ന്യൂഡൽഹി ∙ ബിജെപി അധികാരത്തിലേറിയശേഷം രാജ്യത്തു വലിയ ഭീകരാക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പരിശോധിച്ചാല്‍ മനസ്സിലാകുമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. സുരക്ഷാസേനയുടെ നീക്കങ്ങളാണു രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ചു നിർത്തുന്നത്. യുപിഎ ഭരണകാലത്തു രാജ്യത്തു നക്സലുകളേക്കാള്‍ കൊല്ലപ്പെട്ടതു സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. എന്നാല്‍ ഇതുനേരെ തിരിച്ചാക്കാൻ ഇപ്പോൾ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷയുടെ ചുമതല തനിക്കു ലഭിച്ചപ്പോൾ ആഭ്യന്തര മന്ത്രാലയം ഏറ്റവും കൂടുതൽ പരിഗണിച്ചത് അതിർത്തിരക്ഷയ്ക്കായി ഉന്നത സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നതായിരുന്നു. അതിർത്തിയോടു ചേര്‍ന്നു നിരവധി കൺട്രോൾ റൂമുകൾ പുതുതായി നിർമിച്ചു. ഇതുകൊണ്ടു മാത്രമേ അതിര്‍ത്തിയിൽ എന്തു നടക്കുന്നുവെന്നു മനസ്സിലാക്കി സൈനികർക്കു നീങ്ങാന്‍ സാധിക്കൂവെന്നും രാജ്നാഥ് സിങ് പറഞ്ഞു.