Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകസുന്ദരിയെച്ചൊല്ലി ഖട്ടർ–ഹൂഡ വാക്പോര്

Manushi-Chillar

ചണ്ഡിഗഡ് ∙ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഹരിയാനയുടെ പുത്രി മാനുഷി ഛില്ലറെ ആദരിക്കുന്നതു സംബന്ധിച്ചു ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ‌ ഖട്ടറും മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിങ് ഹൂഡയും തമ്മിൽ പൊരിഞ്ഞ വാക്പോര്.

khattar-hooda മനോഹർലാൽ‌ ഖട്ടർ, ഭുപീന്ദർ സിങ് ഹൂഡ

തർക്കം ഇങ്ങനെ:

ഹൂഡ: ഒളിംപിക്സിൽ സ്വർണ മെഡൽ നേടുന്നവർക്കു നൽകുന്നതു പോലെ മാനുഷിക്ക് ആറുകോടി രൂപയും ഒരു പ്ളോട്ടും ജോലിയും നൽകണം.
ഖട്ടർ: ഹൂഡയുടെ സ്വഭാവമാണിതു കാണിക്കുന്നത്. കാശും പ്ളോട്ടും എന്നു മാത്രമാണ് അദ്ദേഹത്തിന്റെ ചിന്ത. അതിനെക്കാളും ഉന്നതമായി ചിന്തിക്കണം. ഹൂഡ: കുടുംബമില്ലാത്തതുകൊണ്ടു പെൺമക്കളുടെ പ്രാധാന്യം ഖട്ടറിന് അറിഞ്ഞുകൂടാ. ഖട്ടറിനെ പഴി പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം മകളുള്ളയാൾക്കേ അതു മനസ്സിലാവൂ. (63 വയസ്സുള്ള ഖട്ടർ അവിവാഹിതനാണ്) പെൺമക്കൾക്കു പൂർണ ആദരം നൽകണം. ഇങ്ങനെ വിടുവായത്തം പറഞ്ഞ് അവരെ അപമാനിക്കരുത്.
ഖട്ടർ: വ്യക്തിപരമായ ഈ പരാമർശം എനിക്കു പ്രശ്നമല്ല. ഹൂഡയുടെ മനോഭാവമാണ് ഇതു വ്യക്തമാക്കുന്നത്. ഇത്ര തരംതാണ രാഷ്ട്രീയം കളിക്കരുത്. എനിക്കു സ്വന്തം കുടുംബമോ മകനോ മകളോ ഇല്ലെങ്കിലും ഹരിയാനയുടെ മക്കൾ എന്റെ മനസ്സിലുണ്ട്. അവരെയാണു കുടുംബമായി ഞാൻ കരുതുന്നത്. മാനുഷിയുമായി ചർച്ച നടത്തിയശേഷം എങ്ങനെ ആദരിക്കണമെന്നു തീരുമാനിക്കും. ഈ 30നു കുരുക്ഷേത്രയിൽ മാനുഷി എത്തുന്നുണ്ട്. ഡിസംബർ ഒന്നിനു സോനിപതിലും. സാമൂഹിക നന്മയ്ക്കായി മാനുഷിയുടെ സേവനം പ്രയോജനപ്പെടുത്താനാണ് ആലോചന. മത്സരത്തിൽ ലോകത്തിൽ ഏറ്റവും അധികം ശമ്പളം കിട്ടേണ്ട തൊഴിൽ ഏതെന്നു ചോദിച്ചപ്പോൾ മാനുഷി പറഞ്ഞത് പണത്തെക്കാൾ വലുതു സ്നേഹവും ആദരവും ആണെന്നും അമ്മമാർ മക്കൾക്കുവേണ്ടി വലിയ ത്യാഗം ചെയ്യുന്നവരാണെന്നും അതിനാൽ അമ്മമാർക്കാണ് ഏറ്റവും കൂടിയ ശമ്പളം ലഭിക്കേണ്ടതുമെന്നാണ്.
ഹൂഡ: വളരെ ഗൗരവമുള്ള വിഷയത്തെപ്പറ്റിയാണു ഞാൻ സംസാരിച്ചത്. ഒളിംപിക്സിൽ സ്വർണമെഡൽ കിട്ടുന്നവർക്കു നൽകുന്ന അതേ വിധത്തിൽ മാനുഷിയെയും ആദരിക്കണമെന്നാണു ​ഞാൻ പറഞ്ഞത്. സംസ്ഥാനത്തിനും രാജ്യത്തിനുമാകെ അഭിമാനം പകർന്നയാളാണു മാനുഷി.
ഖട്ടർ: ഹൂഡയ്ക്കു പെൺമക്കളെപ്പറ്റി ഇത്ര ആശങ്കയുണ്ടായിരുന്നെങ്കിൽ സംസ്ഥാനത്തെ ആൺപെൺ സന്തുലിതാവസ്ഥ തകിടംമറിയാൻ ഇടയാക്കിയ പെൺശിശുഹത്യ തടയാൻ എന്തുകൊണ്ടാണു നടപടി സ്വീകരിക്കാതിരുന്നത്?
ഹൂഡ: ഒളിംപിക്സിൽ വെങ്കല മെഡൽ ലഭിച്ച സാക്ഷി മാലിക്കിന് ഇതുവരെ സംസ്ഥാന സർക്കാർ ജോലി കൊടുത്തിട്ടില്ല. അതുപോലെ ജോലി കിട്ടേണ്ട മറ്റ് അനേകം താരങ്ങളുണ്ട്, അവരെല്ലാം കഴിഞ്ഞ മൂന്നു വർഷമായി നെട്ടോട്ടം ഓടുകയാണ്.
ഖട്ടർ: റയിൽവേയിലെ ജോലിയിൽ തുടരാനാണു സാക്ഷി താൽപര്യപ്പെടുന്നത്. ഹരിയാനയിലേക്കു വരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ സർക്കാർ ജോലി നൽകും.