എൽപിജി വില: ജിഎസ്‌ടി വന്നതോടെ ചില സംസ്ഥാനങ്ങളിൽ വർധന 32 രൂപ വരെ

ന്യൂഡൽഹി∙ ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കലിനെ തുടർന്നു സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ ഡൽഹി ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ 32 രൂപയുടെ വർധന. ഡൽഹിയിൽ പാചകവാതക സിലിണ്ടർ വില 446.65 രൂപയിൽ നിന്നു 477.46 രൂപയായി വർധിച്ചു. ആറു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർധന.

കേരളത്തിൽ അഞ്ചു ശതമാനമായിരുന്നു വാറ്റ് നികുതി. ജിഎസ്ടിയും അഞ്ചു ശതമാനമായതിനാൽ ഫലത്തിൽ വില വ്യത്യാസമില്ല.

പാചകവാതക സിലിണ്ടറിനെ മൂല്യവർധിത നികുതി (വാറ്റ്), വിൽപന നികുതി എന്നിവയിൽ നിന്നൊഴിവാക്കിയിരുന്ന ഡൽഹി, ചണ്ഡിഗഡ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, തമിഴ്നാട്, യുപി, ബംഗാൾ, ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാണ് ജിഎസ്ടി നിലവിൽ വന്നതിനെ തുടർന്നു വില വർധനയുണ്ടായത്.

മറ്റു സംസ്ഥാനങ്ങളിൽ ഒന്നു മുതൽ അഞ്ചു ശതമാനം വരെയായിരുന്നു വാറ്റും വിൽപന നികുതിയും. ജിഎസ്ടി നിലവിൽ വന്നതോടെ അഞ്ചു ശതമാനം നികുതി ചുമത്തപ്പെട്ടു. മുംബൈയിൽ മൂന്നു ശതമാനം വാറ്റിനു പകരം അഞ്ചു ശതമാനം ജിഎസ്ടി നിലവിൽ വന്നതു കാരണം സിലിണ്ടറിനു 14.28 രൂപ വില കൂടി.