Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകം ബഹുമാനത്തോടെ കണ്ട നേതാവായിരുന്നു വാജ്‌പേയി: ഗവർണർ പി.സദാശിവം

ab-vajpayee-ashes മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ചിതാഭസ്മം തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമ ക്ഷേത്രക്കടവിൽ നിമ‍ജ്ജനം ചെയ്യാനായി കൊണ്ടുവന്നപ്പോൾ. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, മുൻ പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ സമീപം. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ ലോകം മുഴുവന്‍ ബഹുമാനത്തോടെ കണ്ട നേതാവും വ്യക്തിയുമായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി എന്ന് ഗവര്‍ണര്‍ പി.സദാശിവം. വിജെടി ഹാളില്‍ നടന്ന വാജ്‌പേയി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്ത രാഷ്ട്രീയ ശത്രുത ഉള്ളവര്‍പോലും വാജ്‌പേയിയോടു സ്‌നേഹത്തോടെയാണ് ഇടപെട്ടത്. അറിവും കഴിവും അദ്ദേഹം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചു. സൗഹൃദങ്ങളിലൂടെയും ബന്ധങ്ങളിലൂടെയും വാജ്‌പേയി എന്നും നിലനില്‍ക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചിതാഭസ്മത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തി.

വിജെടി ഹാളില്‍ വാജ്പേയിയുടെ ചിതാഭസ്മത്തിനു മുന്നില്‍ ബിജെപി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി മുരളീധര്‍ റാവു ദീപം തെളിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള അധ്യക്ഷനായിരുന്നു. അനുസ്മരണ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രഫ. പി.ജെ.കുര്യന്‍, കെ.രാമന്‍പിള്ള, ഡോ. ജി.മാധവന്‍ നായര്‍, അഡ്വ. കെ.അയ്യപ്പന്‍പിള്ള, എം.വി.ഗോവിന്ദന്‍, സത്യന്‍ മൊകേരി, രാജന്‍ ബാബു, ഡോ. ഡി.ബോബുപോള്‍, ഡോ. ടി.പി.സെന്‍കുമാര്‍, ടി.പി.ശ്രീനിവാസൻ, എസ്.സേതുമാധവന്‍, എംപിമാരായ ശശി തരൂര്‍, റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, എംഎല്‍എമാരായ ഒ.രാജഗോപാല്‍, കെ.മുരളീധരന്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.

ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, സി.കെ.പദ്മനാഭന്‍, എ.എന്‍.രാധാകൃഷ്ണന്‍, ഡോ. പി.പി.വാവ, ശോഭ സുരേന്ദ്രന്‍, അഡ്വ. എസ്.സുരേഷ് തുടങ്ങിയവരും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ സമ്മേളനത്തിന് ശേഷം പ്രവര്‍ത്തകരുടെ അകമ്പടിയോടെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ സ്‌നാനഘട്ടില്‍ ചിതാഭസ്മം നിമജ്ജനം ചെയ്തു.