എ.ബി. വാജ്പേയിയും നരേന്ദ്ര മോദിയും– ബിജെപിയുടെ രണ്ടു പ്രധാനമന്ത്രിമാർ. മൂന്നു തവണ പ്രധാനമന്ത്രി പദത്തിലെത്തിയ വാജ്പേയി പക്ഷേ മോദി അധികാരത്തിലെത്തുമ്പോൾ പൂർണമായും രോഗശയ്യയിലായിരുന്നു. 2004ൽ വാജ്പേയി സ്ഥാനമൊഴിഞ്ഞ് പത്തു വർഷത്തിനു ശേഷമാണു മോദി അധികാരത്തിലെത്തുന്നത്. അഞ്ചു വർഷത്തിലേറെ പദവിയിൽ തുടർന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാണു വാജ്പേയ്. നരേന്ദ്ര മോദിയാകട്ടെ, സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള തലമുറയിൽനിന്നുള്ള ആദ്യ പ്രധാനമന്ത്രിയും.
വാജ്പേയിയും മോദിയും ആർഎസ്എസ് പരിശീലനം നേടി രാഷ്ട്രീയത്തിൽ ഉയർന്നവരാണ്, ഒരേ ആശയസംഹിതയുടെ പിന്തുടർച്ചക്കാർ, മികച്ച പ്രസംഗകർ – എന്നാൽ തികച്ചും വ്യത്യസ്തമാണു രണ്ടു പേരുടെയും ശൈലിയും സമീപനവും. വാജ്പേയി ബിജെപിക്കു പുറത്ത് ഏറ്റവും സ്വീകാര്യതയുള്ള നേതാവാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഒരിക്കലും ബിജെപിയുടെ ചട്ടക്കൂടിൽ ഒതുങ്ങുന്നതായിരുന്നില്ല. അയോധ്യാ വിഷയം കത്തിക്കാളി നിന്നപ്പോഴും അവിടേക്കു പോകാൻ വിസമ്മതിച്ച നേതാവ്.
പ്രധാനമന്ത്രിയായിരിക്കെ 2001ൽ വാജ്പേയിയാണു മോദിയോടു ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ നിർദേശിച്ചത്. അന്ന് അദ്ദേഹം ബിജെപി ജനറൽ സെക്രട്ടറിയാണ്. ഗുജറാത്തിൽ കേശുഭായ് പട്ടേലായിരുന്നു മുഖ്യമന്ത്രി. തന്നെ ഇതിനു പരിഗണിക്കരുതെന്നാണു വാജ്പേയിയോടു മോദി ആദ്യം പറഞ്ഞത്. ഡൽഹിയിൽ നിൽക്കുന്ന തനിക്കു പ്രാദേശിക രാഷ്ട്രീയത്തിൽ പരിചയമില്ലെന്ന കാരണമാണു പറഞ്ഞത്. വാജ്പേയി വിട്ടില്ല. അർധമനസ്സോടെ ഗുജറാത്തിലേക്കു പോയ മോദി 2001 ഒക്ടോബർ ഏഴിനു ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നീടുള്ളതു ചരിത്രം.
മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി പദവിയിൽനിന്നു നീക്കാനും വാജ്പേയി ശ്രമിച്ചു, വിജയിച്ചില്ലെന്നു മാത്രം. 2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം ഏറെ അസ്വസ്ഥനായിരുന്നു വാജ്പേയി. ആ വർഷം ഏപ്രിൽ നാലിന് അദ്ദേഹം അഹമ്മദാബാദിലെത്തി. ഒപ്പം മോദിയുമുണ്ട്. അന്നു പത്രസമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടിയായി വാജ്പേയി പറഞ്ഞു– ‘സർക്കാരിന്റെ ചുമതല രാജധർമം പാലിക്കുക എന്നതാണ്. രാജാക്കന്മാരും ഭരണാധികാരികളും ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ വേർതിരിച്ചു കാണാൻ പാടില്ല’. തൊട്ടടുത്ത് ഇരുന്ന മുഖ്യമന്ത്രി നരേന്ദ്രമോദി ഉടൻ പറഞ്ഞു–‘സർ, അതു തന്നെയാണു ഞങ്ങൾ ഇവിടെയും ചെയ്യുന്നത്.’
അതേ മാസം ഗോവയിൽ നടന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ നരേന്ദ്രമോദിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാനാണു വാജ്പേയി ആഗ്രഹിച്ചത്. നരേന്ദ്രമോദി ഇക്കാര്യം മുൻ കൂട്ടി മനസ്സിലാക്കി വളരെ വിദഗ്ദ്ധമായി കരുനീക്കി. മോദി തന്നെ വേദിയിൽനിന്നു രാജി പ്രഖ്യാപിച്ചു. പക്ഷേ അപ്പോഴേക്കും യോഗത്തിൽ വലിയ എതിർപ്പുയർന്നു. വാജ്പേയിക്കും അദ്ദേഹത്തിന്റെ വലംകൈയായി നിന്ന എൽ. കെ. അഡ്വാനിക്കും മോദിയുടെ നീക്കം മനസ്സിലായി. അവർ വിഷയം അവിടെ അവസാനിപ്പിച്ചു. മോദി വിജയിക്കുകയും മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. പിന്നീട് അതേ ഗോവയിൽ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി തിരഞ്ഞെടുക്കുന്നത് രാജ്യം കണ്ടു–2014–ൽ. പക്ഷേ വാജ്പേയി അപ്പോൾ രോഗശയ്യയിൽ ആയിരുന്നു.
