Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്ന് വർഷത്തിനകം ഇന്ത്യയിൽ നിന്ന് ഇടതുപക്ഷ തീവ്രവാദം തുടച്ചുമാറ്റും: രാജ്നാഥ് സിങ്

Rajnath Singh കേന്ദ്രമന്ത്രി രാജ്നാഥ് സിങ്

ലക്നൗ∙ മൂന്നു വർഷത്തിനകം രാജ്യത്തു നിന്ന് ഇടതുപക്ഷ തീവ്രവാദം പൂർണമായും തുടച്ചുമാറ്റുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഉത്തർപ്രദേശിൽ റാപിഡ് ആക്‌ഷൻ ഫോഴ്സിന്റെ (ആർഎഎഫ്) ഇരുപത്തിയാറാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എത്രയും പെട്ടെന്ന്, എത്രയും വേഗത്തിലായിരിക്കണം ആർഎഎഫിന്റെ പ്രവർത്തനം. എന്നാൽ ആക്രമണത്തിൽ എടുത്തുചാട്ടം ഒഴിവാക്കണമെന്നും രാജ്നാഥ് സിങ് നിർദേശിച്ചു. 

ഏതാനും വർഷം മുൻപുവരെ രാജ്യത്ത് 126 നക്സൽ ബാധിത ജില്ലകളുണ്ടായിരുന്നു. ഇന്നത് 10-12ലേക്കു താഴ്ന്നിരിക്കുന്നു. ഒന്നോ രണ്ടോ അല്ലെങ്കിൽ പരമാവധി മൂന്നു വർഷത്തിനകം ഇടതുപക്ഷ തീവ്രവാദം രാജ്യത്തുനിന്നു തുടച്ചു നീക്കും. സംസ്ഥാന പൊലീസിന്റെയും സൈന്യത്തിന്റെയും നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂവെന്നും രാജ്നാഥ് സിങ് പറഞ്ഞു. 

ഈ വർഷം ഇതുവരെ 131 മാവോയിസ്റ്റുകളെയും തീവ്രവാദികളെയും സൈന്യം കൊലപ്പെടുത്തി. 1278 പേരെ അറസ്റ്റ് ചെയ്തു. 58 പേർ സൈന്യത്തിനു മുൻപാകെ കീഴടങ്ങിയെന്നും മന്ത്രി പറഞ്ഞു. ഭീകരർക്കെതിരെ സിആർപിഎഫിനെയാണ് ജമ്മുവിൽ പ്രധാനമായും നിയോഗിച്ചിരിക്കുന്നത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുക തന്നെ ചെയ്യും. ചില യുവാക്കൾ തെറ്റിദ്ധരിക്കപ്പെട്ടു ഭീകരർക്കൊപ്പം ചേരുന്നുണ്ട്. എന്നാൽ അവിടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സിആർപിഎഫ് മികച്ച പ്രകനമാണു കാഴ്ച വയ്ക്കുന്നതെന്നും രാജ്നാഥ് പറഞ്ഞു. 

കലാപങ്ങളും പ്രതിഷേധ സമരങ്ങളും നടക്കുമ്പോൾ പെട്ടെന്നു നടപടിയെടുക്കണം, എന്നാൽ എടുത്തുചാട്ടം വേണ്ടെന്നും സിആർപിഎഫിനു കീഴിലെ പ്രത്യേക യൂണിറ്റായ ആർഎഎഫിനോടു മന്ത്രി നിർദേശിച്ചു. സംസ്കാരം കാത്തുസൂക്ഷിക്കുന്ന യൂണിറ്റുകളായിരിക്കണം ഓരോ സേനാവിഭാഗത്തിലും ഉണ്ടാകേണ്ടത്. ആരെക്കൊണ്ടും ‘ക്രൂരതയുടെ പര്യായം’ എന്നു വിളിപ്പിക്കരുതെന്നും രാജ്നാഥ് നിർദേശിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കുമ്പോഴും മറ്റു സമാന സാഹചര്യങ്ങളിലും എപ്പോഴെല്ലാം സേനയെ ഉപയോഗിക്കണം, എത്രമാത്രം അവരെ ഉപയോഗപ്പെടുക്കണം എന്ന് ഓരോരുത്തർക്കും ബോധ്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ആയിരത്തോളം അംഗങ്ങളടങ്ങിയതാണ് ഒരു ആർഎഎഫ് ബറ്റാലിയൻ. മാരകമല്ലാത്ത ആയുധങ്ങളായ പമ്പ് ആക്‌ഷൻ ഗൺ, ടിയർ ഗ്യാസ് ഗ്രനേഡ് ലോഞ്ചർ, ഗാഡ്ജറ്റുകൾ തുടങ്ങിയവയാണ് ഇവർക്കു നൽകിയിരിക്കുന്നത്. കലാപത്തിലും അക്രമാസക്തമാകുന്ന പ്രതിഷേധ പ്രകടനങ്ങളിലുമാണ് ആർഎഎഫിന്റെ സേവനം ഉപയോഗപ്പെടുത്തുക. 1992 ഒക്ടോബറിലാണ് ആർഎഎഫ് പൂർണമായി പ്രവർത്തനസജ്ജമായത്. ഹൈദരാബാദ്, അഹമ്മദാബാദ്, അലഹബാദ്, മുംബൈ, ഡൽഹി, അലിഗഢ്, കോയമ്പത്തൂർ, ജംഷഡ്പുർ, ഭോപ്പാൽ, മീററ്റ് എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് ആർഎഎഫിന്റെ പത്തു ബറ്റാലിയനുകളെ നിയോഗിച്ചിട്ടുണ്ട്.

related stories