Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഹ്റു ക്ഷണിച്ചു, കോൺഗ്രസിലേക്ക്

vajpayee-with-km-mathew 2000ൽ കേരളത്തിലെത്തിയ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ, അന്നത്തെ മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം.മാത്യു കുമരകത്തെ താജ് റിസോർട്ടിൽ സന്ദർശിച്ചപ്പോൾ. മാമ്മൻ മാത്യു, ജേക്കബ് മാത്യു, ഫിലിപ് മാത്യു എന്നിവർ സമീപം. കേരളത്തിലെ കൃഷിമേഖലയുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു സന്ദർശനലക്ഷ്യം.

ജനസംഘ കാലം. ഒരിക്കൽ ചർച്ചയിൽ വാജ്പേയിയുടെ വാക്ചാതുര്യം കണ്ട് ജവാഹർലാൽ നെഹ്റു പറഞ്ഞു– ‘താങ്കൾ തെറ്റായ പാർട്ടിയിൽ ചേർന്ന ശരിയായ മനുഷ്യനാണ്. കോൺഗ്രസിലേക്കു വരൂ!’വിനയം നിറഞ്ഞ നറുപുഞ്ചിരിയായിരുന്നു വാജ്‌പേയിയുടെ മറുപടി.

അണ്ണാദുരൈ പറഞ്ഞു, ഈ ഹിന്ദി അതിസുന്ദരം 

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന സി.എൻ. അണ്ണാദുരൈ അതിനുമുൻപ് എംപിയായിരുന്നപ്പോൾ, വാജ്‌പേയിയുടെ പാർലമെന്റ് പ്രസംഗത്തിൽ മനംനിറഞ്ഞിരുന്നുപോയി.  ‘ഈ ഹിന്ദിയാണ് നിങ്ങൾ ഇന്ത്യയൊട്ടാകെ അടിച്ചേൽപ്പിക്കാൻ പോകുന്നതെങ്കിൽ, തമിഴ്നാട്ടിൽ (അന്നു മദ്രാസ് സ്റ്റേറ്റ്) അതു സ്വീകരിക്കാൻ ഞാൻ തയാറാണ്’– ആവേശഭരിതനായി അദ്ദേഹം പറഞ്ഞപ്പോൾ വാജ്‌പേയിയുടെ കണ്ണുനിറഞ്ഞുപോയി.

നാടിനെ കയ്യിലെടുത്ത വാഗ്‌വൈഭവം

ലോക്‌സഭയിൽ ഇംഗ്ലിഷിൽ പ്രസംഗിച്ചിരുന്ന പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഒരിക്കൽ കുറച്ചുനേരം ഹിന്ദിയിൽ പ്രസംഗിക്കാൻ സ്‌പീക്കറുടെ അനുമതി തേടി. ലോക്‌സഭാംഗമായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ ചോദ്യത്തിനു മറുപടി പറയാനായിരുന്നു അത്.

1958 ഓഗസ്‌റ്റ് 19ന് ആയിരുന്നു വാജ്‌പേയിയുടെ പാർലമെന്റിലെ കന്നിപ്രസംഗം. വിദേശനയമായിരുന്നു വിഷയം. ഹിന്ദിയിലുള്ള ആ മനോഹരമായ പ്രസംഗത്തിനായിരുന്നു ഹിന്ദിയിൽ നെഹ്‌റു മറുപടി പറഞ്ഞത്. രാജ്യാന്തര തലത്തിലുള്ള എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുമായിരുന്ന നെഹ്‌റുവിന്റെ വിദേശനയത്തെ കളിയാക്കി തന്റെ പ്രസംഗത്തിൽ വാജ്‌പേയി ഇങ്ങനെ പറഞ്ഞു: ‘ഒരാൾക്കു പ്രസംഗിക്കാൻ വാചാലത മതി. എന്നാൽ നിശ്ശബ്‌ദനായിരിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഇന്ത്യ പല കാര്യങ്ങളിലും നിശ്ശബ്‌ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.’ ഈ വാചകമാണു നെഹ്‌റുവിനെ ആകർഷിച്ചത്. വാജ്‌പേയിയുടെ ഈ അഭിപ്രായമാകട്ടെ, നെഹ്‌റു അംഗീകരിക്കുകയും ചെയ്‌തു. നെഹ്‌റുവിന്റെ വിദേശനയത്തിന്റെ ആരാധകനായിരുന്നു വാജ്‌പേയി എന്നതു മറ്റൊരു കാര്യം.

സാധാരണ ജനങ്ങളുമായി സംവദിക്കാനുള്ള കഴിവാണു പ്രസംഗകൻ എന്ന നിലയിൽ വാജ്‌പേയിയുടെ ഏറ്റവും പ്രധാന സവിശേഷത. അതേസമയം ആ വാക്കുകൾ സാഹിത്യമേന്മയുള്ളതുമായിരിക്കും.