ന്യൂഡൽഹി ∙ അസമീസ് ഗായികയും നടിയുമായ ബിദിഷ ബെസ്ബറുവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് നിഷിഥ് ഝാ അറസ്റ്റിലായി. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹരിയാന ഗുരുഗ്രാമിലെ സുഷാന്ത് ലോക് മേഖലയിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയിലാണു ബിദിഷയെ കണ്ടെത്തിയത്.
ബിദിഷയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നിഷിഥിന് എതിരായി ആത്മഹത്യാപ്രേരണക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. അനുരാഗ് ബസു സംവിധാനം ചെയ്ത ‘ജഗ്ഗാ ജാസൂസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണു ബിദിഷ ശ്രദ്ധേയയായത്.
ഭർത്താവും ഭർത്തൃവീട്ടുകാരും പീഡിപ്പിക്കുന്നുവെന്നു ബിദിഷ മാതാപിതാക്കളോടു പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പരാതി നൽകിയത്. ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയില്ല. 14 മാസം മുൻപായിരുന്നു ബിദിഷയുടെ വിവാഹം. ഈയിടെയാണു മുംബൈയിൽ നിന്നു ഗുരുഗ്രാമിലെത്തിയത്.