ആഘോഷക്കൊടിയേറ്റി ഡിഎംകെ; പട്യാല ഹൗസ് കോടതി വളപ്പിൽ പാർട്ടി പ്രവർത്തകരുടെ വേലിയേറ്റം

വിധി കേട്ട് സിബിഐ പ്രത്യേക കോടതിക്കു മുന്നിൽ ആഹ്ലാദപ്രകടനം നടത്തുന്ന ഡിഎംകെ പ്രവർത്തകർ.

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു വിജയത്തിനു സമാനമായ അവസ്ഥയായിരുന്നു പട്യാല ഹൗസ് കോടതി വളപ്പിനു മുന്നിൽ. ഡിഎംകെയുടെ കൊടികളും പ്ലക്കാർഡുകളും. കടുത്ത തണുപ്പിനെ അവഗണിച്ചു മുദ്രാവാക്യം വിളികളുമായി നൂറുകണക്കിനു പ്രവർത്തകർ. 2ജി അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി എ.രാജ, രാജ്യസഭാംഗം കനിമൊഴി എന്നിവരുൾപ്പെടെ 17 പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധി പാർട്ടി പ്രവർത്തകർ ആഘോഷമാക്കി.

രാവിലെ എട്ടുമണിമുതൽ കോടതി പരിസരത്തു പ്രവർത്തകരുടെ തിരക്കായിരുന്നു. പത്തുമണിയോടെ രാജയും കനിമൊഴിയുമെത്തി. ഏറെ പ്രതീക്ഷയോടെ നിറഞ്ഞ ചിരിയുമായി കുടുംബസമേതമാണ് ഇരുവരും വിധി കേൾക്കാനെത്തിയത്. കോടതി മുറിയിൽ ഡിഎംകെ അംഗങ്ങൾ നിറഞ്ഞതോടെ സൂചികുത്താൻ ഇടമില്ലെന്നായി. പ്രതികൾക്കും അഭിഭാഷകർക്കും ഉള്ളിലേക്കു പ്രവേശിക്കാൻ സാധിക്കാതെവന്നതോടെ സിബിഐ പ്രത്യേക കോടതി ജഡ്ജി അതൃപ്തി അറിയിച്ചു. പാർട്ടി പ്രവർത്തകരെ പുറത്തിറക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ഒടുവിൽ രാജ ഇടപെട്ടതോടെയാണു പ്രവർത്തകർ കോടതിമുറിവിട്ടത്. പിന്നാലെ കേസിന്റെ നടപടികൾ ആരംഭിച്ചു.

രണ്ടു വാചകങ്ങളിലൊതുങ്ങിയ വിധിക്കു പിന്നാലെ പുറത്ത് ആഹ്ലാദക്കൊടിയേറ്റം. പടക്കംപൊട്ടിക്കലും ആർപ്പുവിളികളുമായി വിജയാഘോഷം. രാജയെ ഇന്ത്യൻ ടെലികമ്യൂണിക്കേഷന്റെ നായകനെന്നു വിശേഷിപ്പിച്ച പ്ലക്കാർഡുകളുമേന്തി പാർട്ടി പ്രവർത്തകർ കോടതിക്കു മുന്നിൽ നൃത്തം ചെയ്തു. കോടതിയിൽനിന്നു പുറത്തെത്തിയ കനിമൊഴി ആദ്യം പാർട്ടി പ്രവർത്തകർക്കു മുന്നിൽ നന്ദിപൂർവം കൈകൂപ്പി. പിന്നാലെ രാജയുമെത്തി. പൂമാലയും മധുരവുമായി പ്രിയനേതാവിനെ പ്രവർത്തകർ ഏറ്റെടുത്തു. കനിമൊഴി വീട്ടിലേക്കു മടങ്ങിയെങ്കിലും ഉച്ചവരെ കോടതിയിൽ ചെലവഴിച്ചു വിധിപ്പകർപ്പും വാങ്ങിയശേഷമാണു രാജ മടങ്ങിയത്. അതുവരെ കോടതി വളപ്പിൽ ഡിഎംകെ പ്രവർത്തകരുടെ ആഘോഷവും പൊടിപൊടിച്ചു. കനിമൊഴി എംപിയുടെ വസതിയിലും പ്രവർത്തകർ മധുരവിതരണം നടത്തി.