വജ്രവും വസ്ത്രവും ജിഎസ്ടിയും; സൂറത്ത് എന്തു വിധിയെഴുതും?

സൂറത്തിലെ വജ്ര കട്ടിങ്- പോളിഷിങ് യൂണിറ്റിൽ നിന്ന്. ചിത്രം: വിഷ്ണു വി. നായർ

ജിഎസ്ടിയുടെ പേരിൽ ബിജെപിയും കോൺഗ്രസും പോർവിളിക്കുമ്പോൾ വജ്രത്തിന്റെയും വസ്ത്രത്തിന്റെയും വ്യവസായഭൂമിയായ സൂററ്റിലൂടെ..

ജൗളിയുടെ മണമാണു സൂററ്റ് പട്ടണത്തിന്. ഇവിടെ 165 മാർക്കറ്റുകളിലായി 70,000 തുണി വ്യാപാര കേന്ദ്രങ്ങളുണ്ട്. നിലത്തു മെത്ത വിരിച്ചിരുന്ന്, ഇടപാടുകാരെ കാത്തിരിക്കുന്ന വ്യാപാരികൾ. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നു ചെറുകിട കച്ചവടക്കാർ വരും. പ്രതിവർഷം 50,000 കോടി രൂപയുടെ വ്യാപാരം. ഇഴ പിരിച്ചു പറഞ്ഞാൽ പ്രതിദിനം നാലു കോടി മീറ്ററിന്റെ തുണിക്കച്ചവടം !

ഇവിടത്തെ വ്യാപാരികൾക്ക് ഇതുവരെ നികുതി എന്നാൽ ആദായ നികുതി മാത്രമായിരുന്നു. ജിഎസ്ടി നിലവിൽ വന്നതോടെ ചെറുകിട കച്ചവടക്കാരനിൽ നിന്നു വ്യാപാരികൾ അഞ്ചു ശതമാനം നികുതി ഈടാക്കണം. നൂലിനു 18 ശതമാനം ജിഎസ്ടി.

സമ്മിശ്ര പ്രതികരണമാണു വ്യാപാരികൾക്ക്. ‘വസ്ത്ര വിപണിയിൽ കച്ചവടം 40 ശതമാനത്തോളം കുറഞ്ഞു. ദിവസം നാലു കോടി മീറ്റർ തുണി വിറ്റത് ഒന്നര കോടി മീറ്ററായി കുറഞ്ഞു’- ഫെഡറേഷൻ ഓഫ് സൂററ്റ് ടെക്സ്റ്റൈൽസ് ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മനോജ് അഗർവാൾ പറയുന്നു. നികുതി വലയിലേക്കു വസ്ത്രമേഖലയെ കൊണ്ടുവന്നതിനെ സ്വാഗതം ചെയ്യുന്ന കച്ചവടക്കാരെ ഇവിടെ കാണാം.

നടപ്പാക്കിയ രീതിയോടാണു വിയോജിപ്പെന്നു മിൻകേഷ് എന്ന വ്യാപാര സ്ഥാപന ഉടമ മുകേഷ് അഗർവാൾ പറയുന്നു. ഉൽപന്നം നൂൽ മുതൽ തുണിത്തരം വരെ കുറഞ്ഞതു പത്തുപേരിലൂടെയെങ്കിലും കടന്നുപോകും. ഓരോ ഘട്ടത്തിലും ജിഎസ്ടി സംബന്ധിച്ച ആശയക്കുഴപ്പം ചില്ലറയല്ലെന്നും മുകേഷ്.

വജ്രമുന ആർക്കു നേരെ ?‌

സൂറത്തിലെ നൂറുകണക്കിനു കെട്ടിടങ്ങളിലായാണു രാജ്യത്തെ വജ്രവ്യാപാരം പൊടിപൊടിക്കുന്നത്. അസംസ്കൃത വജ്രക്കല്ല് ഇറക്കുമതി ചെയ്തു സംസ്കരിച്ചു കയറ്റുമതിചെയ്യുന്നു. പ്രതിവർഷം ഒരു ലക്ഷം കോടി രൂപയുടെ വജ്രക്കല്ല് ഇറക്കുമതി ചെയ്യുമ്പോൾ ഒന്നര ലക്ഷം കോടി രൂപയുടെ വജ്രം കയറ്റുമതി ചെയ്യുന്നതായി ദ് ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ റീജനൽ ചെയർമാൻ ദിനേശ് നവാഡിയ പറയുന്നു.

ജിഎസ്ടി വന്നശേഷം കയറ്റുമതി 22 ശതമാനം കുറഞ്ഞു. തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമോ എന്ന ചോദ്യത്തിനു നവാഡിയയുടെ തന്ത്രപൂർവമുള്ള മറുപടി. ‘ഗുജറാത്തിൽ എല്ലാ സർക്കാരുകളും വജ്രവ്യവസായത്തെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. ഇവിടെ ട്രേഡ് യൂണിയനുകൾ ഇല്ലെന്നു നിങ്ങളറിയണം’.

ബിജെപിയുടെ ‘വജ്രഖനി’

ആകെ വോട്ടർമാർ- 2.77 ലക്ഷം, സൂററ്റിലെ പ്രധാന മണ്ഡലങ്ങളിൽ പട്ടേൽ സമുദായത്തിൽപ്പെട്ടവരെയാണ് ബിജെപിയും കോൺഗ്രസും സ്ഥാനാർഥികളാക്കിയിരിക്കുന്നത്. സൂററ്റ് ലോക്സഭാ മണ്ഡലത്തിൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതു ബിജെപി.