Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകാകിയായ ജനനായകൻ

vajpayee-and-grand-daughter ചെറുമകൾ നീഹാരികയോടൊത്ത്.

കവിതയെയും സംഗീതത്തെയും സിനിമയെയും സ്‌നേഹിച്ച രാഷ്‌ട്രീയക്കാരനായിരുന്നു അടൽ ബിഹാരി വാജ്‌പേയി. വാക്കുകൾ കൊണ്ട് അമ്മാനമാടാനും ഏതാനും വാചകങ്ങളിലൂടെ അണികളെ പ്രചോദിപ്പിക്കാനും കഴിഞ്ഞ നേതാവ്. രാഷ്‌ട്രീയത്തിലെ കാറും കോളുമെല്ലാം സൗമ്യമായി നേരിട്ട് അതിനെ മെരുക്കിയ രാഷ്‌ട്രതന്ത്രജ്‌ഞൻ.

1926–ലെ ക്രിസ്‌മസ് ദിനത്തിലാണു വാജ്‌പേയി ജനിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയ്‌ക്കടുത്തുള്ള ബടേശ്വർ ഗ്രാമത്തിലായിരുന്നു മൂലകുടുംബമെങ്കിലും വാജ്‌പേയി വളർന്നതു മധ്യപ്രദേശിലെ ഗ്വാളിയറിലായിരുന്നു. പിതാവ് കൃഷ്‌ണ ബിഹാരി വാജ്‌പേയി സ്‌കൂളധ്യാപകനായാണ് ഭാര്യ കൃഷ്‌ണാദേവിയുമൊത്തു ഗ്വാളിയറിലെത്തിയത്. ഏഴുമക്കളായിരുന്നു ദമ്പതികൾക്ക്. അവധ്, സാഭാ, പ്രേം, അടൽ, വിമല, കമല, ഊർമിള. അടൽ രാഷ്‌ട്രീയത്തിൽ സജീവമായിത്തുടങ്ങിയ 1951ൽ കാൻസർ രോഗത്തെത്തുടർന്നു മാതാപിതാക്കൾ ആറുമാസത്തെ വ്യത്യാസത്തിൽ മരിച്ചു.

പിതാവ് ഹെഡ്‌മാസ്‌റ്ററായിരുന്ന സ്‌കൂളിൽ പഠിച്ച അടൽ അക്കാലത്തുതന്നെ ആർഎസ്‌എസ് പ്രവർത്തകനായിരുന്നു. ഗ്വാളിയർ വിക്‌ടോറിയ കോളജിൽ പഠിക്കുമ്പോൾ കമ്യൂണിസ്‌റ്റ് ചായ്‌വുണ്ടായതിനെത്തുടർന്ന് സ്‌റ്റുഡന്റ്‌സ് ഫെഡറേഷനിൽ ചേർന്നെങ്കിലും ആർഎസ്‌എസാണ് തന്റെ തട്ടകം എന്നു തിരിച്ചറിഞ്ഞു മടങ്ങി. 

വൈകിയെത്തി, പ്രസംഗിച്ചു ഞെട്ടിച്ചു

അലഹബാദിൽ സർവകലാശാല തലത്തിൽ നടന്ന പ്രസംഗമത്സരത്തിലൂടെയാണ് അടൽ ബിഹാരി വാജ്‌പേയി എന്ന നാടറിയുന്ന പ്രസംഗകൻ ജന്മമെടുത്തത്. ട്രെയിൻ വൈകിയതിനാൽ വിക്‌ടോറിയ കോളജിന്റെ പ്രതിനിധിയായ അടൽ എത്താൻ വൈകി. സംഘാടകർ സമ്മതിച്ചില്ലെങ്കിലും വിധികർത്താക്കൾ തയാറാണെന്നു വന്നതോടെ അടലിനും അവസരം കിട്ടി. പ്രശസ്‌ത ഹിന്ദി കവിയും അമിതാഭ് ബച്ചന്റെ പിതാവുമായ ഹരിവംശറായ് ബച്ചൻ അടക്കമുള്ള വിധികർത്താക്കൾ വാജ്‌പേയിയിലെ പ്രസംഗകനെ തിരിച്ചറിഞ്ഞത് അന്നാണ്. പിന്നീട് പാർലമെന്റിലും ഐക്യരാഷ്‌ട്രസഭയിലും രാജ്യത്തെ പല നഗരങ്ങളിലും നെഹ്‌റുവിനുശേഷം ഇന്ത്യ കണ്ട മികച്ച ഈ രാജ്യതന്ത്രജ്‌ഞന്റെ വാഗ്‌ധോരണി ഒഴുകിത്തുടങ്ങി.

