ഞാൻ ശശി കപൂറിനെ ആദ്യം കാണുന്നത് മുംബൈയിലെ പൃഥ്വി തിയറ്ററിൽ വച്ചാണ്. സിനിമയുടെ സുവർണകാലത്തു നാടകത്തിനു വേണ്ടി പൃഥിരാജ് കപൂറിന്റെ പേരിൽ നിർമിച്ച തിയറ്ററാണിത്. ഇന്നും അവിടെ നാടകം കാണണമെങ്കിൽ മാസങ്ങൾക്കു മുൻപേ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കണം.
ഇന്ത്യൻ സിനിമയിലെ ഏറ്റവും സുന്ദരനായ മനുഷ്യനായിരുന്നു ശശി കപൂർ. ആരും മോഹിച്ചു പോകുന്ന സൗന്ദര്യം. അമിതാഭ് ബച്ചന്റെ അനുജനായിപ്പോലും അഭിനയിച്ചു. അന്ന് എല്ലാവരും പറഞ്ഞിരുന്നതു ബച്ചനാണു പ്രായം കൂടുതലെന്നാണ്. ഒരിക്കലും മുഖത്തു നിന്ന് പ്രായം കണ്ടെത്താനാകില്ല. ഹോളിവുഡിലേക്കു പോയ ആദ്യത്തെ ഇന്ത്യൻ നടനാണ് അദ്ദേഹം. അത് അഭിനയംകൊണ്ടു മാത്രമല്ല, ഭംഗികൊണ്ടു കൂടിയാണ്.
ഞാൻ പൃഥ്വി തിയറ്ററിൽ കണ്ടതു മെലിഞ്ഞ, ചെറുപ്പക്കാരനായ ശശി കപൂറിനെയല്ല. തടിച്ചു വലിയ മനുഷ്യനെയാണ്. നടക്കാനും എഴുന്നേൽക്കാനുമെല്ലാം ശരീരം തടസ്സം നിൽക്കുന്ന കാലം. മുഖം മാത്രം മാറിയിട്ടില്ല. മെലിഞ്ഞ, സുന്ദരനായ മനുഷ്യൻ എങ്ങനെ ഇത്ര തടിച്ചുവെന്നു ഞാൻ അദ്ദേഹത്തിന്റെ മകളും എന്റെ സുഹൃത്തുമായ സഞ്ജന കപൂറിനോടു ചോദിച്ചു. അവർ പറഞ്ഞു, എന്റെ അമ്മ ജനിഫർ കപൂർ മരിക്കുന്നതുവരെ അച്ഛൻ മെലിഞ്ഞ മനുഷ്യനായിരുന്നു. എന്നാൽ അതിനു ശേഷമാണ് അച്ഛൻ തടിവച്ചു വലുതായത്. എന്തുകൊണ്ടാണ് ഇതെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, ‘എന്റെ ജനിഫർ മരിക്കുന്നതുവരെ അവർ തരുന്നതു മാത്രമേ ഞാൻ കഴിച്ചിട്ടുള്ളൂ. അവർ പറയുന്നതനുസരിച്ചുമാത്രമേ ഞാൻ ജീവിച്ചിട്ടുള്ളൂ. ഞാൻ സുന്ദരനായി കാണുന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സന്തോഷം. ജനിഫറിന്റെ സന്തോഷമായിരുന്നു എന്റെ സന്തോഷം. ജനിഫർ ഇല്ലാതായതോടെ ജീവിതത്തിൽ സന്തോഷത്തിനു വലിയ സ്ഥാനമില്ലാതായി. എന്റെ എല്ലാം ജനിഫറായിരുന്നു. അവരില്ലാതായതോടെ ഞാൻ ഇഷ്ടംപോലെ ജീവിക്കുന്നു. മകളായ ഞാൻ നിർബന്ധിച്ചാൽ അച്ഛൻ ചിട്ടയോടെ ജീവിക്കുമായിരുന്നു. എന്നാൽ അച്ഛനിഷ്ടം അമ്മയുടെ അച്ചടക്കം ഓർത്ത് ഇതുപോലെ ജീവിക്കുന്നതായിരുന്നു. അതുകൊണ്ടു ഞാനും നിയന്ത്രിച്ചില്ല.’
കപൂർ കുടുംബത്തിലെ സ്നേഹമാണ് അന്നു ഞാൻ കണ്ടെത്തിയത്. ഓരോരുത്തരും മറ്റൊരാളുടെ സ്നേഹത്തിനുവേണ്ടി ജീവിക്കുന്നു. ഭാര്യയ്ക്കു വേണ്ടി ജീവിക്കുന്ന ഭർത്താവ്, അച്ഛനു വേണ്ടി ജീവിക്കുന്ന മകൾ... അങ്ങനെ തുടരുന്നു. ഞാൻ സംവിധാനം ചെയ്ത ഹേരാ ഫേരി എന്ന സിനിമ ഇറങ്ങിയ കാലത്തായിരുന്നു ഈ കൂടിക്കാഴ്ച. എന്നോടു വലിയ അടുപ്പം കാണിച്ചു. ഒരു പുതുതലമുറക്കാരനു കിട്ടാവുന്ന വലിയ ആദരം. അന്നദ്ദേഹം കുറെ ചിരിച്ചു. സിനിമയുടെ ഉന്നതങ്ങളിൽ നിന്നുകൊണ്ട് അദ്ദേഹം നാടകത്തിനുവേണ്ടി പൃഥ്വി തിയറ്റർ എന്ന വിലമതിക്കാനാകാത്ത സദസ്സുണ്ടാക്കി കൊടുത്തു. അതുതന്നെയാണ് അദ്ദേഹത്തിന്റെ സ്മാരകവും.