അഞ്ചു തലമുറ കടന്ന കലാകുടുംബമഹിമ

ഒരു കപൂർ കുടുംബചിത്രം... നടുവിൽ ഇരിക്കുന്നത് രാജ് കപൂർ. മുൻനിരയിൽ വലത് ഋഷി കപൂർ. പിൻനിരയിൽ രൺധീർ കപൂർ, ഷമ്മി കപൂർ, ശശി കപൂർ, ഭാര്യ ജെനിഫർ കെൻഡൽ (വലത്തേ അറ്റം).

ശശികപൂർ വിടവാങ്ങുമ്പോൾ കപൂർ കുടുംബമെന്ന വംശവൃക്ഷത്തിന്റെ ഒരു ചില്ല വീഴുകയാണ്. ഇന്ത്യൻ സിനിമയിലെ പ്രഥമ കുടുംബമാണു ‘കപൂർ ഫാമിലി’. ഇന്ത്യൻ സിനിമയ്ക്കു ഗ്ലാമർ പരിവേഷം പകർന്ന, അഞ്ചു തലമുറകൾ കടന്ന സൂപ്പർതാര പരിവേഷം. പൃഥ്വിരാജ് കപൂർ തുടക്കമിട്ട കലാപാരമ്പര്യവും കുടുംബമഹിമയും രാജ്കപൂർ അതേ പ്രൗഢിയോടെ മുന്നോട്ടു നയിച്ചു.

അവിഭക്ത ഇന്ത്യയിലെ പെഷവാറിൽ നിന്ന് 1920കളിലാണ് പൃഥ്വിരാജ് കപൂർ മുംബൈയിലെത്തിയത്. നാൽപതുകളുടെ തുടക്കത്തിൽ പൃഥ്വി എന്ന തിയറ്റർ കമ്പനിക്കു തുടക്കമിട്ടു. ആർകെ സ്റ്റുഡിയോ സ്ഥാപിച്ച് രാജ്കപൂർ അതിന്റെ ശാഖകൾ സിനിമയിലേക്കു പടർത്തി. മക്കളെയും സഹോദരങ്ങളെയുമെല്ലാം രാജ് കപൂർ സിനിമയിലേക്കു കൈപിടിച്ചു നടത്തി. സഹോദരങ്ങളായ ശശികപൂർ, ഷമ്മി കപൂർ എന്നിവരും സിനിമയിൽ നിറഞ്ഞുനിന്ന കാലം കപൂർ കുടുംബത്തിന്റെ സുവർണകാലമായി.

രാജ്കപൂറിന്റെ മക്കളായ രൺധീർ കപൂറും ഋഷി കപൂറും എൺപതുകളിൽ ആ പാരമ്പര്യത്തിന്റെ തുടർച്ചക്കാരായി. രാജ് കപൂറിന്റെ പേരമകനെയാണ് അമിതാഭ് ബച്ചന്റെ മകൾ വിവാഹം ചെയ്തത്. തൊണ്ണൂറുകളിൽ രൺധീറിന്റെ പെൺമക്കളായ കരിഷ്മയും കരീനയും ആ വിജയപതാക ഏറ്റുവാങ്ങി. കരീന താരറാണിയായി തുടരുമ്പോൾ തന്നെ യുവത്വത്തിന്റെ ഹരമായി ഋഷി കപൂറിന്റെ മകൻ രൺബീർ കപൂറും രംഗത്തുണ്ട്.