ഐക്യരാഷ്‌ട്ര സഭയിൽ ഹിന്ദിയിൽ പ്രസംഗിച്ചു എന്ന പുതുമയുമുണ്ട്. വിക്‌ടോറിയയിൽ നിന്നു ഫസ്‌റ്റ് ക്ലാസോടെ ബിഎ പാസായ ശേഷം കാൺപൂരിലെ ഡിഎവി കോളജിൽ പൊളിറ്റിക്കൽ സയൻസിൽ എംഎ നേടി. തുടർന്നു നിയമപഠനത്തിനു ചേർന്നെങ്കിലും സ്വാതന്ത്ര്യസമരം തലയ്‌ക്കുപിടിച്ചതോടെ 1945ൽ പഠനം പൂർത്തിയാക്കാതെ രാഷ്‌ട്രീയത്തിലേക്കു കടന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്‌ഥാനത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിക്കേണ്ടി വന്നു. അടിയന്തരാവസ്‌ഥക്കാലത്താണു വീണ്ടുമൊരിക്കൽകൂടി വാജ്‌പേയി ജയിലിൽ പോയത്.

ആദ്യ കോൺഗ്രസ് ഇതര സർക്കാരിൽ തിളങ്ങി

ഹിന്ദുമഹാസഭ നേതാവും നെഹ്‌റു മന്ത്രിസഭയിൽ അംഗവുമായിരുന്ന ശ്യാമപ്രസാദ് മുഖർജിയായിരുന്നു രാഷ്ട്രീയ ഗുരു. മുഖർജി വാഗ്‌മിയായ ചെറുപ്പക്കാരനെ തന്റെ സെക്രട്ടറിയാക്കി. 1951ൽ ശ്യാമപ്രസാദ് മുഖർജി ഭാരത ജനസംഘം തുടങ്ങിയപ്പോൾ അതിന്റെ സ്‌ഥാപകാംഗമായി. അക്കാലത്തു തന്നെ ആർഎസ്‌എസ് വാരികയായ പാഞ്ചജന്യത്തിന്റെ എഡിറ്ററുമായി. തന്നെ പലവട്ടം ജയിപ്പിച്ച ലക്‌നൗ മണ്ഡലത്തിൽ ആദ്യ തോൽവിയോടെയാണ് അദ്ദേഹം പാർലമെന്ററി രാഷ്‌ട്രീയം തുടങ്ങുന്നത്. 1955ൽ അദ്ദേഹം ലക്‌നൗവിൽ തോറ്റു. 1957ൽ ബൽറാംപൂരിൽ നിന്ന് ആദ്യമായി പാർലമെന്റിലെത്തി. പിന്നീട് 1984ൽ ഗ്വാളിയറിൽ മാധവറാവു സിന്ധ്യയോടു തോറ്റത് ഒഴിവാക്കിയാൽ വിജയം എന്നും വാജ്‌പേയിയുടെ ഒപ്പമായിരുന്നു.

vajpayee-bharatratna രാഷ്ട്രപതി പ്രണബ് മുഖർജി 2015ലെ ഭാരത രത്നം സമ്മാനിക്കുന്നു.

1977ൽ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വഴിത്തിരിവു വരുത്തിക്കൊണ്ട് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ ആദ്യ കോൺഗ്രസ് ഇതര സർക്കാർ വന്നപ്പോൾ അതിന്റെ ശിൽപികളിൽ ഒരാൾ വാജ്‌പേയി ആയിരുന്നു. മന്ത്രിസഭയിൽ വിദേശകാര്യവകുപ്പാണ് അദ്ദേഹം കൈയാളിയത്. 1971–ലെ പാക്കിസ്‌ഥാനുമായുള്ള യുദ്ധത്തിനുശേഷം ദുർബലമായിരുന്ന ഇന്ത്യ– പാക്ക് ബന്ധത്തെ പുനരുജ്‌ജീവിപ്പിച്ചു മന്ത്രിസഭയിലെ ഏറ്റവും തിളക്കമുള്ള വ്യക്‌തിയായി അദ്ദേഹം മാറി. പിന്നീട് ഏറെക്കാലത്തിനു ശേഷമാണ് അധികാര കേന്ദ്രത്തിലേക്കു എത്തിയത്. മൂന്നുവട്ടം പ്രധാനമന്ത്രിയായി. ഇന്ദിരാഗാന്ധിയും നെഹ്‌റുവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് വാജ്‌പേയിയാണ്.

