Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ മഴവിൽ സഖ്യം മങ്ങുന്നു; ആദ്യഘട്ട പത്രികാസമർപ്പണം ഇന്നു തീരും

Gujarat

അഹമ്മദാബാദ് ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥിപ്പട്ടിക വന്നതോടെ കോൺഗ്രസ് പാളയത്തിൽ പട. കോൺഗ്രസിനു പിന്തുണ പ്രഖ്യാപിക്കാൻ ഹാർദിക് പട്ടേലിന്റെ സംവരണപ്രക്ഷോഭ സമിതി രാജ്കോട്ടിൽ നടത്താനിരുന്ന റാലി, 20 സ്ഥാനാർഥികളെ വേണമെന്ന ആവശ്യം രണ്ടിലൊതുക്കിയതിൽ പ്രതിഷേധിച്ച് ഉപേക്ഷിച്ചു.

കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ, എൻസിപി എല്ലാ മണ്ഡലത്തിലും സ്ഥാനാർഥികളെ നിർത്തുമെന്നു പ്രഖ്യാപിച്ചു. ആദിവാസി മേഖലയിൽ 25 സീറ്റ് നൽകണമെന്ന ജനതാദൾ–യു (ശരദ് യാദവ് പക്ഷം) ആവശ്യത്തോടും കോൺഗ്രസിന്റേത് തണുത്ത സമീപനം. ബിഎസ്പിയുടെ സഹകരണ വാഗ്ദാനവും കാര്യമായെടുത്തിട്ടില്ല. ഇതോടെ ബിജെപിക്കെതിരായി രൂപപ്പെടുമെന്നു പ്രതീക്ഷിച്ച മഴവിൽസഖ്യം തിരഞ്ഞെടുപ്പിനു മുൻപേ തകർന്നു. സംസ്ഥാനത്തു ദുർബലമായ സമാജ്‌വാദി പാർട്ടിയുടെയും ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുടെയും പിന്തുണയാണിപ്പോൾ കോൺഗ്രസിനുള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ സ്വന്തം നിലയ്ക്കു കഴിയുമെന്ന ആത്മവിശ്വാസമാണു സീറ്റ് വീതംവയ്പിലെ കോൺഗ്രസിന്റെ കടുംപിടിത്തത്തിനു പിന്നിലെന്നാണു സൂചന. എൻസിപി അർഹതയിൽ അധികം സീറ്റ് ആവശ്യപ്പെട്ടുവെന്നാണു ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ടിന്റെ വിശദീകരണം.

gujarat-party

പ്രാതിനിധ്യം രണ്ടു സീറ്റിലൊതുക്കിയ കോൺഗ്രസിനോടുള്ള സമീപനത്തിൽ പട്ടേൽ സംവരണ സമിതി തന്നെ രണ്ടു തട്ടിലായി. കോൺഗ്രസുമായി ചർച്ച തുടരുകയാണെന്നും ഇന്ന് അന്തിമനിലപാട് അറിയിക്കുമെന്നുമാണു സമിതി നൽകുന്ന സൂചന. പ്രതിഷേധിച്ച ഹാർദിക് അനുകൂലികൾ അഹമ്മദാബാദിലും സൂറത്തിലും കോൺഗ്രസ് കേന്ദ്രങ്ങളിൽ സംഘർഷമുണ്ടാക്കി.

ഇരുപത്തിരണ്ടു പട്ടേൽ സ്ഥാനാർഥികൾ ഇടം പിടിച്ച കോൺഗ്രസ് പട്ടികയിൽ പിന്നാക്ക വിഭാഗത്തിൽ നിന്ന് 20 പേരാണുള്ളത്. വോട്ടർമാരിൽ 18% വരുന്ന കോലി സമുദായത്തിൽ നിന്നാണു കൂടുതൽപേർ–16. ആദിവാസി–11, ദലിത്–7, ക്ഷത്രിയ–3, മുസ്‌ലിം– 3 എന്നിങ്ങനെയാണു മറ്റു സമുദായങ്ങളുടെ പ്രാതിനിധ്യം. രണ്ടു വനിതകൾക്കും സീറ്റ് നൽകി.

ആദ്യഘട്ടത്തിനായി പത്രിക സമർപ്പിക്കുന്നതിനുള്ള സമയം ഇന്നു തീരാനിരിക്കെ, പട്ടേൽ സംവരണ സമിതിയുടെ ഭാവിയും ഇന്നറിയാം. സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് ഓഫിസുകൾക്കു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നു കൺവീനർമാരായ ദിനേശ് ബംഭാണിയയും അൽപേശ് കത്തിരിയയും അറിയിച്ചു. മൂന്നു മന്ത്രിമാരടക്കം 16 സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കി ബിജെപി മൂന്നാം പട്ടിക പുറത്തിറക്കി.

22 പട്ടേൽ സ്ഥാനാർഥികൾ; 20 പേരും കോൺഗ്രസ് ഹാർദിക് പക്ഷത്തുനിന്ന് 2 േപർ മാത്രം

Congress Logo, Hardik Patel

ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ എല്ലാ സിറ്റിങ് എംഎൽഎമാരെയും ഉൾപെടുത്തി കോൺഗ്രസ് പുറത്തിറക്കിയ 77 സീറ്റുകളുടെ ആദ്യപട്ടികയിൽ പട്ടേൽ വിഭാഗക്കാർക്കു 22 എണ്ണം നൽകി. പക്ഷേ അതിൽ ഇരുപതും കോൺഗ്രസുകാരായ പട്ടേലുകൾ. ഹാർദിക് പക്ഷത്തെ ലളിത് വസോയയ്ക്കും (ധോരാജി) അമിത് തുമ്മാറിനും ( ജുനഗഢ്) മാത്രമാണ് സീറ്റ് ലഭിച്ചത്. വസോയ കോൺഗ്രസ് ടിക്കറ്റിൽ നാമനിർദേശപത്രിക നൽകിക്കഴിഞ്ഞു അങ്ങനെ ചെയ്യരുതെന്ന സമിതി കൺവീനർ ബംഭാണിയയുടെ മുന്നറിയിപ്പ് അവഗണിച്ചാണു നടപടി. ഹാർദിക്കിന്റെ നിർദേശാനുസരണമാണു പ്രവർത്തിച്ചത് എന്നാണു വസോയയുടെ മറുപടി. കോൺഗ്രസുമായുള്ള സഹകരണത്തിന്റെ പേരിൽ ബംഭാണിയയും ഹാർദിക്കും തമ്മിൽ ഇടയുന്നതായാണ് ഒടുവിലത്തെ സൂചന. 

ഗുജറാത്ത് വോട്ടെടുപ്പ്

ഡിസംബർ 9 -  (89 മണ്ഡലങ്ങൾ)

പത്രിക സമർപ്പണം നവംബർ 21 വരെ

ഡിസംബർ 14 - (93 മണ്ഡലങ്ങൾ)

പത്രിക സമർപ്പണം നവംബർ 27 വരെ