Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ വ്യാജമദ്യക്കേസിൽ വധശിക്ഷ നൽകാൻ നിയമം

Yogi Adityanath

ലക്നൗ∙ വ്യാജമദ്യം കഴിച്ചവർ മരിക്കുകയോ സ്ഥിരവൈകല്യമുണ്ടാകുകയോ ചെയ്താൽ പ്രതികൾക്കു വധശിക്ഷ നൽകാൻ വ്യവസ്ഥചെയ്യുന്ന അബ്കാരി നിയമ ഭേദഗതി ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചു. വ്യാജമദ്യ നിർമാണത്തിനു തടയിടുക എന്ന ലക്ഷ്യംവച്ചാണു പുതിയ ഭേദഗതി. വ്യാജമദ്യ ദുരന്തമുണ്ടായാൽ സംഭവത്തിന്റെ തീവ്രത അനുസരിച്ചു പ്രതികൾക്കു ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കുംവിധം അബ്കാരി നിയമത്തിൽ പുതിയൊരു വകുപ്പ് (60എ) കൂട്ടിച്ചേർക്കും.

ജീവപര്യന്തത്തിനു പകരം പത്തുലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കാനും വകുപ്പുണ്ടാകും. വ്യാജമദ്യക്കേസിൽ വധശിക്ഷ നൽകുന്ന നിയമം നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണു യുപി. ഡൽഹിയും ഗുജറാത്തും ഇതു നിയമമാക്കിക്കഴിഞ്ഞു. ഇപ്പോൾ നിയമസഭാ സമ്മേളന കാലമല്ലാത്തതിനാൽ ഓർഡിനൻസ് പുറപ്പെടുവിക്കുമെന്ന് എക്സൈസ് മന്ത്രി ജയ് പ്രതാപ് സിങ് പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനം ആരംഭിച്ചാലുടൻ ബിൽ അവതരിപ്പിക്കും. സംസ്ഥാനത്തു പുതിയ അബ്കാരി നയരൂപീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ആറു മാസത്തിനകം ഇതു പൂർത്തിയായേക്കുമെന്നും മന്ത്രി പറഞ്ഞു.

യുപിയിൽ വിഷമദ്യം കഴിച്ചു മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഏറിവരികയാണ്. ജൂലൈയിൽ അസംഗഡിലുണ്ടായ വിഷമദ്യദുരന്തത്തിൽ 17 പേർ മരിച്ചിരുന്നു. 2015ൽ മലിഹാബാദിൽ 28 പേർ മരിച്ചു. കഴിഞ്ഞ വർഷം ഇറ്റ, ഫറൂഖാബാദ് ജില്ലകളിലുണ്ടായ മദ്യദുരന്തങ്ങളിൽ മുപ്പതിലേറെപ്പേർക്കു ജീവൻ നഷ്ടമായതിനെ തുടർന്നു ദേശീയ മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടുകയും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു.