ന്യൂഡൽഹി∙ രാജ്യസഭയിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളണമെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ സുപ്രീം കോടതിയെ സമീപിച്ചു. തോറ്റ സ്ഥാനാർഥി ബിജെപിയിലെ ബൽവന്ത്സിങ് രാജ്പുത്താണു ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കോൺഗ്രസ് വിമത എംഎൽഎമാരായ ഭോലാഭായ് ഗോഹിൽ, രാഘവ് ഭായ് പട്ടേൽ എന്നിവരുടെ വോട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ അസാധുവാക്കിയതിനെത്തുടർന്നാണ് അഹമ്മദ് പട്ടേൽ കഷ്ടിച്ചു ജയിച്ചത്. വിമത എംഎൽഎമാരുടെ വോട്ട് അസാധുവാക്കിയതിനെതിരെയാണു രാജ്പുത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ വോട്ടുകൾ എണ്ണിയിരുന്നെങ്കിൽ താൻ ജയിക്കുമായിരുന്നു എന്നാണു വാദം.