പട്ന∙ അടൽ ബിഹാരി വാജ്പേയിയോളം ജനപ്രീതിയുള്ള ഒരു നേതാവും സമീപകാല രാഷ്ട്രീയത്തിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുൻ പ്രധാനമന്ത്രിയുടെ 94–ാം ജന്മവാർഷികത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണു ജനതാദൾ (യുണൈറ്റഡ്) നേതാവ് നീതീഷ് സ്നേഹം തുളുമ്പുന്ന ഓർമകൾ പങ്കുവച്ചത്.
വാജ്‌പേയിയുടെ കീഴിൽ മന്ത്രിയായിരുന്നിട്ടുള്ള തന്നോട് അദ്ദേഹം കാണിച്ച സ്നേഹവാൽസല്യങ്ങൾ ഒരിക്കലും മറക്കാനാകില്ലെന്നും നിതീഷ് പറഞ്ഞു. ആശീർവാദം ലഭിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. കൂട്ടുകക്ഷി സർക്കാരിനെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന കലയുടെ പേരിൽ വാജ്പേയി എക്കാലവും ഓർമിക്കപ്പെടും.
കൂട്ടുകക്ഷി സർക്കാരിലെ പങ്കാളികളോടുള്ള ഹൃദ്യമായ ഇടപെടൽ സമ്മാനിച്ച ഊർജം അപാരമായിരുന്നു. പ്രതിപക്ഷനിരയിലെ എതിരാളികളോടു പോലുമുള്ള അദ്ദേഹത്തിന്റെ കുലീനമായ പെരുമാറ്റം കാണേണ്ട കാഴ്ചയായിരുന്നു. പട്നയിൽ വാജ്പേയിയുടെ പ്രതിമ സ്ഥാപിക്കുമെന്നും എല്ലാ വർഷവും അനുസ്മരണച്ചടങ്ങു സംഘടിപ്പിക്കുമെന്നും നിതീഷ് പ്രഖ്യാപിച്ചു.