യോഗസ്‌ഥരെ പുറത്തു നിർത്തി അദ്ദേഹം നിശ്ശബ്‌ദനായി പിന്നിലൂടെ അവിടെ വന്നിരിക്കുകയായിരുന്നു – എന്താണ് പറയുന്നത് എന്നു കേൾക്കാൻ മാത്രം.
കടുത്ത ഹിന്ദുത്വവാദികളോടൊപ്പംനിന്നപ്പോഴും വാജ്‌പേയിയെ ആ നിലയ്‌ക്കു ജനങ്ങളോ എതിരാളികളോ കണ്ടില്ല. സാമ്പത്തിക വിദഗ്‌ധനൊന്നുമല്ലെങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത് കൈക്കൊണ്ട പല തീരുമാനങ്ങളും ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയിൽ പരിവർത്തനം സൃഷ്‌ടിക്കുന്നവയായിരുന്നു.
ട്രൈഡ്, ടെസ്റ്റഡ്, ട്രസ്റ്റഡ്
ധീരമായ തീരുമാനങ്ങൾ എടുക്കുന്നതിലും അദ്ദേഹം മുന്നിലായിരുന്നു. ഭരണത്തിലേറി ഒരു മാസം കഴിഞ്ഞപ്പോൾ 1998 മേയിൽ പൊഖ്‌റാനിൽ ആണവവിസ്‌ഫോടനം നടത്തിയത് അതിനു തെളിവായിരുന്നു. എന്നാൽ തനിക്ക് ആ തീരുമാനമെടുക്കാൻ കഴിഞ്ഞത് തന്റെ മുൻഗാമി പി. വി. നരസിംഹറാവു ചെയ്‌തുവച്ച അടിത്തറ കാരണമാണെന്നു തുറന്നു പറയാനുള്ള ആർജവവും വാജ്‌പേയി പ്രകടിപ്പിച്ചു. 22 കക്ഷികളുടെ കൂട്ടുമുന്നണി, കാർഗിൽ പോരാട്ടം, പാർലമെന്റിലെ തീവ്രവാദി ആക്രമണം, ആർഎസ്‌എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും വിമർശനം, ഗുജറാത്ത് കലാപം, ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചൽ എന്നിങ്ങനെ ഒട്ടേറെ പരീക്ഷണ ഘട്ടങ്ങളിലൂടെ അദ്ദേഹം തുഴഞ്ഞുപോയി.
അര നൂറ്റാണ്ടു കാലം എംപിയും ആറു വർഷം പ്രധാനമന്ത്രിയുമായിരുന്ന വാജ്‌പേയി അഴിമതിക്കറ പുരളാത്ത രാഷ്‌ട്രീയക്കാരനായിരുന്നു. ഹിന്ദു രാഷ്‌ട്രീയത്തിന്റെ അനിഷേധ്യ നേതാവും പതാകാവാഹകനും ആയിരുന്നിട്ടും അദ്ദേഹം മതേതരവാദികൾക്ക് അസ്വീകാര്യനായില്ല. അദ്ദേഹത്തിനുവേണ്ടി 1999ലെ തിരഞ്ഞെടുപ്പിനു ബിജെപി കണ്ടെത്തിയ പ്രചാരണ വാക്കുകൾ – ട്രൈഡ്, ടെസ്റ്റഡ്, ട്രസ്റ്റഡ് എന്നായിരുന്നു. ഒരു രാഷ്‌ട്രീയ നേതാവെന്ന നിലയിൽ അദ്ദേഹത്തിനു നൂറു ശതമാനവും യോജിക്കുന്ന വിശേഷണങ്ങളും അതു തന്നെ.