Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുലീനനായ സ്വപ്നസഞ്ചാരി

Shashi Kapoor ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ദാനചടങ്ങിൽ ശശികപൂർ മകൾ സഞ്ജന കപൂറിനൊപ്പം

ശ്വാസകോശത്തിൽ കാൻസർ ബാധിച്ചാണ് ശശികപൂറിന്റെ ഭാര്യയും ബ്രിട്ടിഷ് നടിയുമായ ജെനിഫർ കെൻഡൽ മരിച്ചത്. കടുത്ത പുകവലിയാണ് ജെനിഫറിന് കാൻസർ സമ്മാനിച്ചത്. 1984 ൽ ജെനിഫറിന്റെ മരണശേഷം ശശിയും പുകവലിച്ചിട്ടില്ല. പിന്നീട് അദ്ദേഹം തന്റെ ട്രൂപ്പുമായി ലോകപര്യടനത്തിനിറങ്ങി. അന്നു സമാഹരിച്ച പണം കൊണ്ട് മുംബൈ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കു താമസിക്കാൻ ഡോർമിട്രി പണിതു. രാത്രിയിൽ നഗരത്തിലൂടെ കാറോടിച്ചു വരുമ്പോൾ തെരുവിൽ കിടന്നുറങ്ങുന്നവരുടെ അവസ്ഥ കണ്ട് മനസ്സു തകർന്നാണ് ശശി കപൂർ അത്തരമൊരു തീരുമാനമെടുത്തത്.

ജെനിഫറും ശശികപൂറും കൊൽക്കത്തയിലെ നാടകേവദികളിലാണ് കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. ശശികപൂർ പിതാവ് പൃഥിരാജ് കപൂറിന്റെ നാടകട്രൂപ്പിലും ജെനിഫർ അവരുടെ പിതാവ് ജെഫ്രി കാൻഡിലിന്റെ ഷേക്സ്പിയറിന എന്ന നാടകട്രൂപ്പിലും. പേരക്കുട്ടികളെ കാണാതെ ജെനിഫർ മടങ്ങിയതാണ് തന്റെ ഏറ്റവും വലിയ വേദനയെന്ന് ശശി പറയുമായിരുന്നു.  ജീവിതത്തിൽ എന്നും വ്യത്യസ്തനായിരുന്നു ശശികപൂർ. പൃഥിരാജ് കപൂറിന്റെ മക്കളിൽ മൂത്തയാൾ രാജ്കപൂർ ഷോമാനായി തിളങ്ങി. രണ്ടാമൻ ഷമ്മി യുവാക്കളുടെ ഹരമായി. എന്നാൽ കപൂർ കുടുംബത്തിന്റെ പരമ്പരാഗത സ്വത്തായ ഇറുകിയ കണ്ണുകളും വശ്യതയും ലഭിച്ച ഇളയമകൻ ശശികപൂർ അഭിനയത്തിലും ജീവിതത്തിലും സ്വപ്നസഞ്ചാരിയും കർമനിരതനുമായിരുന്നു.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയനായകനാണ് ശശികപൂർ. നായക നിരയിൽ കടുത്ത മൽസരത്തിന്റെ കാലഘട്ടം ബോളിവുഡിൽ തുടങ്ങിയ സമയമായിരുന്നു അത്. തൊട്ടതെല്ലാം പൊന്നാക്കിയ രാജേഷ് ഖന്ന നായകനായി നിറഞ്ഞുനിന്ന കാലം. ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായി അമിതാഭ് ബച്ചൻ ഉദിച്ചുയർന്ന സമയം. ധർമേന്ദ്ര, വിനോദ് ഖന്ന, ജിതേന്ദ്ര തുടങ്ങിയവരും വിജയ സിനിമകളുടെ രസക്കൂട്ടായി മാറിയ എഴുപതുകളും എൺപതുകളും.

ശശികപൂറിന്റെ സൗന്ദര്യത്തിനു നിഷ്‌കളങ്കതയുടെ പരിവേഷമുണ്ടായിരുന്നു. ഹിപ്പി തലമുടിയും കുസൃതി നിറഞ്ഞ കണ്ണുകളും വശ്യമായ ചിരിയും മനോഹരമായ സംഭാഷണരീതിയും ശശികപൂറിനെ വ്യത്യസ്‌തനാക്കി. ഗാനരംഗങ്ങളുടെ ചടുലതയിൽ ശശി കൈകോർത്തു പാടിയ പ്രണയഗാനങ്ങളും നായികമാരും തലമുറയുടെ നെഞ്ചിൽ തീകോരിയിട്ടു.