വെല്ലുവിളികൾ അകത്തും പുറത്തും

പൊക്രാനിൽ രണ്ടാമത്തെ ആണവ പരീക്ഷണം  നടന്നതോടെ രാജ്യാന്തരതലത്തിൽ ഇന്ത്യൻ നിലപാടു ചർച്ച ചെയ്യപ്പെട്ടു. രാജ്യാന്തര എതിർപ്പുകളെ ദേശീയവികാരത്തിന്റെ ബലത്തിൽ എതിർക്കാൻ വാജ്‌പേയിക്കു കഴിഞ്ഞു. ഇന്ത്യ –പാക്ക് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ 1999 ഫെബ്രുവരിയിൽ ലഹോർ ബസ്‌യാത്ര നടത്തിയതും രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട നടപടിയായിരുന്നു. ‘ഓപ്പറേഷൻ വിജയ്’ എന്ന സൈനിക നടപടിയിലൂടെ കാർഗിലിലെ പാക്ക് കടന്നുകയറ്റത്തെ പരാജയപ്പെടുത്തിയപ്പോൾ ദേശീയ വികാരത്തിന്റെ തിരത്തള്ളൽ കണ്ട അതേ പ്രധാനമന്ത്രിക്ക് 2001 ഡിസംബറിലെ പാർലമെന്റാക്രമണത്തെത്തുടർന്നുള്ള നാണക്കേടും കാണേണ്ടി വന്നു. ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി വാജ്‌പേയിയുടെ നേതൃത്വത്തിൽ ബിജെപി  2004ൽ രംഗത്തിറങ്ങിയെങ്കിലും കാലിടറി. കണക്കുകൂട്ടലുകൾ കാറ്റിൽപ്പറത്തി കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി 216 സീറ്റോടെ വിജയം നേടി. കോൺഗ്രസ് 145 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ ബിജെപിക്ക് 138 സീറ്റാണ് കിട്ടിയത്.

വെള്ളിവെളിച്ചത്തിൽ നിന്നു സ്വയം മടക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. മുന്നണി സർക്കാർ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വാജ്‌പേയി ഏറ്റെടുത്തു. തോൽവിക്കു പ്രായശ്‌ചിത്തം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ പേരു പറഞ്ഞാണു തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടു തോൽവിയുടെ പരമാവധി ഉത്തരവാദിത്തം ഏൽക്കുകയാണ്’  എന്നായിരുന്നു വാജ്‌പേയിയുടെ നിലപാട്. വാജ്‌പേയി തുടർന്നും എൻ.ഡി.എയെ നയിക്കുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും പാർലമെന്റിൽ അഡ്വാനി പ്രതിപക്ഷനേതാവായി. എൻഡിഎ ചെയർമാൻ പദവിയുമായി വാജ്‌പേയി അകന്നുനിന്നു.

2015ൽ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചു. അനാരോഗ്യം കാരണം ദീർഘകാലമായി വിശ്രമത്തിലായിരുന്ന വാജ്‌പേയിക്ക് കൃഷ്‌ണമേനോൻ മാർഗിലെ വസതിയിലെത്തിയാണ് അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ഭാരതരത്നം പതക്കം അണിയിച്ചത്. 1992 ൽ പത്മവിഭൂഷണും 1994ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡും ലഭിച്ചു. മേരി ഇക്യാവൻ കവിതായേൻ, സങ്കൽപ്‌കാൽ, കൈദി കവിരാജ് കി കുണ്ടാലിയൻ, അമർ ബലിദാൻ എന്നീ കൃതികൾ രചിച്ച വാജ്‌പേയി ‘രാഷ്‌ട്രധർമ’ ‘പാഞ്ചജന്യ‘ എന്നീ വാരികകളുടെ എഡിറ്റർ പദവിയും വഹിച്ചു.