Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീയ സംഘർഷം തിരഞ്ഞെടുപ്പിനു മുൻപുള്ള തന്ത്രം: അഹമ്മദ് പട്ടേൽ രാജ്നാഥ് സിങ്ങിനോട്

ahmad-patel അഹമ്മദ് പട്ടേൽ

ന്യൂ‍‍ഡൽഹി∙ രാജ്യത്തുണ്ടാകുന്ന വർഗീയ സംഘർഷങ്ങളിൽ ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രത്തോടു കോൺഗ്രസ് ആവശ്യപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്ത് വർഗീയ ധ്രുവീകരണം കൊണ്ടുവരാനുള്ള വൻ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്നും കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് എഴുതിയ കത്തിൽ സംസ്ഥാന ഭരണകൂടങ്ങളും ഭരണഘടനയുടെ സംവിധാനങ്ങളും അവരുടെ കടമ ചെയ്യുന്നതിൽനിന്നു സ്വയം ഒഴിവാകുകയാണെന്നും ഇതിനു പിന്നിൽ സമ്മർദ്ദമുണ്ടായിരിക്കാമെന്നുമാണു കത്തിൽ പറഞ്ഞിരിക്കുന്നത്.

വിഷയത്തിൽ ഇടപെട്ടു സംസ്ഥാന സർക്കാരുകളെക്കൊണ്ടു ശക്തമായ നടപടിയെടുപ്പിക്കണമെന്നും രാഷ്ട്രീയച്ചായ്‌വുകൾ കണക്കിലെടുക്കാതെ ഇത്തരം വർഗീയ സംഘർഷങ്ങൾക്കു കാരണക്കാർക്കായവർക്കെതിരെ നടപടി ഉണ്ടാകണമെന്നും കത്തിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയും എടുക്കണം. സ്ഥാപിത രാഷ്ട്രീയ താൽപര്യങ്ങളെ പ്രതിനിധാനം ചെയ്താണ് ഇത്തരം ആളുകൾ പ്രവർത്തിക്കുന്നതെന്നതു വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നു, പട്ടേൽ കത്തിൽ പറഞ്ഞു.

ബിഹാറിൽ വർഗീയ സംഘർഷമുണ്ടാക്കിയ ആൾ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടുന്നു, ബംഗാളിൽ കേന്ദ്രമന്ത്രി വർഗീയതയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു തുടങ്ങി ബിഹാർ, ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വർഗീയ സംഘർഷങ്ങളെക്കുറിച്ചും പട്ടേൽ കത്തിൽ പറയുന്നുണ്ട്. ഈ അക്രമങ്ങൾക്കെല്ലാം ഒരു പൊതു സ്വഭാവം ഉണ്ടെന്നും അടുത്തിടെയായി കാണാത്ത സംഭവവികാസങ്ങളാണെന്നും പറയുന്നു.

മത ചടങ്ങുകളും ഉത്സവങ്ങളും സാധാരണയായി എല്ലാവരും ചേർന്നു സന്തോഷമായാണു നടത്തുന്നത്. എന്നാൽ ചില സ്ഥാപിത താൽപര്യക്കാർ അതിനെ മറ്റൊരു മതത്തിനെതിരെ തിരിച്ചുവിട്ടു വർഗീയ സംഘർഷമുണ്ടാക്കാനാണു ശ്രമിക്കുന്നത്. ഇത്തരം വിശുദ്ധ ഉത്സവങ്ങൾ ആഘോഷിക്കാനല്ല, പകരം ഭയത്തിന്റെയും വിരട്ടലിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്.

അക്രമം അക്രമത്തെയാണ് ഉത്പാദിപ്പിക്കുന്നത്. ആളുകളുടെ ജീവനും സ്വത്തിനും കേടുപറ്റാൻ അതു കാരണഹേതുവാകുന്നതു രാജ്യത്തിനു വലിയൊരു നഷ്ടമാണുണ്ടാക്കുന്നത്. ഇത്തരം നിഷ്ഠൂരകൃത്യങ്ങളിൽ ഇരുവിഭാഗങ്ങളിലുമുള്ള ജനങ്ങളുടെ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നതു നമ്മുടെ വികസനത്തിന്റെ മുന്നേറ്റത്തെ ബാധിക്കുമോയെന്ന ഭയമുണ്ടെന്നും പട്ടേൽ വ്യക്തമാക്കി.  

related stories