ഡൽഹിയിൽ കള്ളനോട്ട് വേട്ട; പാക്ക് ബന്ധമെന്ന് സൂചന

ന്യൂഡൽഹി ∙ 6.6 ലക്ഷത്തിന്റെ വ്യാജ രണ്ടായിരം രൂപ നോട്ടുകളുമായി ഒരാൾ പിടിയിൽ. ആനന്ദ് വിഹാർ സംസ്ഥാനാന്തര ബസ് ടെർമിനലിലാണു ഖാഷിദ് (54) എന്നയാൾ പിടിയിലായത്. യഥാർഥ 2000 രൂപ നോട്ടിനെ വെല്ലുന്ന സെക്യൂരിറ്റി ത്രെഡും വാട്ടർ മാർക്കുമാണു വ്യാജനിലുള്ളത്. പാക്കിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ ബംഗ്ലാദേശ്, നേപ്പാൾ വഴി ഇന്ത്യയിൽ എത്തിക്കുകയാണെന്നാണു പൊലീസ് നൽകുന്ന സൂചന.

നാലു മാസത്തിനിടെ രണ്ടു കോടിയോളം രൂപയുടെ കള്ളനോട്ട് ഇയാൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ചതായാണു വിവരം. കഴിഞ്ഞ മാസം 5.98 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ രണ്ടു പേരിൽ നിന്നാണു ഖാഷിദിനെക്കുറിച്ചു സൂചന ലഭിച്ചത്.

ബംഗാളിലെ മാൽഡ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തിനു ഡൽഹി, യുപി, ബിഹാർ എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ടെന്നും പൊലീസ് പറയുന്നു. 9.1 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി 14നു കൊൽക്കത്തയിൽ എൻഐഎയുടെ പിടിയിലായ നാലുപേരും ഇതേ സംഘത്തിൽപ്പെട്ടവരാണെന്നാണു വിവരം.