Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരങ്ങൊഴിഞ്ഞു, പ്രണയനായകൻ; ശശികപൂർ ഇനി കാതരമായ ഓർമ

shashi-kapoor

മുംബൈ∙ ഇന്ത്യൻ സിനിമയുടെ പ്രണയനായകൻ ശശികപൂർ (79) ഇനി കാതരമായ ഓർമ. വൃക്കസംബന്ധമായ രോഗത്തെത്തുടർന്ന് അന്ധേരി കോകില ബെൻ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ.

ഇന്ത്യൻ സിനിമയുടെ തലതൊട്ടപ്പൻമാരായ കപൂർ കുടുംബത്തിലെ പൃഥിരാജ് കപൂറിന്റെ മകനായി ജനിച്ച ശശികപൂർ എഴുപതുകളിലും എൺപതുകളിലും ബോളിവുഡിന്റെ ഉജ്ജ്വല റൊമാന്റിക് മുഖമായിരുന്നു. പിതാവിന്റെ നാടക കമ്പനിയിലൂടെ നാലാം വയസിലാണ് അഭിനയ രംഗത്തെത്തിയത്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ രാജ്കപൂറിന്റെയും ഷമ്മി കപൂറിന്റെയും അനുജനാണ്.

Shashi Kapoor ശശികപൂർ

അൻപതുകളിൽ തുടങ്ങി എൺപതുകൾ വരെ നടനും സംവിധായകനും നിർമാതാവുമായി ശശികപൂ‍ർ ഹിന്ദിസിനിമയുടെ വിവിധ മേഖലകളിൽ തിളങ്ങി. 1979ൽ ജൂനൂണിലൂടെ മികച്ച ചിത്രത്തിന്റെ നിർമാതാവിനുള്ള ദേശീയ പുരസ്കാരം നേടി. 1961ൽ ധർമപുത്രയിലൂടെയാണ് നായകനായി അരങ്ങേറിയത്. ദീവാർ, കഭീ കഭീ, നമക് ഹലാൽ, ജബ് ജബ് ഫൂൽഖിലെ എന്നിവയെല്ലാം ശശിയുടെ സൂപ്പർ ഹിറ്റുകളാണ്.പന്ത്രണ്ടോളം ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.

ബ്രിട്ടിഷ് നടി ജെനിഫർ കെൻഡലാണു ഭാര്യ. കാൻസർ ബാധിച്ച് 1984ൽ ജെനിഫർ മരിച്ചു. ബോളിവുഡ് സംവിധായകനും നടനും നിർമാതാവുമായ കുനാൽ കപൂർ, നടനും ഫൊട്ടോഗ്രഫറുമായ കരൺ കപൂർ, ന‍ടിയും നാടക പ്രവർത്തകയുമായ സഞ്ജന കപൂർ എന്നിവരാണു മക്കൾ. പത്‌മഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ് എന്നിവ നൽകി രാഷ്ട്രം ആദരിച്ചിരുന്നു.