Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന് ഇന്ത്യയുടെ സഹായം തേടാം: രാജ്നാഥ് സിങ്

rajnath-singh കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

ജയ്പൂർ∙ ഭീകരവാദത്തെ ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ പാക്കിസ്ഥാന് ഇന്ത്യയുടെ സഹായം തേടാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. നരേന്ദ്രമോദിയുടെ കീഴിലുള്ള എൻഡിഎ സർക്കാരിന്റെ നാലു വർഷക്കാലയളവില്‍ ഇന്ത്യയിൽ പ്രധാനപ്പെട്ട ഒരു ഭീകരാക്രമണ സംഭവം പോലും ഉണ്ടായിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു.

അഫ്ഗാനിസ്ഥാനിൽ‌ യുഎസ് സഹായത്തോടെയാണ് ഭീകരവാദത്തിനും താലിബാനും എതിരായ പോരാട്ടം നടക്കുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാനമായ രീതിയിൽ ഇന്ത്യയുടെ സഹായം തേടാം. രാജ്യത്തിന്റെ സുപ്രധാന ഭാഗമെന്ന നിലയ്ക്ക് ജമ്മു കശ്മീര്‍ ഒരു പ്രശ്നമല്ല. പ്രശ്നം ഭീകരവാദമാണ്. പാക്കിസ്ഥാന് അത് ചര്‍ച്ച ചെയ്യാൻ സാധിക്കും– അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ കോൺഗ്രസ് പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും അവരുടെ വാക്കും പ്രവർത്തനവും വെവ്വേറെയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഭീകരവാദം ഇല്ലാതായെന്ന് അവകാശപ്പെടാനില്ല. പക്ഷേ അത് കശ്മീരിൽ മാത്രമായി പരിമിതപ്പെടുത്താൻ സാധിച്ചു. അവിടെയും കാര്യങ്ങളിൽ പുരോഗതിയുണ്ട്. ജമ്മു–കശ്മീരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ‍ വിജയകരമായി നടത്താൻ സാധിച്ചു. സർക്കാർ കശ്മീരിനെ രാഷ്ട്രീയ പ്രക്രിയയിലേക്ക് എത്തിച്ചതായും രാജ്നാഥ് സിങ് അവകാശപ്പെട്ടു.

ഭീകരവാദം പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്നതാണെന്ന കാര്യത്തിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. രാജ്യത്തിന്റെ അതിർത്തികളെല്ലാം സുരക്ഷിതമാണ്. വരും വർഷങ്ങളോടെ നക്സലിസം രാജ്യത്തുനിന്നു തന്നെ ഇല്ലാതാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. നക്സലുകളെ രാജ്യത്തെ 90 ജില്ലകളിൽനിന്ന് 8–9 ജില്ലകളിലേക്കു മാത്രമായി ചുരുക്കാൻ സാധിച്ചിട്ടുണ്ട്. അടുത്ത കുറച്ചുവർഷത്തിനുള്ളിൽതന്നെ ഇവരെ പൂർണമായും ഇല്ലാതാക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.

related stories