ഒരു പ്രധാനമന്ത്രി എന്ന നിലയിൽ വാജ്പേയി കൈക്കൊണ്ട പല തീരുമാനങ്ങളും ചരിത്രം സൃഷ്ടിച്ചവയാണ്. 1998–ൽ പൊഖ്റാനിൽ ആണവ വിസ്ഫോടനം നടത്താനുള്ള വാജ്പേയിയുടെ തീരുമാനം രാഷ്ട്രാന്തരതലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തി. പിന്നീട് ഇന്ത്യക്കെതിരേ പ്രഖ്യാപിച്ച ഉപരോധത്തെ മറികടക്കുന്നതിനും വാജ്പേയിക്കു കഴിഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണത്തിൽ വാജ്പേയി സർക്കാർ ഏറെ മുന്നോട്ടു പോയി. സർക്കാർ പണം ചെലവഴിക്കുന്നതിന്റെ ദുരുപയോഗം തടയാൻ ഫിസ്ക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് മാനേജ്മെൻറ് നിയമം കൊണ്ടു വന്നത് വാജ്പേയിയാണ്.
പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത്രയേറെ ശ്രമിച്ച വേറൊരു പ്രധാനമന്ത്രിയില്ല. മുഷറഫിനെ ഇന്ത്യയിലേക്കു ചർച്ചയ്ക്കു വിളിച്ചതു തന്നെ രാഷ്ട്രാന്തര ശ്രദ്ധ പിടിച്ചു പറ്റി. മുഷറഫിനു വെറും കൈയോടെ മടങ്ങേണ്ടി വന്നുവെന്നതു മറ്റൊരു വിജയം. ലഹോറിലേക്കു വാജ്പേയി നടത്തിയ ബസ് യാത്ര മറ്റൊരു ചരിത്രസംഭവമായി.
അതേസമയം കാർഗിലിൽ നുഴഞ്ഞു കയറിയ പാക്ക് സൈന്യത്തെ തുരത്താൻ നടത്തിയ യുദ്ധം രാഷ്ട്രാന്തര തലത്തിൽ പാക്കിസ്ഥാനെ തുറന്നു കാണിക്കുകയും ചെയ്തു. ഇന്നു വിദേശകാര്യ വിഷയത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾത്തന്നെ പാക്കിസ്ഥാനുമായി ഒരു ചർച്ച പോലും നടത്താൻ ഈ സർക്കാരിനു കഴിയുന്നുമില്ല.
വാജ്പേയിയുടെ പ്രവർത്തനം തികഞ്ഞ ജനാധിപത്യ ശൈലിയിലായിരുന്നു. സോണിയാഗാന്ധി വാജ്പേയിയെയും മോദിയെയും താരതമ്യപ്പെടുത്തി പറഞ്ഞത് ഇങ്ങനെയാണ്–പാർലമെൻററി നടപടിക്രമങ്ങളെ പൂർണമായി മാനിക്കുന്ന സമീപനമായിരുന്നു വാജ്പേയിയുടേത്. അദ്ദേഹം എല്ലാവരെയും ഉൾക്കൊള്ളിക്കാനുള്ള മനോഭാവം കാണിച്ചിരുന്നു. വാജ്പേയിയുടെ കാലത്തു പ്രതിപക്ഷത്തിനു സർക്കാരുമായി സഹകരിക്കാൻ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ മോദി സർക്കാരിന്റേത് നേരേ വിപരീതമായ സമീപനമാണ്.
വാജ്പേയി തലമുതിർന്നവരെയും യുവാക്കളെയും ഒരുമിച്ചു സർക്കാരിൽ പങ്കാളികളാക്കി. ആർഎസ്എസിനെ അദ്ദേഹം ഒരു പരിധിക്കപ്പുറം ഭരണത്തിൽ കൈകടത്താൻ അനുവദിച്ചില്ല. മാധ്യമങ്ങളെ അകറ്റി നിർത്തുന്ന നിലപാടാണു മോദിയുടേതെങ്കിൽ വാജ്പേയി മാധ്യമങ്ങൾക്കു പ്രിയങ്കരനായിരുന്നു. അദ്ദേഹം മാധ്യമങ്ങളെ അഭിമുഖീകരിച്ചും പത്രസമ്മേളനങ്ങൾ നടത്തിയും വിദേശ യാത്രകളിൽ അവരെ ഒപ്പം കൂട്ടിയും തികഞ്ഞ സൗഹാർദത്തിൽത്തന്നെ മുന്നോട്ടു പോയി. വാജ്പേയിക്കു പല സുപ്രധാന തീരുമാനങ്ങളുടെ കാര്യത്തിലും ഘടകക്ഷികളുടെ കൂടി വിശ്വാസം ആർജിക്കേണ്ടിയിരുന്നു– കാരണം ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ഉണ്ടായിരുന്നില്ല.