ജംബാസുർ (ഗുജറാത്ത്) ∙ ദേശീയതയുടെയും രാജ്യസ്നേഹത്തിന്റെയും മൊത്തക്കച്ചവടം ബിജെപിയെ ആരും ഏൽപിച്ചിട്ടില്ലെന്നു കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. നില പരുങ്ങലിലാകുമ്പോൾ ദേശീയതയും വംശീയതയും പറയുന്നതു ബിജെപിയുടെ പതിവാണെന്നും, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേൽ ആരോപിച്ചു.
‘ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയുമൊക്കെ ഭീകരതയുടെ ഇരകളായവരാണ്. ഞങ്ങളെ ദേശീയതയും രാജ്യസ്നേഹവും പഠിപ്പിക്കാൻ ബിജെപിക്ക് അർഹതയില്ല–പട്ടേൽ പറഞ്ഞു. തനിക്കു ബന്ധമുള്ള ആശുപത്രിയിൽനിന്ന് ഇസ്‍ലാമിക് സ്റ്റേറ്റ് പ്രവർത്തകനെ അറസ്റ്റ് ചെയ്തുവെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു പട്ടേൽ. ഗുജറാത്തിലെ അങ്കലേശ്വറിലുള്ള സർദാർ പട്ടേൽ ആശുപത്രിയിൽ ലാബ് ടെക്നീഷനായി ജോലിചെയ്തിരുന്ന ആളാണ് ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായത്.
അഹമ്മദ് പട്ടേൽ മുൻപ് ഈ ആശുപത്രിയുടെ ഡയറക്ടറായിരുന്നുവെന്നാണു ബിജെപി ആരോപിക്കുന്നത്. എന്നാൽ, 2015ൽ താൻ ചുമതല ഒഴിഞ്ഞുവെന്നും വർഷങ്ങൾക്കു ശേഷമാണു ലാബ് ടെക്നീഷൻ ജോലിയിൽ പ്രവേശിച്ചതെന്നും അഹമ്മദ് പട്ടേൽ വിശദീകരിച്ചു. ഇയാൾ മുൻപു ബിജെപി നേതാക്കൾ ഉദ്ഘാടനം ചെയ്ത ആശുപത്രിയിലും ജോലി നോക്കിയിട്ടുണ്ടെന്നും പട്ടേൽ ആരോപിച്ചു.