ഹിന്ദിയിലെ മികച്ച പ്രണയജോടികളുടെ നിരയിൽ ശശിക്കൊപ്പം കൈകോർത്തവരിൽ അന്നത്തെ സൂപ്പർ നായിക നന്ദയായിരുന്നു സ്ക്രീനിലെ ഹൃദയേശ്വരി. നന്ദയുമൊത്തുള്ള ജബ് ജബ് ഫൂൽകിലെ, മുഹബത് ഇസ്കോ കഹത്തെ ഹൈൻ, രാജാസാബ് എന്നിവ വലിയ വാണിജ്യ വിജയങ്ങൾ നേടിയത് ശശിയുടെ തിരിച്ചുവരവിന്റെ തുടക്കമായി. ധർമപുത്ര, പ്രേംപത്ര, ചാർദിവാരി എന്നീ തുടക്ക സിനിമകളുടെ പരാജയത്തിൽ നിന്നാണ് ശശിയുടെ നായകനായുള്ള അരങ്ങേറ്റം.

ബോളിവുഡിൽ നിന്ന് നേരേ ഹോളിവുഡിലേക്ക് പറന്ന ശശി ഹൗസ്ഹോൾഡർ, ഷേക്സ്പിയർ വാല എന്നീ ചിത്രങ്ങളിലൂടെ രാജ്യാന്തര സിനിമയിൽ നായകനായി. ഇന്ത്യൻ സിനിമയിൽ ബ്രിട്ടിഷ് ശൈലിയിൽ ഇംഗ്ലിഷ് സംസാരിച്ചിരുന്ന അപൂർവ നടൻമാരിലൊരാളായിരുന്നു ശശികപൂർ. ഇംഗ്ലിഷ് സിനിമകളിൽ ഇംഗ്ലിഷുകാരനായും അഭിനയിച്ചു. മർച്ചന്റ് ഐവറി പ്രൊഡക്​ഷൻസിന്റെ ചിത്രങ്ങളിൽ ആദ്യം ഭാര്യ ജെനിഫറും പിന്നീട് ശശിയും അവിഭാജ്യ ഘടകമായി. ബോളിവുഡിലെ നായകർ മരംചുറ്റി പ്രണയത്തിലേ‍ർപ്പെട്ടിരിക്കുമ്പോൾ ശശി ആറ് ഹോളിവുഡ് സിനിമകളിലെ നായകനായൊരു കാലം.

ഹോളിവുഡിൽ നിന്നു തിരികെ വന്നപ്പോൾ ശശിയെ വലിയ രീതിയിൽ പ്രോൽസാഹിപ്പിച്ചത് നന്ദയായിരുന്നു. നന്ദയ്ക്കു ശേഷം രാഖിയും ഷർമിള ടഗോറും ശശിയുടെ ഭാഗ്യജോടികളായി. രാഖിയുമൊത്ത് ഷാർമിളി, കഭികഭി, ബസേര. ഷർമിളയുമൊത്ത് പാപ് ഔർ പുണ്യ, സ്വാതി. സീനത്ത് അമനൊപ്പം സത്യം ശിവം സുന്ദരം. രാജ്കപൂറാണ് അനുജനെ നായകനാക്കി സത്യം ശിവം സുന്ദരം നിർമിച്ചത്. സിനിമ നിർമിച്ചപ്പോൾ ശശികപൂർ കലാമൂല്യമുള്ള കഥകളുടെ പിന്നാലെ പോയി. ജൂനൂണിലൂടെ മികച്ച സിനിമയുടെ നിർമാതാവിനുള്ള ദേശീയ പുരസ്കാരം നേടി. ഉൽസവും കലിയുഗും 36 ചൗരംഗി ലെയ്നും ശശിയെ നിർമാണരംഗത്ത് വേറിട്ട സിനിമകളുടെ ഉടമയാക്കി. അഭിനയിച്ചു നേടിയ പണമെല്ലാം നിർമിച്ച ആറുസിനിമകൾ കൊണ്ടുപോയെന്നാണ് ഇതേക്കുറിച്ച് ശശിയുടെ നിരീക്ഷണം. തന്റെ സിനിമകൾ ബുദ്ധിജീവികളും സാധാരണക്കാരും കാണണമെന്ന് ശശി ആഗ്രഹിച്ചു. ജ്യേഷ്ഠ പുത്രൻ ഋഷികപൂർ സിനിമയിൽ സജീവമായതോടെ ശശി പതിയെ ഉൾവലിഞ്ഞു. തൊണ്ണൂറുകളുടെ തുടക്കത്തിനു ശേഷം അഭിനയത്തിൽ നിന്ന് പൂർണമായും പിൻമാറി. താരരാജകുമാരനായിട്ടും സിനിമയുടെ മഞ്ഞക്കോളങ്ങൾക്കു പിടികൊടുക്കാതെ പ്രശസ്തിയിൽ അഭിരമിക്കാതെ അഭിജാതനായി ജീവിക്കാൻ ശശി കപൂറിനു കഴിഞ്ഞു.