ന്യൂഡൽഹി ∙ അഞ്ച് ന്യൂനപക്ഷ സർവകലാശാലകൾ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായാനും മുൻഗണനകൾ നിശ്ചയിക്കാനും കേന്ദ്രം രണ്ട് ഉന്നതതല സമിതികൾ രൂപീകരിച്ചു. മുഖ്യധാരാ വിദ്യാഭ്യാസം നൽകുന്ന മദ്രസകൾക്കു ധനസഹായം നൽകാനും കേന്ദ്രത്തിനു പദ്ധതിയുണ്ട്.
മുസ്‌ലിം ജനസംഖ്യ നിർണായകമായ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വരാനിരിക്കെ, ഇതു പ്രയോജനം ചെയ്യുമെന്നാണു ബിജെപിയുടെ പ്രതീക്ഷ. അലിഗഡ് മുസ്‌ലിം സർവകലാശാലാ വൈസ് ചാൻസലർ ലഫ്. ജനറൽ സമീറുദ്ദീൻ ഷാ, ജാമിയ മിലിയ വാഴ്സിറ്റി വിസി പ്രഫ. തലത് അഹമ്മദ് തുടങ്ങിയവർ ഉൾപ്പെടെയുള്ള സമിതിയിൽ കാലിക്കറ്റ് വാഴ്സിറ്റി മുൻ വിസി ഡോ. ഇക്ബാൽ ഹസ്‌നൈനും അംഗമാണ്.
വൈദ്യശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ലോകനിലവാരത്തിലുള്ള സ്ഥാപനങ്ങൾക്കു രൂപം നൽകാൻ ഈ സർവകലാശാലകൾക്ക് അനുമതി നൽകുമെന്നാണ് കരുതുന്നത്. പുതിയ സർവകലാശാലകളുടെ ക്യാംപസുകൾ സ്ഥാപിക്കാൻ സ്ഥലങ്ങൾ കണ്ടെത്താനും സമിതി സർക്കാരിനെ സഹായിക്കും.
ഓരോന്നിനും കുറഞ്ഞതു 100 ഏക്കറെങ്കിലും സ്ഥലം വേണം. ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ താൽപര്യം അറിയിച്ചുകഴിഞ്ഞു.