ന്യൂഡൽഹി∙ വ്യാജവാർത്തകൾക്കെതിരായ കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും മുതിർന്ന മാധ്യമപ്രവർത്തകരും. അക്രഡിറ്റേഷൻ റദ്ദാക്കുന്ന നടപടി മാധ്യമപ്രവർത്തകരെ വേട്ടയാടാനുള്ളതാണെന്നു കോൺഗ്രസിന്റെ മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ വ്യക്തമാക്കി. നിയമത്തിൽ ആശങ്കയുണ്ട്. സത്യസന്ധരായ മാധ്യമപ്രവർത്തകർക്കെതിരെ ഈ നിയമം നടപ്പാക്കാനിടയുണ്ട്. ഭരണകൂടത്തിനെതിരെ വാർത്ത എഴുതുന്നതിൽനിന്നു മാധ്യമപ്രവർത്തകരെ ഭീതിപ്പെടുത്തി മാറ്റിനിർത്താനാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നതെന്നും പട്ടേൽ ആരോപിച്ചു.
സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായി ഉറച്ചുനിൽക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തും അപകീർത്തി ബില്ലിനെതിരെയും പോരാടിയവരാണ് തങ്ങൾ. മോദി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പ്രതിഷേധിക്കുന്നു. വ്യാജവാർത്തയെന്ന പേരിൽ അവർക്കെതിരെയുള്ള എല്ലാ വാർത്തയെയും സർക്കാർ അടിച്ചമർത്തും. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനായി നാം പ്രതിജ്ഞാബദ്ധമാണ്. അതിനായി ഉറച്ചുനിൽക്കുമെന്നും യച്ചൂരി വ്യക്തമാക്കി.
അതേസമയം, ഇക്കാര്യത്തിൽ നടപടിയെടുക്കുക പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ), ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻബിഎ) എന്നീ സ്ഥാപനങ്ങളാണെന്നും സർക്കാരല്ലെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. ഈ സ്ഥാപനങ്ങൾ സർക്കാരല്ല നിയന്ത്രിക്കുന്നതെന്നും അവർ പട്ടേലിന്റെ പ്രസ്താവനയോടു പ്രതികരിച്ചു.
വാർത്ത വ്യാജമാണെന്ന ആരാണ് തീരുമാനിക്കുന്നത്. അന്വേഷണം നടക്കുമ്പോൾ തന്നെ അക്രഡിറ്റേഷൻ റദ്ദാക്കാനാകുമോയെന്നും പട്ടേൽ ചോദിച്ചു. വ്യാജ വാർത്തയെ നിയന്ത്രിക്കുന്ന നടപടിയെ അഭിനന്ദിക്കുന്നെങ്കിലും ചില ചോദ്യങ്ങളിൽ വ്യക്തത വരാനുണ്ടെന്നും പട്ടേൽ ട്വിറ്ററിൽ അറിയിച്ചു.
∙ സത്യസന്ധരായ മാധ്യമപ്രവർത്തകരുടെ നേർക്ക് ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?
∙ എന്താണ് വ്യാജ വാർത്ത എന്ന് ആരാണ് തീരുമാനിക്കുക?
∙ അന്വേഷണം നടക്കുന്നതുവരെ അക്രഡിറ്റേഷൻ നഷ്ടപ്പെടുകയാണെങ്കിൽ അതിനുവേണ്ടി മനപ്പൂർവം പരാതി നൽകുന്ന സംഭവങ്ങളുണ്ടാകില്ലേ?
∙ നൽകിയിരിക്കുന്ന നിർദേശങ്ങൾ ഉപയോഗിച്ച് വ്യാജ വാർത്തകൾ കണ്ടുപിടിക്കുമെന്ന് എന്താണ് ഉറപ്പ്? അതോ ഈ നീക്കം വഴി ഭരണകൂടത്തിനെതിരെ വാർത്ത എഴുതുന്നതിൽനിന്ന് സത്യസന്ധരായ മാധ്യമപ്രവർത്തകരെ ഭയപ്പെടുത്തുകയാണോ ഉദ്ദേശം?, പട്ടേല്‍ ചോദിച്ചു.
അതേസമയം, സർക്കാരിന്റെ നീക്കം ജനാധിപത്യത്തിനു വിരുദ്ധമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകർ വ്യക്തമാക്കി. നീക്കത്തെ എതിർക്കാൻ ഉടൻതന്നെ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് യോഗം ചേരുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.